ലോകപ്പോലീസ് പണി നിര്‍ത്തി ട്രംപ്; സഖ്യകക്ഷികള്‍ ഇനി 'സ്വന്തം ചെലവില്‍' സുരക്ഷ നോക്കട്ടെ! റഷ്യയെ നേരിടാന്‍ നാറ്റോയും ഉത്തരകൊറിയയെ തടയാന്‍ ദക്ഷിണ കൊറിയയും മതി; ചൈനയല്ല, സ്വന്തം അതിര്‍ത്തിയാണ് പ്രധാനം; ലോകത്തെ അമ്പരപ്പിച്ച് അമേരിക്കയുടെ പുതിയ പ്രതിരോധ നയം
ലോകത്തെ അമ്പരപ്പിച്ച് അമേരിക്കയുടെ പുതിയ പ്രതിരോധ നയം
വാഷിംഗ്ടണ്‍: ദശകങ്ങളായി തുടര്‍ന്നുപോന്ന ആഗോള പ്രതിരോധ നയങ്ങളില്‍ വന്‍ അഴിച്ചുപണിയുമായി അമേരിക്ക. 'അമേരിക്ക ഫസ്റ്റ്' (America First) എന്ന നയത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് തയ്യാറാക്കിയ 34 പേജുള്ള പുതിയ ദേശീയ പ്രതിരോധ തന്ത്രരേഖ (National Defence Strategy) പെന്റഗണ്‍ പുറത്തിറക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കുന്നതിനും സഖ്യകക്ഷികളുടെ സുരക്ഷയ്ക്കായി പണം ചെലവഴിക്കുന്നതിനും ഇനി നിയന്ത്രണമുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
സഖ്യകക്ഷികള്‍ക്ക് 'എട്ടിന്റെ പണി'
യൂറോപ്പിലെയും ഏഷ്യയിലെയും സഖ്യകക്ഷികള്‍ സ്വന്തം പ്രതിരോധത്തിനായി കൂടുതല്‍ പണം ചെലവഴിക്കണമെന്നും അമേരിക്കയെ മാത്രം ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും രേഖയില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു. റഷ്യയെ പ്രതിരോധിക്കാന്‍ നാറ്റോ (NATO) രാജ്യങ്ങള്‍ തന്നെ മുന്‍കൈ എടുക്കണം. യുറോപ്പിന്റെ സുരക്ഷയില്‍ അമേരിക്കയുടെ പങ്ക് പരിമിതപ്പെടുത്തും. ഉത്തരകൊറിയയെ പ്രതിരോധിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം ദക്ഷിണ കൊറിയ ഏറ്റെടുക്കണം. അമേരിക്കയുടെ സഹായം പരിമിതമായിരിക്കും.
ചൈനയോടുള്ള നിലപാടില്‍ മാറ്റം
ബൈഡന്‍ ഭരണകൂടം ചൈനയെ ഏറ്റവും വലിയ ശത്രുവായി കണ്ടിരുന്നെങ്കില്‍, ട്രംപിന്റെ പുതിയ നയം ചൈനയെ ഒരു 'സെറ്റില്‍ഡ് ഫോഴ്‌സ്' (Settled Force) ആയിട്ടാണ് കാണുന്നത്. ചൈനയെ തകര്‍ക്കാനോ ഭരണകൂടത്തെ മാറ്റാനോ അമേരിക്ക ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇന്തോ-പസഫിക് മേഖലയില്‍ ചൈന അമേരിക്കയെയോ സഖ്യകക്ഷികളെയോ അടക്കിഭരിക്കാന്‍ ശ്രമിക്കുന്നത് തടയുക മാത്രമാണ് ലക്ഷ്യമെന്ന് രേഖ പറയുന്നു. തായ്വാന്റെ കാര്യത്തില്‍ മുന്‍ ഭരണകൂടങ്ങള്‍ നല്‍കിയിരുന്ന സൈനിക ഉറപ്പുകളെക്കുറിച്ച് രേഖ നിശബ്ദത പാലിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ഗ്രീന്‍ലന്‍ഡിലും പനാമ കനാലിലും കണ്ണ്
അമേരിക്കയുടെ പ്രധാന ശ്രദ്ധ പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലേക്കും സ്വന്തം അതിര്‍ത്തികളിലേക്കും മാറുകയാണ്. ഗ്രീന്‍ലന്‍ഡില്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണ സൈനിക-വാണിജ്യ പ്രവേശനം ഉറപ്പാക്കാന്‍ കരാറുകള്‍ ഉണ്ടാക്കും. പനാമ കനാലിന്റെ നിയന്ത്രണം തിരികെ പിടിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ട്രംപ് സജീവമാക്കിയിട്ടുണ്ട്. ചൈനയ്ക്ക് പനാമയില്‍ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം തടയുകയാണ് ലക്ഷ്യം.
അതിര്‍ത്തി രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്
കാനഡ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങളെ മാനിക്കണമെന്നും പങ്കാളിത്തം ഉറപ്പാക്കണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. ഡാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ട്രംപും തമ്മില്‍ വാക്‌പോര് നടന്നതിന് പിന്നാലെയാണ് ഈ പുതിയ നയം വരുന്നത്. അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി നില്‍ക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മടിക്കില്ലെന്നും പെന്റഗണ്‍ മുന്നറിയിപ്പ് നല്‍കുന്നു.
വെനസ്വേലയിലെ 'പുറത്താക്കല്‍' മാതൃക
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയ നടപടിയെ പെന്റഗണ്‍ ഉയര്‍ത്തിക്കാട്ടി. എല്ലാ 'നാര്‍ക്കോ ഭീകരരും' (Narco-terrorists) ഇത് ശ്രദ്ധിക്കണമെന്നും അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഇതെന്നും രേഖ വ്യക്തമാക്കുന്നു.
സ്വന്തം സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അമേരിക്കന്‍ മണ്ണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി ലോകപോലീസിന്റെ വേഷം അഴിച്ചുവെക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രംപ് ഭരണകൂടം. ഇത് ആഗോള തലത്തില്‍ വലിയ പ്രതിരോധ ശൂന്യത സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍.
