ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ട് അറസ്റ്റിലായേക്കും;ആര്‍ക്കും രക്ഷിക്കാനാവാതെ പ്രിന്‍സ് ആന്‍ഡ്രു; എപ്സ്റ്റീല്‍ ഫയല്‍ വിവാദത്തില്‍ പെട്ട കീര്‍ സ്റ്റര്‍മാര്‍ക്ക് ഹൗസ് ഓഫ് ലോര്‍ഡ്‌സിലും തിരിച്ചടി; ജനപ്രീതിയും ഇടിയുന്നു; നൈജല്‍ ഫരാജിനെയും സ്റ്റര്‍മാരെയും തോല്‍പ്പിച്ച് കെമി ബാഡനോക്ക് മുന്നില്‍
ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ട് അറസ്റ്റിലായേക്കും;ആര്‍ക്കും രക്ഷിക്കാനാവാതെ പ്രിന്‍സ് ആന്‍ഡ്രു
ലണ്ടന്‍: ജെഫ്രി എപ്സ്റ്റീന്‍ ഫയലുകള്‍ സൂക്ഷ്മനിരീക്ഷണം നടത്തുന്ന മെട്രോപോളിറ്റന്‍ പോലീസുമായും തെംസ് വാലി പോലീസുമായും തങ്ങള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്തി. അതേസമയം ഈ ഘട്ടത്തില്‍ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസിനോട് ഔദ്യോഗികമായ ഉപദേശം തേടിയിട്ടില്ലെന്നും ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍ സ്റ്റീഫന്‍ പാര്‍ക്കിന്‍സണ്‍ വ്യക്തമാക്കി. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടയില്‍ എപ്സ്റ്റീന്റെ സ്വകാര്യ വിമാനമായ ലോലിത എക്‌സ്പ്രസ്സുമായി ബന്ധപ്പെട്ട പുതിയ അന്വേഷണത്തിന്റെ ഭാഗമായി ആന്‍ഡ്രുവിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി ഗോര്‍ഡോണ്‍ ബ്രൗണ്‍ രംഗത്തെത്തി. സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളം വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക വൃത്തിക്കായി കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിലാണ് ആന്‍ഡ്രുവിനെ കൂടി ചോദ്യം ചെയ്യണമെന്ന് മുന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.എസ്സെക്‌സിലെ വിമാനത്താവളത്തില്‍ വെച്ച് പെണ്‍കുട്ടികളെ എപ്സ്റ്റീന്റെ വിമാനത്തില്‍ നിന്നും മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായും അദ്ദേഹം ആരോപിച്ചു.
അതേസമയം, യു കെയുടെ വ്യാപാര പ്രതിനിധി എന്ന നിലയില്‍ ആന്‍ഡ്രു പല തന്ത്രപ്രധാന വിവരങ്ങളും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീനുമായി പങ്കുവെച്ചു എന്ന ആരോപണത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് തെംസ് വാലി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹോങ്കോംഗ്, വിയറ്റ്‌നാം, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് നടത്തിയ ഔദ്യോഗിക സന്ദര്‍ശനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഈമെയില്‍ സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു. തന്ത്രപ്രധാന രേഖകള്‍ എപ്സ്റ്റീന് ചോര്‍ത്തി നല്‍കിയതിന് മാന്‍ഡേഴ്‌സനെതിരെയും മറ്റൊരു അന്വേഷണം നടക്കുന്നുണ്ട്.
പ്രഭു സഭയിലും സ്റ്റാര്‍മര്‍ക്ക് തിരിച്ചടി
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പങ്കുവച്ച ഒരു വ്യക്തിക്കായി പ്രചാരണം നടത്തി എന്ന് വ്യക്തമായിട്ടും ലോര്‍ഡ് മാത്യു ഡോയലിനെ പ്രഭുസഭയില്‍ എത്തിക്കുന്നതിന്കൂട്ടുനിന്ന് കീര്‍ സ്റ്റാര്‍മര്‍ക്കെതിരെ പ്രഭു സഭയിലും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. മുന്‍ ഡോക്ടര്‍ക്ക് പ്രഭു പദവി ലഭിക്കുന്നത് തടയാന്‍ തനിക്കാവില്ല എന്ന സ്റ്റാര്‍മറുടെ പ്രസ്താവനക്കെതിരെയാണ് പ്രഭു സഭയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ഡിസംബര്‍ 28 ന് പുറത്തു വന്ന മാധ്യമവാര്‍ത്തകള്‍ സ്റ്റാര്‍മര്‍ വായിച്ചിരുന്നെങ്കില്‍ കൂടി ഡിസംബര്‍ 10 ന് നല്‍കിയ ബഹുമതി തിരിച്ചെടുക്കാന്‍ കഴിയില്ലായിരുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനെ കുറിച്ച് വിശദീകരിച്ചത്.
എന്നാല്‍, പ്രഭു പദവിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം, പത്ര വാര്‍ത്തകള്‍ വന്ന് പിന്നെയും രണ്ടാഴ്ച്ച കഴിഞ്ഞ് ജനുവരി 8 ന് ആയിരുന്നു എടുത്തതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്റ് ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയ സ്വകാര്യ കത്ത് തങ്ങള്‍ക്ക് ചര്ച്ച ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ പ്രഭു സഭ വക്താവ്, 1958 ലെ ലൈഫ് പിയറേജസ് ആക്റ്റ് പ്രകാരം ലെറ്റേഴ്‌സ് പേറ്റന്റ് സീല്‍ ചെയ്തതിന് ശേഷം മാത്രമെ പ്രഭു പദവി ലഭിക്കുകയുള്ളു എന്നും വ്യക്തമാക്കി.
അടുത്ത പ്രധാനമന്ത്രി ആരായിരിക്കണം എന്ന അഭിപ്രായ സര്‍വ്വേയില്‍ കീര്‍ സ്റ്റാര്‍മറെയും നെയ്ജല്‍ ഫരാജിനെയും പിന്നിലാക്കി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബെയ്ഡ്‌നോക്ക് ഒന്നാം സ്ഥാനത്ത്. നേതാവ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോഴും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥിതി ദയനീയമായി തുടരുകയാണെന്നത് ബ്രിട്ടനിലെ വര്‍ത്തമാനകാല രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ നേര്‍ക്കാഴ്ച്ചയാകുന്നു. ഫരാജിന്റെ റിഫോമിനും, ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്കും പുറകിലായി മൂന്നാം സ്ഥാനത്താണ് ജനപിന്തുണയുടെ കാര്യത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി.
തെരെഞ്ഞെടുപ്പ് ഉടന്‍ വന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞവര്‍ വെറും 21 ശതമാനം മാത്രമായിരുന്നു. 23 ശതമാനം പേര്‍ ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി നിലകൊണ്ടപ്പോള്‍ 30 ശതമാനം പേരായിരുന്നു നെയ്ജല്‍ ഫരാജിന്റെ പാര്‍ട്ടിയെ പിന്തുണച്ചത്. മികച്ച പ്രധാനമന്ത്രി ആരാകും എന്നതിനും ജനങ്ങള്‍ ഫരാജിന്റെ പേരാണ് പറഞ്ഞതെങ്കിലും 21 ശതമാനം പേര്‍ മാത്രമാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തെ പിന്താങ്ങിയത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 37 ശതമാനം പേരും ചിന്തിക്കുന്നത് ഇപ്പോഴുള്ള പ്രധാനപ്പെട്ട അഞ്ച് പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് ആര്‍ക്കും തന്നെ ഒരു മികച്ച പ്രധാനമന്ത്രിയാകാന്‍ കഴിയില്ല എന്നാണ്.
