നാലു തവണ ട്രംപ് ഫോണ്‍ വിളിച്ചിട്ടും എടുക്കാത്ത മോദി; അമേരിക്കന്‍ പ്രസിഡന്റിന് കൈ കൊടുക്കാനും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് താല്‍പ്പര്യമില്ല; ഐക്യരാഷ്ട്ര സഭാ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ മോദി പോകില്ല; അമേരിക്കന്‍ യാത്ര ഒഴിവാക്കുന്നതിന് പിന്നില്‍ നയതന്ത്ര സന്ദേശം നല്‍കല്‍; റഷ്യന്‍ എണ്ണ ഇനിയും വാങ്ങും

Update: 2025-09-06 04:14 GMT

ന്യൂഡല്‍ഹി: റഷ്യയ്കും ചൈനയ്ക്കും കൈകൊടുത്ത ഇന്ത്യ തല്‍കാലം അമേരിക്കയ്ക്ക് കൈകൊടുക്കില്ല. ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ പങ്കെടുത്തേക്കും. ഇതിന് കാരണം അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കണമെന്ന മോദിയുടെ തീരുമാനമാണ്. റഷ്യന്‍ എണ്ണ ഇന്ത്യ ഇനിയും വാങ്ങുമെന്ന നിലപാട് പ്രഖ്യാപനവും ഇതിലുണ്ട്.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കുമേല്‍ പിഴ തീരുവ ചുമത്തിയതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന താരിഫ് സംഘര്‍ഷം മൂര്‍ച്ഛിക്കുകായണ്. മോദിയെ അനുനയിപ്പിക്കാന്‍ ട്രംപ് സജീവമായി ഇടപെടല്‍ നടത്തുന്നുണ്ട്. അ്‌പ്പോഴും ചിലര്‍ ഇന്ത്യയെ വിമര്‍ശിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ നിര്‍ണ്ണായക തീരുമാനം എടുക്കുന്നത്. ഐക്യരാഷ്ട്ര സഭാ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നവരുടെ താത്കാലിക പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇടംപിടിച്ചിരുന്നു. എന്നാല്‍ പുതുക്കിയ പട്ടിക പ്രകാരം ഇന്ത്യയെ ഒരു മന്ത്രി പ്രതിനിധീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതായത് നേരത്തെ മോദി എത്തുമെന്ന സൂചന യുഎന്നിന് ഇന്ത്യ നല്‍കിയിരുന്നുവെന്ന് സാരം.

യുഎന്‍ പൊതുസഭയുടെ 80-ാം സമ്മേളനത്തിലെ ഉന്നതതല പൊതുചര്‍ച്ച സെപ്റ്റംബര്‍ 23 മുതല്‍ 29 വരെയാണ് നടക്കുക. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സെപ്റ്റംബര്‍ 23 നാണ് ലോക നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുക. രണ്ടാം തവണ യുഎസ് പ്രസിഡന്റായ ശേഷം യുഎന്‍ സമ്മേളനത്തില്‍ ട്രംപിന്റെ ആദ്യ പ്രസംഗമായിരിക്കുമിത്. ജൂലായില്‍ പുറത്തിറക്കിയ പ്രാസംഗികരുടെ മുന്‍ താല്‍ക്കാലിക പട്ടിക പ്രകാരം, പ്രധാനമന്ത്രി മോദി സെപ്റ്റംബര്‍ 26-ന് പൊതുചര്‍ച്ചയെ അഭിസംബോധന ചെയ്യേണ്ടതായിരുന്നു. ഇസ്രായേല്‍, ചൈന, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ഭരണത്തലവന്മാര്‍ സെപ്റ്റംബര്‍ 26-ന് യുഎന്‍ പൊതുസഭയിലെ പൊതുചര്‍ച്ചയെ അഭിസംബോധന ചെയ്യുന്നുണ്ട്.

ഇന്ത്യയും യുഎസും തമ്മില്‍ പ്രത്യേക ബന്ധമുണ്ടെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചിട്ടുണ്ട്. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെ, ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ തയാറാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ട്രംപ്. ''നരേന്ദ്ര മോദിയുമായി ഞാന്‍ എപ്പോഴും സൗഹൃദത്തിലായിരിക്കും. അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. അദ്ദേഹം മഹാനാണ്. പക്ഷേ ഇപ്പോള്‍ അദ്ദേഹം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ട്. വിഷമിക്കേണ്ട കാര്യമില്ല. ചില സമയത്തു മാത്രമേ പ്രശ്‌നങ്ങള്‍ ഉള്ളൂ'' ട്രംപ് പറഞ്ഞിരുന്നു.

ഇന്ത്യ റഷ്യയില്‍ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നത് വളരെ നിരാശാജനകമാണെന്നും ട്രംപ് പറഞ്ഞു. ''ഇന്ത്യ റഷ്യയില്‍ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതില്‍ എനിക്ക് വളരെ നിരാശയുണ്ട്, ഞാന്‍ അത് അവരെ അറിയിച്ചു. ഞങ്ങള്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തി, 50 ശതമാനം തീരുവ. എനിക്ക് നരേന്ദ്ര മോദിയുമായി വളരെ നല്ല ബന്ധമുണ്ട്, അദ്ദേഹം വളരെ മികച്ച നേതാവാണ്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ഇവിടെ ഉണ്ടായിരുന്നു'' ഇന്ത്യയെയും റഷ്യയെയും യുഎസിന് നഷ്ടമായെന്ന പോസ്റ്റിനുള്ള പ്രതികരണമായി ട്രംപ് പറഞ്ഞു.

'ഇന്ത്യയെയും റഷ്യയെയും നമുക്ക് നഷ്ടമായെന്നാണ് തോന്നുന്നത്, ദുരൂഹമായ ചൈനയോട്; നല്ല ഭാവിയുണ്ടാകട്ടെ': പരിഹസിച്ച് ട്രംപ് ഇന്ത്യയെയും റഷ്യയെയും നമുക്ക് നഷ്ടമായെന്നാണു തോന്നുന്നത്, അതും ഇരുണ്ടതും ദുരൂഹവുമായ ചൈനയോടെന്നായിരുന്നു ട്രംപ്, ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ കുറിച്ചത്. അവര്‍ക്ക് ഒരുമിച്ച് ദീര്‍ഘവും സമൃദ്ധവുമായ ഒരു ഭാവിയുണ്ടാകട്ടെയെന്നു പോസ്റ്റില്‍ പരിഹസിക്കുകയും ചെയ്തിരുന്നു ട്രംപ്. നരേന്ദ്ര മോദിയുടെയും ഷീ ജിന്‍പിങ്ങിന്റെയും വ്‌ലാഡിമിര്‍ പുട്ടിന്റെയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചായിരുന്നു പോസ്റ്റ്.

ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ മോദിയും ഷിയും പുടിനും ഒരുമിച്ചെത്തിയത് ആഗോള ശ്രദ്ധ ആകര്‍ഷിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ പോസ്റ്റ്. ഇതോടെ ഇന്ത്യയും അമേരിക്കയും തമ്മിലെ ബന്ധം കൂടുതല്‍ വഷളായി എന്നാണ് വിലയിരുത്തല്‍. നേരത്തെ നാലു തവണ ട്രംപിന്റെ ഫോണ്‍ മോദി എടുക്കാത്തതും വാര്‍ത്തകളില്‍ എത്തിയിരുന്നു.

Tags:    

Similar News