അഞ്ചു വര്‍ഷത്തെ ഇമ്മിഗ്രെഷന്‍ സ്‌കില്‍ഡ് ചാര്‍ജ് കൂട്ടി; എന്‍എച്ച്എസ് സര്‍ചാര്‍ജ് ഉയര്‍ന്നു; പുറമെ സ്‌പോണ്‍സര്‍ ഫീസും വിസ ഫീസും; പല ചാര്‍ജുകളും സ്‌പോണ്‍സര്‍ നേരിട്ട് കൊടുക്കണം: വിദേശ റിക്രൂട്ട്‌മെന്റ് പൂര്‍ണമായി അവസാനിപ്പിക്കേണ്ടി വരുന്ന വിധത്തിലുള്ള പുതിയ നിയമ മാറ്റം നിലവില്‍; മലയാളികളുടെ യുകെ സ്വപ്നത്തിന് പൂര്‍ണ വിരാമം

Update: 2025-12-24 01:50 GMT

ലണ്ടന്‍: യുകെ മലയാളികളുടെ കുടിയേറ്റ സ്വപ്നത്തിന് പൂര്‍ണ വിരാമം ആകുന്നു. ബ്രിട്ടന്‍ ഇനി വാതില്‍ തുറന്നാലും ഒരു വിസയ്ക്കായി അടക്കേണ്ടി വരുന്ന ഫീസുകള്‍ താങ്ങാന്‍ ആവാത്തതിനാല്‍ ആര്‍ക്കും വരാന്‍ കഴിയാത്ത സാഹചര്യമാണ് രൂപപ്പെടുന്നത്. മൂന്നു മാസത്തെ സൗജന്യ താമസവും വിസ ഫീസും വിമാന ടിക്കറ്റും വരെ നല്‍കി നഴ്സുമാരെ റിക്രൂട്ട് ചെയ്തിരുന്ന സമയത്ത് ഒരാള്‍ക്ക് വിസ കിട്ടണമെങ്കില്‍ ഇപ്പോള്‍ ലക്ഷങ്ങള്‍ ചെലവാക്കേണ്ടി വരും. ഇമ്മിഗ്രെഷന്‍ സര്‍ചാര്‍ജ് കുത്തനെ കൂട്ടുകയും അത് സ്‌പോണ്‍സര്‍ ചെയ്യുന്ന തൊഴില്‍ ഉടമയുടെ ബാധ്യത ആക്കുകയും ചെയ്തതോടെ ഇനി ആരും സ്‌പോണ്‌സര്ഷിപ്പിന് ധൈര്യം കാണിക്കുക ഇല്ല എന്നാണ് സൂചന.

ഇതോടെ ബ്രിട്ടനില്‍ നിന്നു തന്നെ തൊഴിലാളികളെ നിയമിക്കുന്നതിനേക്കാള്‍ ഏറെ ചിലവാണ് തൊഴിലുടമകള്‍ക്ക് വിദേശത്തു നിന്നും ആളുകളെ റിക്രൂട്ട്‌മെന്റ് ചെയ്യുമ്പോള്‍ ഉണ്ടാവുക. ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ (ഐ എസ് സി) ഉള്‍പ്പടെയുള്ള നിര്‍ബന്ധമായും അടക്കേണ്ട, വിസയുമായ ബന്ധപ്പെട്ട നിരക്കുകള്‍ വര്‍ദ്ധിക്കും എന്നതിനു പുറമെ, സ്‌കില്‍ഡ് വിസയ്ക്കുള്ള മിനിമം ശമ്പള പരിധി 38,700 പൗണ്ട് ആക്കിയതും തൊഴിലുടമകള്‍ക്ക് തിരിച്ചടി ആയിരിക്കുകയാണ്. സ്പോണ്‍സര്‍ ലൈസന്‍സ് ഫീസ്, അഡ്മിനിസ്‌ട്രേഷന്‍ ചെലവുകള്‍, നഴ്സുമാര്‍ ഒഴിച്ചുള്ളവര്‍ക്കുള്ള ഇമിഗ്രേഷന്‍ ഹെല്‍ത്ത് ചാര്‍ജ്ജ് തുടങ്ങിയ അധിക ചെലവുകളും കൂടി പരിഗണീക്കുമ്പോള്‍, ബ്രിട്ടീഷ് വ്യവസായ സ്ഥാപനങ്ങള്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കാര്യത്തില്‍ രണ്ടാമതൊന്നു കൂടി ചിന്തിക്കും എന്ന് ഉറപ്പാണ്.

പൊതുവരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി, ബ്രിട്ടനിലുള്ള തൊഴിലാളികള്‍ക്ക് കൊടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പുതിയ നയം പക്ഷെ ഇന്ത്യാക്കാര്‍ ഉള്‍പ്പടെയുള്ള നിരവധി വിദേശികളുടെ യു കെ ജീവിതം എന്ന സ്വപ്നത്തിന് വിലങ്ങുതടിയാവുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രതീക്ഷിച്ചിരുന്ന ഈ മാറ്റം ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. മാത്രമല്ല, പല ബിസിനസ്സ് സ്ഥാപനങ്ങളും ഇതിന്റെ ചൂട് ഉടനടി അനുഭവിച്ച് തുടങ്ങും എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2025 ഡിസംബര്‍ 16 ന് യു കെയില്‍ ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ്ജില്‍ 32 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തിയത്. വലിയ സ്പോണ്‍സര്‍മാര്‍ക്ക് ഇത് പ്രതിവര്‍ഷം 1,320 പൗണ്ടും ചെറിയ സ്പോണ്‍സര്‍മാര്‍ക്കും ചാരിറ്റികള്‍ക്കും ഇത് പ്രതിവര്‍ഷം 480 പൗണ്ടും ആണ്.സ്‌കില്‍ഡ് വര്‍ക്കര്‍ വിസ, ഗ്ലോബല്‍ ബിസിനസ്സ് മൊബിലിറ്റി വിസ എന്നിവയ്ക്കായി അപേക്ഷിക്കുമ്പോള്‍ ഈ ചാര്‍ജ്ജ് ബാധകമാവും. നേരത്തേ ഈ ചാര്‍ജ്ജുകള്‍ യഥാക്രമം 1000 പൗണ്ട്, 364 പൗണ്ട് എന്നിങ്ങനെ ആയിരുന്നു.

ദീര്‍ഘകാലത്തേക്കാണ് സ്പോണ്‍സര്‍ ചെയ്യുന്നതെങ്കില്‍ ഇത് വലിയൊരു തുകയായി മാറും. ഉദാഹരണത്തിന് അഞ്ച് വര്‍ഷത്തേക്കുള്ള സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക്, ഒരു വലിയ സ്ഥാപനത്തിന് ഐ എസ് സി മാത്രം 6,600 പൗണ്ട് നല്‍കേണ്ടതായി വരും. സ്പോണ്‍സര്‍ സര്‍ട്ടിഫിക്കറ്റ് അസൈന്‍ ചെയ്യുന്ന സമയത്ത് തന്നെ ഈ തുക പൂര്‍ണ്ണമായും മുന്‍കൂറായി തന്നെ നല്‍കേണ്ടതായി വരും. പണപ്പെരുപ്പ നിരക്കിനനുസരിച്ച് വരുത്തിയ ഒരു വര്‍ദ്ധനയായി മാത്രം ഇതിനെ കാണാന്‍ ആകില്ലെന്നാണ് തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ അഭിപ്രായം.

ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ്ജ് അഥവാ ഐ എസ് സി വര്‍ദ്ധിപ്പിക്കക വഴി സര്‍ക്കാര്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വ്യക്തമായ ഒരു സന്ദേശമാണ് നല്‍കുന്നത്. വിദേശ തൊഴിലാളികളെ ജോലിയില്‍ നിയമിക്കുന്നത്, തദ്ദേശ തൊഴിലാളികളെ നിയമിക്കുന്നതിലും ചെലവേറിയ കാര്യമാകും എന്നതാണ് ആ സന്ദേശം. അതുകൊണ്ടു തന്നെ, തൊഴിലുടമകള്‍, വിദേശ തൊഴിലാളികളെ ആശ്രയിക്കാതെ, അവര്‍ക്കാവശ്യമുള്ള നൈപുണികള്‍ തദ്ദേശീയമായി വളര്‍ത്തിയെടുക്കുന്നതിനുള്ള പരിശീലനത്തിനായി പണം നിക്ഷേപിക്കുന്നതായിരിക്കും ലാഭകരം എന്നും ഇത് വ്യക്തമാക്കുന്നു.

മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, വിദേശ റിക്രൂട്ട്‌മെന്റുകളെ നിരുത്സാഹപ്പെടുത്തുന്നതാണ് ഈ പുതിയ നയം. ഐ എസ് സിയിലെ വര്‍ദ്ധനവിനൊപ്പം, വിസയ്ക്കുള്ള ശമ്പള പരിധി വര്‍ദ്ധിപ്പിച്ചതും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം കൂടുതല്‍ കര്‍ക്കശമാക്കിയതുമൊക്കെ വിദേശ തൊഴിലാളികള്‍ എത്തുന്നത് കൂടുതല്‍ കാര്യക്ഷമമായി നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നു. ചില മേഖലകളില്‍, നൈപുണ്യം നേടിയ തൊഴിലാളികളുടെ ക്ഷാമം അനുഭവിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത് താത്ക്കാലികമായെങ്കിലും വലിയ തിരിച്ചടിയായിരിക്കും നല്‍കുക എന്നതില്‍ സംശയമില്ല.

ഇതോടെ സ്പോണ്‍സര്‍ഷിപ്പ് ഇപ്പോള്‍ സ്ഥാപനങ്ങളുടെ ചെലവിനെയും ബാധിക്കുന്ന കാര്യമായി മാറിയിരിക്കുകയാണ്. സാങ്കേതിക വിദ്യ, കെയര്‍, എഞ്ചിനീയറിംഗ്, കെട്ടിട നിര്‍മ്മാണം, ഹോസ്പിറ്റാലി തുടങ്ങിയ മേഖലകളില്‍ നിരവധി തൊഴിലാളികളെ റിക്രൂട്ട് ചെയ്യേണ്ട ആവശ്യം സംജാതമാകുമ്പോള്‍ തീര്‍ച്ചയായും ഇത് സ്ഥാപനങ്ങളുടെ ബജറ്റിനെ ബാധിക്കുന്ന ഒരു പ്രശ്നമായി മാറും. 2025 ഡിസംബര്‍ 16 മുതല്‍ അസൈന്‍ ചെയ്യുന്ന ഏതൊരു സ്പോണ്‍സര്‍ഷിപ് സര്‍ട്ടിഫിക്കറ്റിനും ഈ വര്‍ദ്ധിച്ച നിരക്ക് ബാധകമാവും.

ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ്ജ് തൊഴിലാളികളില്‍ നിന്നും ഈടാക്കരുതെന്ന് നിയമം അനുശാസിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ തൊഴിലുടമയ്ക്ക് വന്‍ ഭാരമായിരിക്കും ഇത് ഉണ്ടാക്കുക. ഇതോടെ പല തൊഴിലുടമകളും മാറി ചിന്തിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിസ പുതുക്കുന്ന കാര്യത്തിലും പുനരാലോചനകള്‍ തുടങ്ങിയിട്ടുണ്ട്. ഹെല്‍ത്ത് ഇമിഗ്രേഷന്‍ ചാര്‍ജ്ജാണ് വിദേശ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രതിബന്ധം. പ്രതിവര്‍ഷം ആളൊന്നുക്ക് 1035 പൗണ്ടാണ് നിലവിലെ നിരക്ക്.

രണ്ട് മക്കള്‍ ഉള്‍പ്പടെ നാലംഗ കുടുംബത്തിന് അഞ്ച് വര്‍ഷത്തേക്ക് 40,000 പൗണ്ട് വരെയാണ് ഇതിനായി ചെലവാകുക. അതോടൊപ്പമാണ്, റെയ്ച്ചല്‍ റീവ്‌സിന്റെ കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലെ നികുതി വേട്ട മൂലം പല സ്ഥാപനങ്ങളും പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചിരിക്കുന്ന അവസ്ഥ. ബ്രിട്ടനിലെ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനം കടന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. തൊഴില്‍ അവസരങ്ങള്‍ കുറയുകയും, കുടിയേറ്റ ചെലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പലര്‍ക്കും യു കെയിലെ ജീവിതം ഇനി ഒരു സ്വപ്നമായി അവശേഷിക്കുവാനാണ് സാധ്യത.

Tags:    

Similar News