ഇല്ലാതാക്കേണ്ടത് സ്വന്തം മണ്ണിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍; അവര്‍ കാണിക്കുന്നതെല്ലാം കാപട്യം; വീണ്ടും യഎന്നില്‍ പാക്കിസ്ഥാനെ പൊളിച്ചടുക്കി ഇന്ത്യന്‍ നയതന്ത്ര വിജയം
ജനീവ: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ (യുഎന്‍എച്ച്ആര്‍സി) പാക്കിസ്ഥാന് വീണ്ടും ഇന്ത്യയുടെ മറുപടി. പാക് കാപട്യത്തെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു ഇന്ത്യ. ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള ഒരു രാജ്യം മറ്റുള്ളവരെ മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് ഇന്ത്യ പറഞ്ഞു.
യുഎന്‍എച്ച്ആര്‍സിയുടെ 60-ാം സെഷന്റെ 34-ാം യോഗത്തില്‍ സംസാരിക്കവെ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ മുഹമ്മദ് ഹുസൈന്‍ സ്വന്തം മണ്ണിലെ ന്യൂനപക്ഷ പീഡനങ്ങള്‍ ഇല്ലാതാക്കണമെന്ന് പാക്കിസ്ഥാനെ ഉപദേശിക്കുകയും ചെയ്തു. പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 23 പേര്‍ കൊല്ലപ്പെട്ടത് ഓര്‍മ്മിപ്പിച്ചാണ് ഇന്ത്യന്‍ വിശദീകരണം.
പാക്കിസ്ഥാനിലെ ഭയാനകമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മറ്റ് പലരും ആശങ്കകള്‍ ഉന്നയിച്ചു. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ പാക്കിസ്ഥാന്‍ 158-ാം സ്ഥാനത്താണെന്ന് അന്താരാഷ്ട്ര ഭൗമരാഷ്ട്രീയ ഗവേഷകനായ ജോഷ് ബോവ്സ് ചൂണ്ടിക്കാട്ടി. '2025-ലെ യുഎസ്സിഐആര്‍എഫ് മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് പ്രകാരം, 700-ലധികം ആളുകള്‍ മതനിന്ദാക്കുറ്റത്തിന് പാക്കിസ്ഥാനില്‍ തടവിലാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 300 ശതമാനം കൂടുതലാണ്.' വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
'ബലൂച് നാഷണല്‍ മൂവ്‌മെന്റിന്റെ മനുഷ്യാവകാശ വിഭാഗം 2025-ന്റെ ആദ്യ പകുതിയില്‍ മാത്രം 121 കൊലപാതകങ്ങളും 785 പേരെ കാണാതായതും രേഖപ്പെടുത്തിയിട്ടുണ്ട്. 2025-ല്‍ 4000 പഷ്തൂണുകളെ കാണാതായെല്ലെന്ന് പഷ്തൂണ്‍ ദേശീയ ജിര്‍ഗ (പഷ്തൂണ്‍ നേതാക്കളുടെ സഭ) പറഞ്ഞിരുന്നു.' ജോഷ് ബോവ്സ് പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ആരിഫ് അജാക്കിയയും പാക്കിസ്ഥാനിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യകളില്‍ ദീര്‍ഘകാലമായി സൈനിക നടപടികള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
മനുഷ്യാവകാശപാഠങ്ങള്‍ പാകിസ്ഥാനെപ്പോലെ 'തോറ്റ രാജ്യത്തു'നിന്ന് പഠിക്കേണ്ട ആവശ്യം ഇല്ലെന്ന് ഐക്യരാഷ്ട്രസഭയില്‍ പലപ്പോഴും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ തീവ്രവാദം തഴച്ചുവളരുകയാണ്. ജനാധിപത്യവും മനുഷ്യാവകാശവും പരാജയപ്പെട്ട ഒരു രാജ്യത്തുനിന്ന് പഠിക്കേണ്ട കാര്യം ലോകത്തിനില്ലെന്ന് വര്‍ഷങ്ങളായി ഇന്ത്യ പറയുന്നതാണ്.
2008ലെ മുംബൈ ഭീകരാക്രമണംമുതല്‍ പത്താന്‍കോട്ട്, ഉറി ഭീകരാക്രമണങ്ങളും അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റങ്ങളുംവരെ അക്കമിട്ടുനിരത്തിയാണ് പലപ്പോഴും ഇന്ത്യ ഇത് ഉയര്‍ത്തിയത്. ഇത്തരം ആക്രമണങ്ങളിലെ പ്രതികളെ നിയമത്തിനുമുന്നില്‍ എത്തിക്കുന്നതിനുള്ള വിശ്വാസയോഗ്യമായ നടപടികളാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.