'പാക്കിസ്ഥാന്റെ അടിച്ചമര്‍ത്തല്‍ നയത്തിനുള്ള സ്വാഭാവിക പ്രതികരണം; കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ഉത്തരവാദി; ഇതിന് പാക്കിസ്ഥാന്‍ മറുപടി പറയണം'; പാക് അധീന കശ്മീരിലെ സംഘര്‍ഷത്തില്‍ പാക്ക് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

പാക് അധീന കശ്മീരിലെ സംഘര്‍ഷത്തില്‍ പാക്ക് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

Update: 2025-10-03 12:17 GMT

ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരായ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള നീക്കം തുടരുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റെ അടിച്ചമര്‍ത്തല്‍ നയത്തിനെതിരെയുള്ള സ്വാഭാവിക പ്രതികരണമാണെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നിയമവിരുദ്ധമായ കടന്നുകയറ്റത്തിലൂടെയുള്ള സ്ഥലത്ത് തെറ്റായ നയങ്ങള്‍ സ്വീകരിച്ചതിന്റെ ഫലമാണിത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ഉത്തരവാദിയാണ്. ഇതിന് പാക്കിസ്ഥാന്‍ മറുപടി പറയണമെന്നും രണ്‍ധീര്‍ ജയ്‌സ്വാല്‍ വ്യക്തമാക്കി.

സമീപ വര്‍ഷങ്ങളിലെ വലിയ പ്രക്ഷോഭങ്ങളിലൊന്നിനാണ് പാക് അധീന കശ്മീര്‍ സാക്ഷ്യം വഹിക്കുന്നത്. 38 പ്രധാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധങ്ങള്‍, മേഖലയിലെ സൈനിക അതിക്രമങ്ങള്‍ക്കെതിരായ വലിയ പ്രക്ഷോഭമായി വളര്‍ന്നിരിക്കുന്നു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ സൈന്യത്തിനെ ഉള്‍പ്പെടെ വിന്യസിച്ചതോടെയാണ് ഇത് പാക് സൈന്യത്തിനെതിരായ പ്രതിഷേധമായി വളരാന്‍ തുടങ്ങിയത്. സംഘര്‍ഷത്തില്‍ പന്ത്രണ്ടോളം പേര്‍ കൊല്ലപ്പെടുകയും 200ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മിക്കവര്‍ക്കും വെടിയേറ്റാണ് പരിക്ക്. പ്രക്ഷോഭം അടിച്ചമര്‍ത്താനായി പഞ്ചാബില്‍നിന്നും ഇസ്ലാമാബാദില്‍നിന്നും ആയിരക്കണക്കിന് അധിക സൈനികരെയും എത്തിച്ചിട്ടുണ്ട്.

ജമ്മു കശ്മീര്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ (AAC) നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ജനജീവിതം സ്തംഭിപ്പിച്ചു. പാകിസ്ഥാനില്‍ താമസിക്കുന്ന കശ്മീരി അഭയാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള പാക് അധീന കശ്മീരിലെ 12 നിയമസഭാ സീറ്റുകള്‍ നിര്‍ത്തലാക്കണമെന്നതാണ് പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യം. സെപ്റ്റംബര്‍ 29-ന് പ്രതിഷേധം ആരംഭിച്ചത് മുതല്‍ വിപണികളും കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. പ്രതിഷേധം തടയാന്‍ മൊബൈല്‍, ഇന്റര്‍നെറ്റ്, ലാന്‍ഡ്‌ലൈന്‍ സേവനങ്ങളും പൂര്‍ണ്ണമായും തടഞ്ഞിരിക്കുകയാണ്.

അതേസമയം, യുണൈറ്റഡ് കശ്മീര്‍ പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടിയുടെ (UKPNP) വക്താവായ നാസിര്‍ അസീസ് ഖാന്‍, വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഐക്യരാഷ്ട്രസഭയോടും (UN) അന്താരാഷ്ട്ര സമൂഹത്തോടും അഭ്യര്‍ത്ഥിച്ചു. ജനീവയില്‍ നടന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 60-ാം സെഷനില്‍ സംസാരിക്കവെ, പാക് അധീന കശ്മീരില്‍ ഒരു മാനുഷിക പ്രതിസന്ധി ഉണ്ടാകുമെന്ന് ഖാന്‍ മുന്നറിയിപ്പ് നല്‍കുകയും അന്താരാഷ്ട്ര ഉടമ്പടികള്‍ പ്രകാരമുള്ള തങ്ങളുടെ കടമകളെക്കുറിച്ച് അംഗരാജ്യങ്ങളെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

Tags:    

Similar News