ഇറാനെ അടിച്ചു തകര്‍ക്കാന്‍ ട്രംപ്; ബ്രിട്ടനില്‍ അമേരിക്കയുടെ 'ആണവ' വിമാനമെത്തി; മിഡില്‍ ഈസ്റ്റില്‍ വന്‍ നാവികവ്യൂഹം; ഏതു നിമിഷവും ആക്രമണം? ആയിരം ഡ്രോണുകളുമായി തിരിച്ചടിക്കാന്‍ ഇറാനും; ലോകം യുദ്ധ ഭീതിയില്‍

Update: 2026-01-30 04:18 GMT

ലണ്ടന്‍: അമേരിക്ക ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണ് എന്ന സൂചനകള്‍ ശക്തമാകുന്നു. അമേരിക്കയുടെ ആണവ സ്‌നിഫര്‍ വിമാനം ബ്രിട്ടനിലെത്തി. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തണോ വേണ്ടയോ എന്ന് ഡൊണാള്‍ഡ് ട്രംപ് വിലയിരുത്തുന്നതിനിടെയാണ് യുഎസ് 'ന്യൂക്ക് സ്‌നിഫര്‍' വിമാനം ബ്രിട്ടനില്‍ എത്തിയിരിക്കുന്നത്. ഇന്നലെയാണ് ഒരു അജ്ഞാത ബ്രിട്ടീഷ് വ്യോമതാവളത്തില്‍ വിമാനം നിരീക്ഷിക്കപ്പെട്ടത്.

അവിടെ അവിടെ പ്രത്യേക സേന ഓസ്‌പ്രേ വിമാനത്തില്‍ നിന്ന് 'ഫാസ്റ്റ് റോപ്പിംഗ്' പരിശീലന അഭ്യാസങ്ങള്‍ നടത്തുന്നതായി കണ്ടിരുന്നു. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഇത്,മൂന്നാം തവണയാണ് ഇത്തരം ഒരു ദൗത്യം അമേരിക്ക ബ്രിട്ടനില്‍ നടത്തുന്നത്. ഇറാനുമായുള്ള സംഘര്‍ഷത്തിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ഇപ്പോള്‍ ഈ വിമാനത്തിന്റെ അപൂര്‍വ വരവ് ആക്കം കൂട്ടിയിരിക്കുകയാണ്. ആണവ സ്ഫോടനങ്ങളും സംഭവങ്ങളും കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തിലേക്ക് റേഡിയേഷന്‍ ചോര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഡബ്ല്യൂസി-135 ആര്‍ എന്ന ഇനത്തില്‍ പെട്ട ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കുന്നത്.

1986 ല്‍ ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷവും, 2011 ല്‍ ഫുകുഷിമ ആണവ നിലയ സംഭവത്തിന് ശേഷവും, ഉത്തരകൊറിയന്‍ ആണവ പരീക്ഷണങ്ങള്‍ക്കിടയിലും, 2022 ല്‍ ഉക്രെയ്ന്‍ റഷ്യന്‍ യുദ്ധത്തിന്റെ തുടക്കത്തിലും ഇത് വിന്യസിക്കപ്പെട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച അമേരിക്കന്‍ നാവികസേനയുടെ വലിയൊരു വ്യൂഹം മിഡില്‍ഈസ്റ്റ് മേഖലയില്‍ എത്തിയിരുന്നു. ആവശ്യമെങ്കില്‍ ഇറാനെ ആക്രമിക്കാന്‍ അവര്‍ തയ്യാറാണ് കഴിവുള്ളവരാണ് എന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ആണവ പദ്ധതിയെക്കുറിച്ച് ഒരു കരാര്‍ ചര്‍ച്ച ചെയ്യാന്‍ ഇറാന് സമയം കഴിഞ്ഞു എന്നും അദ്ദേഹം ബുധനാഴ്ച പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങള്‍ വിശ്വസിക്കുന്നത് ഒരു അണുബോംബ് നിര്‍മ്മിക്കാന്‍ ഇറാന്‍ ലക്ഷ്യമിടുന്നു എന്നാണ്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇറാന്റെ ആണവ നിലയങ്ങള്‍ അമേരിക്ക ആക്രമിച്ചിരുന്നു. സുരക്ഷാ സേനയെയും നേതാക്കളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെടെ, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ പ്രതിഷേധക്കാരെ പ്രേരിപ്പിക്കുന്നതുള്‍പ്പെടെ ഇറാനെതിരെ ഏത് തരത്തിലുള്ള നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന കാര്യം ട്രംപ് ഇപ്പോഴും പരിശോധിച്ചു വരികയാണ്. ഏതൊരു ആക്രമണത്തിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനിലെ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിയ നടപടിയില്‍ അമേരിക്ക ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

എന്നാല്‍ കലാപത്തിന് പ്രോത്സാഹനം നല്‍കിയത് അമേരിക്കയാണ് എന്നാണ് ഇറാന്‍ കുറ്റപ്പെടുത്തുന്നത്. ഇന്നലെ ഇറാന്റെ സൈനിക മേധാവി ആമിര്‍ ഹതാമി ഏതൊരു ആക്രമണത്തിനും ഗംഭീര പ്രതികരണം നല്‍കുമെന്ന് പ്രഖ്യാപിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ആയിരത്തോളം ഡ്രോണുകള്‍ ഇതിനായി ഇറാന്‍ സജ്ജമാക്കിയതായും സൂചനയുണ്ട്. ഹിസ്ബുള്ള നേതൃത്വവും ഇറാനെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനില്‍ ഒരു ഭരണമാറ്റത്തിനുള്ള സാധ്യതകളാണ് അമേരിക്ക ഇപ്പോള്‍ പരിശോധിക്കുന്നത്.

സ്വന്തം ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് എന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇറാന്റെ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്ചി, ഇറാന്റെ സൈന്യം തിരിച്ചടിക്കാന്‍ തയ്യാറാണെന്ന് സമൂഹ മാധ്യമമായ എക്സിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

Tags:    

Similar News