ഭീതി വിതച്ച് തീവ്രവാദി ഭീഷണി; കനത്ത സുരക്ഷാ വലയത്തില്‍ പാക്കിസ്ഥാനിലെ ക്രിസ്മസ് ആഘോഷങ്ങള്‍; വിശ്വാസക്കരുത്തില്‍ പ്രത്യാശയോടെ ക്രൈസ്തവ സമൂഹം
ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി പാക്കിസ്ഥാനിലെ ക്രൈസ്തവ സമൂഹം ഒരുങ്ങുകയാണ്. കടുത്ത സുരക്ഷാ ഭീഷണികള്‍ക്കിടയിലും വിശ്വാസവും പ്രത്യാശയും കൈവിടാതെ വിശ്വാസികള്‍ മുന്നോട്ട് പോകുകയാണെന്നാണ് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മതപരമായ അടിച്ചമര്‍ത്തലുകളും തീവ്രവാദ ആക്രമണ ഭീഷണികളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഇത്തവണത്തെ ആഘോഷങ്ങള്‍ കര്‍ശനമായ സുരക്ഷാ വലയത്തിന് കീഴിലായിരിക്കും നടക്കുക. ഭരണകൂടവും സഭാനേതൃത്വവും ചേര്‍ന്ന് വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് രാജ്യത്തുടനീളം ഒരുക്കിയിരിക്കുന്നത്.
പാക്കിസ്ഥാനിലെ വിവിധ പ്രവിശ്യകളിലുള്ള പ്രധാന ദേവാലയങ്ങളിലും ക്രൈസ്തവ ജനവാസ മേഖലകളിലും സായുധ പോലീസിനെയും സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്. പ്രത്യേകിച്ചും പെഷവാര്‍, ക്വറ്റ തുടങ്ങിയ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ക്ക് ചുറ്റും സിസിടിവി ക്യാമറകളും മെറ്റല്‍ ഡിറ്റക്ടറുകളും സ്ഥാപിച്ചാണ് വിശ്വാസികളെ പ്രവേശിപ്പിക്കുന്നത്. ആക്രമണ സാധ്യത മുന്‍നിര്‍ത്തി വോളന്റിയര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഭീതിജനകമായ സാഹചര്യങ്ങള്‍ക്കിടയിലും ക്രിസ്മസ് വിപണികളും തെരുവുകളും സജീവമാകുന്നത് പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ ആത്മവിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത് എന്നാണ് വത്തിക്കാന്‍ ന്യൂസ് പറയുന്നത്.
ക്രിസ്മസ് കരോളുകളും നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച വീടുകളും പള്ളികളും കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ക്രിസ്തുമസ് നല്‍കുന്ന സമാധാനത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നു. പലയിടങ്ങളിലും ആഘോഷങ്ങള്‍ ലളിതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് കുറവുണ്ടാകില്ലെന്ന് സഭാനേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം ഇപ്പോഴും വിവേചനങ്ങളും ആക്രമണങ്ങളും നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന പള്ളി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ഇത്തവണത്തെ സുരക്ഷാ നടപടികള്‍ മുന്‍പത്തേക്കാള്‍ ശക്തമാണ്. ക്രിസ്മസ് ദിനത്തില്‍ വിശ്വാസികള്‍ക്ക് നിര്‍ഭയമായി ആരാധനകളില്‍ പങ്കെടുക്കാന്‍ കഴിയുന്ന സാഹചര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും ആശങ്കകള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല.
പ്രാദേശിക സഭകള്‍ വിതരണം ചെയ്യുന്ന സമാധാന സന്ദേശങ്ങളില്‍ പ്രത്യാശയും ക്ഷമയുമാണ് പ്രധാനമായും ഊന്നിപ്പറയുന്നത്. ദുരിതമനുഭവിക്കുന്നവര്‍ക്കും ദരിദ്രര്‍ക്കും സഹായമെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പാക് ക്രൈസ്തവ സമൂഹം സജീവമായി ഇടപെടുന്നുണ്ട്. ആഘോഷങ്ങള്‍ കേവലം പുറംമോടിയില്‍ ഒതുക്കാതെ, ക്രിസ്തുമസിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഉള്‍ക്കൊണ്ട് കരുണയുടെയും സ്‌നേഹത്തിന്റെയും പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇവര്‍ മുന്നോട്ട് പോകുന്നത്.
പാക്കിസ്ഥാനിലെ ഇതര മതവിഭാഗങ്ങളും ക്രൈസ്തവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. പലയിടങ്ങളിലും മുസ്ലീങ്ങള്‍ ദേവാലയങ്ങള്‍ക്ക് സുരക്ഷയൊരുക്കാനും ആഘോഷങ്ങളില്‍ പങ്കുചേരാനും മുന്നോട്ടുവരുന്നു. ഈ മതസൗഹാര്‍ദ്ദം രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിന് വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തുമെന്നാണ് കരുതപ്പെടുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ക്രിസ്മസിനെ വരവേല്‍ക്കുന്നത് ലോകമെമ്പാടുമുള്ള പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്ക് വലിയൊരു മാതൃകയാണ് എന്നാണ് വ്ത്തിക്കാന്റെ ഔദ്യോഗിക
മാധ്യമം സൂചിപ്പിക്കുന്നത്. വിശ്വാസത്തിനായി നിലകൊള്ളുന്ന ഇവരുടെ മനക്കരുത്ത് ലോകശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും എന്നാല്‍ വിശ്വാസികളുടെ ആവേശം ഒട്ടും ചോരില്ലെന്നുമാണ് വത്തിക്കാന്‍ ന്യൂസ് വ്യക്തമാക്കുന്നത്.
