ഒരു വിമാനം നിറയെ ഫലസ്തീനികളുമായി ഇസ്രായേലില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ലാന്‍ഡ് ചെയ്തത് ദക്ഷിണാഫ്രിക്കയില്‍; പുറത്തിറങ്ങാന്‍ അനുമതിയില്ലാതെ ഗസ്സക്കാര്‍ വിമാനത്തില്‍ ഇരുന്നത് മണിക്കൂറുകള്‍; ഒടുവില്‍ മാനുഷിക പരിഗണയില്‍ പുറത്തേക്ക്: ഗസ്സയെ പിന്തുണക്കുന്നതിന് ദക്ഷിണാഫ്രിക്കക്ക് ഇസ്രായേല്‍ പണി കൊടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍

Update: 2025-11-15 01:35 GMT

പ്രിട്ടോറിയ: ഗസ്സയില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലെത്തിയ 153 ഫലസ്തീന്‍ പൗരന്മാരുടെ ദുരൂഹ യാത്രയെക്കുറിച്ച് സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ. ഒരു ചാര്‍ട്ടേഡ് വിമാനത്തില്‍ ജോഹന്നാസ്ബര്‍ഗിലെ ഒ.ആര്‍. ടാംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതാണ് ഇവര്‍. ഇവരുടെ പാസ്പോര്‍ട്ടുകളില്‍ പതിവ് പുറപ്പെടല്‍ സ്റ്റാമ്പുകള്‍ ഇല്ലാത്തതിനാല്‍ ആദ്യം പ്രവേശനം നിഷേധിച്ചു. പത്തുമണിക്കൂറിലേറെ വിമാനത്തില്‍ കുടുങ്ങിയ ഈ സംഘത്തിന് പിന്നീട് പ്രാദേശിക ചാരിറ്റി സംഘടനകളുടെയും സര്‍ക്കാരിന്റെയും ഇടപെടലിലൂടെയാണ് രാജ്യത്തേക്ക് പ്രവേശനം സാധ്യമായത്.

ഇസ്രായേല്‍-ഹമാസ് യുദ്ധം നടക്കുന്നതിനിടെ ഫലസ്തീന്‍ ജനതയ്ക്ക് ശക്തമായ പിന്തുണ നല്‍കുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഈ സാഹചര്യത്തില്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്നും ദക്ഷണിഫ്രിക്കയ്ക്ക് കൊടുത്ത പണിയാണ് ഇതെന്ന വാദവും സജീവമാണ്. എന്നാല്‍ ഇത് ഇസ്രയേല്‍ നിഷേധിക്കുന്ന തരത്തിലാണ് പ്രതികരിക്കുന്നത്. മറ്റൊരു മൂന്നാം രാജ്യം എന്നാണ് ഇതിന് പിന്നിലെ ശക്തികളെ കുറിച്ച് അവര്‍ വിശദീകരിക്കുന്നത്.

ഗസ്സയില്‍ നിന്ന് ഇവര്‍ എങ്ങനെ യാത്ര പുറപ്പെട്ടു, ആര് വിമാനം ചാര്‍ട്ട് ചെയ്തു എന്നതിലെ ദുരൂഹത തുടരുകയാണ്. നെയ്റോബി വഴി ദക്ഷിണാഫ്രിക്കയിലേക്ക് പറന്ന ഈ വിമാനത്തിന്റെ യാത്ര സംബന്ധിച്ച് ഫലസ്തീന്‍ എംബസിയുമായി മുന്‍കൂട്ടി യാതൊരു ഏകോപനവും നടന്നിരുന്നില്ല. ഗസ്സ മുനമ്പിന്റെ ക്രോസിംഗുകള്‍ നിയന്ത്രിക്കുന്ന ഇസ്രായേലി സൈനിക വിഭാഗമായ കോഗാറ്റ് പറയുന്നതനുസരിച്ച്, ഒരു മൂന്നാം രാജ്യത്തിന്റെ അനുമതിയോടെയാണ് ഇവര്‍ക്ക് ഗസ്സ വിടാന്‍ കഴിഞ്ഞത്. എന്നാല്‍ ആ രാജ്യം ഏതെന്നത് കോഗാറ്റ് വ്യക്തമാക്കിയിട്ടില്ല.

ഫലസ്തീന്‍ എംബസിയുടെ പ്രസ്താവന കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. 'രജിസ്റ്റര്‍ ചെയ്യാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഒരു സംഘടന ഗസ്സയിലെ നമ്മുടെ ജനങ്ങളുടെ ദുരിതപൂര്‍ണ്ണമായ മാനുഷിക സാഹചര്യങ്ങളെ ചൂഷണം ചെയ്യുകയും കുടുംബങ്ങളെ വഞ്ചിക്കുകയും അവരില്‍ നിന്ന് പണം ശേഖരിക്കുകയും ചെയ്തു. അനധികൃതവും നിരുത്തരവാദപരവുമായ രീതിയിലാണ് ഇവരുടെ യാത്ര സുഗമമാക്കിയത്,' എംബസി പ്രസ്താവനയില്‍ പറയുന്നു.

മൊത്തം 153 പേരില്‍ 23 പേര്‍ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തപ്പോള്‍, 130 പേര്‍ക്കാണ് ദക്ഷിണാഫ്രിക്കയില്‍ പ്രവേശനം അനുവദിച്ചത്. ഹോം അഫയേഴ്സ് മന്ത്രിയില്‍ നിന്നാണ് താന്‍ ഈ പ്രതിസന്ധിയെക്കുറിച്ച് അറിഞ്ഞതെന്നും, 'അവരെ തിരികെ അയക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല' എന്നും റമഫോസ പറഞ്ഞു. എന്നിരുന്നാലും, ദുരിതത്തിലായ മനുഷ്യരെ ചൂഷണം ചെയ്തത് ആരാണെന്നും ഈ ദുരൂഹ യാത്രയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ആരെന്നും കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News