എലിസബത്ത് രാജ്ഞിക്ക് ശേഷം ആ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ പൗരനാകാന്‍ നരേന്ദ്ര മോദി; ഇന്ത്യന്‍ പ്രധാനമന്ത്രിയെ 'ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് നൈജര്‍' പുരസ്‌കാരം നല്‍കി ആദരിക്കാന്‍ നൈജീരിയ; രാജ്യത്തെ രണ്ടാമത്തെ ഉന്നത ബഹുമതി
ഇരുരാജ്യങ്ങള്‍ തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് മോദി
അബുജ: അഞ്ച് ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി രാജ്യത്ത് എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറ്റവും ഉന്നതമായ രണ്ടാമത്തെ ബഹുമതി നല്‍കി ആദരിക്കാനൊരുങ്ങി നൈജീരിയ. ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് നൈജര്‍ (GCON) പുരസ്‌കാരം നല്‍കിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നൈജീരിയ ആദരിക്കുക. 1969-ല്‍ എലിസബത്ത് രാജ്ഞിക്ക് ശേഷം ആ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ പൗരനാണ് മോദി. പ്രധാനമന്ത്രിക്ക് ഒരു വിദേശരാജ്യം നല്‍കുന്ന 17-ാമത് അന്താരാഷ്ട്ര അവാര്‍ഡാണിത്.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി മോദി നൈജീരിയയിലെത്തിയതിനിടെയാണ് പുരസ്‌കാര പ്രഖ്യാപനവുമുണ്ടാകുന്നത്. പതിനേഴ് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയ സന്ദര്‍ശിക്കുന്നത്.
നൈജീരിയയിലെ രണ്ടാമത്തെ ഉന്നത ബഹുമതിയാണിത്. 1963ലാണ് ഇത് സ്ഥാപിതമായത്. രാജ്യത്തിന്റെ ഏറ്റവും ഉന്നത ബഹുമതിയായ ദി ഓര്‍ഡര്‍ ഓഫ് ദി ഫെഡറല്‍ റിപ്പബ്ലിക്കിന് തൊട്ടു താഴെയാണ് ഇതിന്റെ സ്ഥാനം. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഈ ബഹുമതിക്ക് അര്‍ഹരാണ്. സുപ്രീം കോടതിയിലെ പ്രധാന ന്യായാധിപനും സെനറ്റിന്റെ ചെയര്‍മാനും ഓഫീഷ്യല്‍ ആയി ഈ ബഹുമതിയുടെ കമാന്‍ഡറാണ്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നൈജീരിയയില്‍ എത്തിയത്. പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. 17 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പശ്ചിമാഫ്രിക്കന്‍ രാജ്യത്തേക്ക് സന്ദര്‍ശനം നടത്തുന്നത്. നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെത്തിയ പ്രധാനമന്ത്രിയെ ഫെഡറല്‍ ക്യാപിറ്റല്‍ ടെറിട്ടറി മന്ത്രി നൈസോം എസെന്‍വോ വൈക്കാണ് സ്വീകരിച്ചത്.
നൈജീരിയയില്‍ എത്തിയതിന് പിന്നാലെ ഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കി നൈജീരിയന്‍ പ്രസിഡന്റിന് നന്ദി പറഞ്ഞ് നരേന്ദ്ര മോദി എക്‌സ് പോസ്റ്റും പങ്കുവെച്ചു. നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു പങ്കുവെച്ച എക്‌സ് പോസ്റ്റിന് മറുപടിയായിട്ടായിരുന്നു നരേന്ദ്ര മോദി നന്ദി അറിയിച്ചത്.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ നൈജീരിയ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 2007 ന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് നടത്തുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്. ഞങ്ങളുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വിപുലീകരിക്കാനും നിര്‍ണായക മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കാനും ശ്രമിക്കും.
നൈജീരിയയിലേക്ക് സ്വാഗതം' എന്നായിരുന്നു നൈജീരിയന്‍ പ്രസിഡന്റിന്റെ എക്‌സ് പോസ്റ്റ്.
ഇരു രാജ്യങ്ങളും തമ്മില്‍ ഊര്‍ജ, പ്രതിരോധ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനുള്ള ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇരു രാജ്യങ്ങളും വിവിധ കരാറുകളിലും ഒപ്പിടും. നൈജിരിയ സന്ദര്‍ശനത്തിന് പിന്നാലെ നരേന്ദ്ര മോദി ബ്രസീലിലെത്തും. അവിടെ നടക്കുന്ന ജി-20 ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം, പശ്ചിമേഷ്യയിലെ സംഘര്‍ഷം എന്നിവ ഉച്ചകോടിയില്‍ ചര്‍ച്ചയാകും ബ്രസീലിലേക്കുള്ള മോദിയുടെ മൂന്നാമത്തെ ഔദ്യോഗിക യാത്രയാണ് ഇത്.
G20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ബ്രസീലിയന്‍ നഗരമായ റിയോ ഡി ജെനീറോയിലേക്ക് അദ്ദേഹം നാളെ തിരിയ്ക്കും. ഉച്ചകോടിയുടെ ഭാഗമായി നിരവധി ലോക നേതാക്കളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. സന്ദര്‍ശനത്തിന്റെ അവസാന പാദത്തില്‍ മോദി ഗയാനയും സന്ദര്‍ശിക്കും.
നൈജീരിയന്‍ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദം കൂടുതല്‍ ആഴത്തിലുള്ളതാക്കുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. നൈജീരിയന്‍ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ മോദി എക്സില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. നൈജീരിയ, ബ്രസീല്‍, ഗയാന എന്നീ രാജ്യങ്ങളില്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനമാണ് മോദിയുടേത്. നൈജീരിയയില്‍ നിന്ന് അദ്ദേഹം ബ്രസീലിലേക്ക് പോകും.
നേരത്തെ, കരീബിയന്‍ രാജ്യമായ കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത ബഹുമതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേടിയെത്തിയിരുന്നു. കോവിഡ് കാലത്ത് ഡൊമിനിക്കയ്ക്ക് ഇന്ത്യ നല്‍കിയ പിന്തുണ മാനിച്ചാണ് ബഹുമതി നല്‍കുന്നതെന്ന് ഡൊമിനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. കോവിഡ് വ്യാപനകാലത്ത് 2021-ല്‍ ഡൊമിനിക്കയ്ക്ക് ഇന്ത്യ 70,000 ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയിരുന്നു.