റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ ഞാന്‍ സന്തുഷ്ടനായിരുന്നില്ല; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് മോദി എനിക്ക് ഇന്ന് ഉറപ്പു നല്‍കി; അതൊരു വലിയ ചുവടുവയ്പ്പ്; ഇനി ചൈനയെയും ഇത് ചെയ്യാന്‍ ഞങ്ങള്‍ പ്രേരിപ്പിക്കും! ട്രംപിന്റെ ഈ വാക്കുകള്‍ ശരിയോ? ഇന്ത്യന്‍ പ്രതികരണം നിര്‍ണ്ണായകം; റഷ്യന്‍ എണ്ണ ഇറക്കുമതിയിലെ കുറവും ചര്‍ച്ചകളില്‍
വാഷിങ്ടന്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്പ്പായിരിക്കുമതെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ഇതേകുറിച്ചുള്ള ചോദ്യത്തിന് വാഷിങ്ടനിലെ ഇന്ത്യന്‍ എംബസി പ്രതികരിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. ഈ വിഷയത്തില്‍ ഇന്ത്യയുടെ പ്രതികരണം നിര്‍ണ്ണായകമാകും. ഏതായാലും ട്രംപ് പറഞ്ഞത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാണ്. യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ തന്ത്രമാണ് റഷ്യയെ ഒറ്റപ്പെടുത്തുകയെന്നത്.
യുക്രെയ്നുമായുള്ള യുദ്ധം തുടരുന്ന റഷ്യയുടെ എണ്ണയില്‍ നിന്നുള്ള വരുമാനം വരുമാനം തടയുകയാണ് ലക്ഷ്യം.
'റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ ഞാന്‍ സന്തുഷ്ടനായിരുന്നില്ല. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി എനിക്ക് ഇന്ന് ഉറപ്പുനല്‍കി. അതൊരു വലിയ ചുവടുവയ്പ്പാണ്. ഇനി ചൈനയെയും ഇത് ചെയ്യാന്‍ ഞങ്ങള്‍ പ്രേരിപ്പിക്കും' വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. കയറ്റുമതി ഉടനടി നിര്‍ത്താന്‍ ഇന്ത്യക്ക് കഴിയില്ലെന്നും ഇതിന് ചെറിയ പ്രക്രിയ ഉണ്ടെന്നും എന്നാല്‍ ആ പ്രക്രിയ ഉടന്‍ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ തീരുമാനിച്ചാല്‍ ആഗോള ഊര്‍ജ നയതന്ത്രത്തില്‍ ഒരു വഴിത്തിരിവുണ്ടാകും. റഷ്യന്‍ എണ്ണ ഇപ്പോഴും ഇറക്കുമതി ചെയ്യുന്ന മറ്റു രാജ്യങ്ങളെയും ഇതു സ്വാധീനിച്ചേക്കാം.
റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താന്‍ ഉഭയകക്ഷി ബന്ധങ്ങള്‍ ഉപയോഗിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. അതിന് ഇന്ത്യ വഴങ്ങുമോ എന്നതാണ് ഉയരുന്ന ചോദ്യം. ട്രംപിന്റെ സമ്മര്‍ദ്ദം ഇന്ത്യ അംഗീകരിച്ചിരുന്നില്ല. റഷ്യയില്‍ നിന്നും കൂടുതല്‍ എണ്ണ വാങ്ങുകയും ചെയ്തു. ഈ നിലപാട് തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനിടെയാണ് ട്രംപിന്റെ പുതിയ അവകാശവാദം. ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങാല്‍ ആഗോള ചര്‍ച്ച വിഷയമാണ്. ഇതേത്തുടര്‍ന്നാണ് ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 50% നികുതി ചുമത്തിയത്. ഈ വമ്പന്‍ തിരിച്ചടിക്കു ശേഷവും ഇന്ത്യന്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുന്നതാണ് ലോകം കണ്ടത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത് ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങലില്‍ കുറവുണ്ടായിരിക്കുന്നുവെന്നാണ്. ഇതിനിടെയാണ് ട്രംപിന്റെ പ്രസ്താവനയും.
നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള (ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ) കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ 8.4 ശതമാനം കുറവുണ്ടായി. റഷ്യന്‍ എണ്ണയില്‍ നേരിടുന്ന വിതരണ തടസമാണ് ഇറക്കുമതി കുറയാനുള്ള പ്രധാന കാരണം. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ കമ്പനികള്‍ മിഡില്‍ ഈസ്റ്റ്, യുഎസ് വിപണികളില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുകയായിരുന്നു. വിവിധ വ്യാപാര സ്രോതസുകളും, ഷിപ്പിംഗ് ഡാറ്റയും ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതും. റഷ്യന്‍ എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യയ്ക്കുമേല്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്ന രാജ്യം അമേരിക്കയാണ്. ഇന്ത്യയുടെ റഷ്യന്‍ വാങ്ങലുകള്‍ യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് ഇന്ധനമാകുന്നുവെന്ന് ഏറ്റവും ഒടുവില്‍ പ്രതികരിച്ചത് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ ആണ്. യുക്രൈന്‍ യുദ്ധത്തിനു മുമ്പ് ഇന്ത്യയുമായുള്ള വ്യാപരത്തില്‍ റഷ്യയുടെ സ്ഥാനം വളരെ ചെറുതായിരുന്നു.
കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സെപ്റ്റംബറില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, നയാര എനര്‍ജി തുടങ്ങിയ സ്വകാര്യ റിഫൈനറികള്‍ റഷ്യന്‍ എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം പൊതുമേഖല റിഫൈനറികളില്‍ വെട്ടിക്കുറവ് വ്യക്തമാണ്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഇന്ത്യ യുഎസില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി 6.8% വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ഏകദേശം റഷ്യന്‍ എണ്ണ ഇറക്കുമിതില്‍ ഉണ്ടായ ഇടിവിനോട് ഒത്തുപോകുന്നതുമാണ്. ഇതിനിടെയാണ് ട്രംപ് അവകാശ വാദവുമായി എത്തുന്നത്.