പോസ്റ്റ് സ്റ്റഡി വിസ പീരിയഡ് ഒന്നരവര്‍ഷമായി കുറച്ചു; ഇമ്മിഗ്രെഷന്‍ സ്‌കില്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചു; മിക്ക വിസയ്ക്കും ഇംഗ്ലീഷ് യോഗ്യത കടുപ്പിച്ചു; സ്റ്റുഡന്റ് വിസക്കാര്‍ കാണിക്കേണ്ട വരുമാനം വര്‍ധിപ്പിച്ചു: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ കുടിയേറ്റ നയം ഇങ്ങനെ

Update: 2025-10-15 02:24 GMT

ലണ്ടന്‍: ഇന്നലെ, ഒക്ടോബര്‍ 14 ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ ബില്‍ നിയമമായി മാറുകയാണെങ്കില്‍ ബ്രിട്ടനിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ ഉയര്‍ന്ന തലത്തിലുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കേണ്ടതായി വരും. ബ്രിട്ടന്റെ താറുമാറായ കുടിയേറ്റ സിസ്റ്റത്തിന് പകരമായി കൂടുതല്‍ നിയന്ത്രിതവും, സൂക്ഷിച്ചു മാത്രം തിരഞ്ഞെടുക്കുന്നതും, നീതിപൂര്‍വ്വവുമായ ഒരു സിസ്റ്റം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. നിയമപരമായ ചില റൂട്ടുകളിലൂടെ വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ എ ലെവല്‍ നിലവാരത്തിന് തുല്യമായ പ്രാവീണ്യം ഇംഗ്ലീഷ് സംസാരിക്കുന്നതിലും, മനസ്സിലാക്കുന്നതിലും ഒപ്പം എഴുതുന്നതിലും പുലര്‍ത്തേണ്ടതായി വരും.

ഹോം ഓഫീസിന്റെ അംഗീകാരമുള്ള ഒരു സേവന ദാതാവായിരിക്കും സെക്യൂര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് നടത്തുക. വിസ അപേക്ഷ പരിഗണിക്കുന്നതിന്റെ ഭാഗമായി ഈ ടെസ്റ്റിന്റെ ഫലവും പരിശോധിക്കും. ബ്രിട്ടനില്‍ എത്തുകയും ബ്രിട്ടീഷ് സമൂഹത്തിന് സംഭാവനകള്‍ നല്‍കുകയും ചെയ്തവരെ എപ്പോഴും ബ്രിട്ടന്‍സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, ഇംഗ്ലീഷ് ഭാഷ പഠിക്കാതെയും, ബ്രിട്ടീഷ് സമൂഹത്തിന് സംഭാവനകള്‍ നല്‍കാങ്കഴിയാതെയും കുടിയേറ്റക്കാര്‍ എത്തുന്നത് അനുവദിക്കാനാവില്ല എന്നാണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചുകൊണ്ട് ഹോം സെക്രട്ടറി ഷബാന മെഹ്‌മൂദ് പറഞ്ഞത്.

തൊഴിലാളി വര്‍ഗ്ഗത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട്, രാജ്യത്ത് ആര് വരണം എന്നത് കര്‍ശനമായി നിയന്ത്രിക്കുകയും അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള, വിവിധ നൈപുണികള്‍ ഉള്ളവരെ ബ്രിട്ടനിലേക്ക് ആകര്‍ഷിക്കുകയും ചെയ്യാന്‍ കഴിയുന്നതരത്തിലുള്ള ബില്ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലേബര്‍ സര്‍ക്കാര്‍ നേരത്തേ പ്രസിദ്ധപ്പെടുത്തിയ കുടിയേറ്റ ധവളപത്രത്തിലെ പല കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

പഠനം പൂര്‍ത്തിയായാല്‍, വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഗ്രാഡ്വേറ്റ് ലെവല്‍ ജോലി കണ്ടെത്തുന്നതിനുള്ള സമയം രണ്ടു വര്‍ഷത്തില്‍ നിന്നും 18 മാസമായി കുറച്ചു. അതുപോലെ, വിദേശത്തു നിന്നുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാരെ സ്പോണ്‍സര്‍ ചെയ്യുന്ന തൊഴിലുടമകള്‍ നല്‍കേണ്ടതും, പിന്നീട് ആഭ്യന്തര തൊഴില്‍ സൈന്യത്തെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുന്നതുമായ ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ് (ഐ എസ് സി) 32 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. 2017 ന് ശേഷം ഇതാദ്യമായാണ് ഐ എസ് സി വര്‍ദ്ധിപ്പിക്കുന്നത്. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ബ്രിട്ടീഷ് തൊഴിലാളികളെ വിവിധ മേഖലകളില്‍ പരിശീലിപ്പിക്കുന്നതിനായി ഈ തുക ഉപയോഗിക്കും.

വിദേശ വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് മുതല്‍ക്കൂട്ടാവും എന്ന് ഉറപ്പാക്കുന്നതിനായാണ്, പഠനശേഷം ഗ്രാഡ്വേറ്റ് നിലവാരത്തിലെ ജോലി കണ്ടെത്തുന്നതിനുള്ള സമയപരിധി 2 വര്‍ഷത്തില്‍ നിന്നും 18 മാസമായി കുറച്ചത്. വിദ്യാര്‍ത്ഥികള്‍ പലരും ഗ്രാഡ്വേറ്റ് നിലവാരത്തിലുള്ള തൊഴിലുകളിലല്ല ഏര്‍പ്പെട്ടിരിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ബില്ല് പാസായാല്‍, 2027 ജനുവരി 1 മുതല്‍ ആയിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. അതുപോലെ, വിസയ്ക്ക് അപേക്ഷിക്കുമ്പോഴുള്ള സാമ്പത്തിക ബാദ്ധ്യതകളും 2025 - 2026 അദ്ധ്യായന വര്‍ഷം മുതല്‍ വര്‍ദ്ധിപ്പിക്കും.

ലോകത്തിലെ ഏറ്റവും മികച്ച 100 യൂണിവേഴ്സിറ്റികളില്‍ നിന്നും ഹൈപ്പൊട്ടെന്‍ഷ്യല്‍ ഇന്‍ഡിവിഡ്വല്‍ (എച്ച് പി ഐ) റൂട്ടിലൂടെ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. അതുപോലെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യു കെയില്‍ പഠിക്കാന്‍ എത്തിയ വ്യവസായ സംരംഭകര്‍ക്ക്, പഠന ശേഷം ഇന്നോവേറ്റീവ് സ്റ്റാര്‍ട്ട്അപ്പുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കും. ഗ്ലോബല്‍ ടാലന്റ് റൂട്ടും കൂടുതല്‍ വിപുലമാക്കും.

Tags:    

Similar News