ഇസ്‌കോണ്‍ സന്യാസിമാര്‍ക്ക് സ്വാഭാവിക നീതി നിഷേധിച്ചു ബംഗ്ലാദേശ്; ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ അംഗീകരിക്കാതെ കോടതി; കോടതിയില്‍ ഹാജരാകാതെ അഭിഭാഷകര്‍; ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് സര്‍ക്കാറും; കേസ് പരിഗണിക്കുന്നത് ജനുവരി രണ്ടിലേക്ക് മാറ്റി

ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ അംഗീകരിക്കാതെ കോടതി

Update: 2024-12-03 07:13 GMT

ധാക്ക: ബംഗ്ലാദേശില്‍ ഇസ്‌കോണിനെ ശ്വാസം മുട്ടിച്ചു സര്‍ക്കാര്‍. അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിന് കോടതിയിലും തിരിച്ചടി. ജാമ്യം തേടിയുള്ള ചിന്മയ് കൃഷ്ണദാസിന്റെ അപേക്ഷ കോടതി ഇന്ന് അംഗീകരിച്ചില്ല. കൃഷ്ണദാസിന് വേണ്ടി അഭിഭാഷകരാരും കോടതിയില്‍ ഹാജരായിരുന്നില്ല. ഇതിനൊപ്പം തന്നെ കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയെ ബംഗ്ലാദേശ് സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തതോടെ കേസ് പരിഗണിക്കുന്നത് ജനുവരി 2 ലേക്ക് മാറ്റുകയായിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു മാസക്കാലമെങ്കിലും കൃഷ്ണദാസ് ജയിലില്‍ കഴിയേണ്ടി വരും.

അതേസമയം ചിന്മയ് കൃഷ്ണദാസിന് പുറമേ രണ്ട് ഹിന്ദു സന്യാസിമാര്‍ കൂടി കസ്റ്റഡിയിലുണ്ടെന്ന് ബംഗ്ലാദേശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇസ്‌കോണ്‍ അംഗങ്ങളായ രുദ്ര പതി കേശവ് ദാസ്, രംഗനാഥ് ശ്യാമ സുന്ദര്‍ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്തതായാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. കൂടാതെ 17 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചിന്മയ് കൃഷ്ണദാസിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്കെതിരെയാണ് നടപടിയെന്നാണ് വിശദീകരണം.

അതിനിടെ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് തിരിച്ച 54 ഇസ്‌കോണ്‍ സന്യാസിമാരെ ബംഗ്ലാദേശ് തടഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മതിയായ യാത്ര രേഖകളുണ്ടായിട്ടും സന്യാസിമാരെ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിര്‍ത്തിയില്‍ വെച്ച് സന്യാസിമാരെ തടഞ്ഞ അധികൃതര്‍ മണിക്കൂറുകളോളം കാത്തിരിപ്പിന് ശേഷം ഇന്ത്യയിലേക്കുള്ള യാത്രക്ക് അനുമതി നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു എന്നാണ് വിവരം. യാത്ര സംഘത്തിന് ഇന്ത്യയിലേക്ക് പോകാന്‍ അനുവാദം നല്‍കരുതെന്ന് ഉന്നത അധികാരികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.

അതേസമയം ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആര്‍ എസ് എസ് രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തിയിരുന്നു. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടരുതെന്ന് ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടതായാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

അതിനിടെ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും ഇസ്‌കോണ്‍ സന്യാസിമാര്‍ക്കും നേരെ അക്രമം രൂക്ഷമായിരിക്കെ സന്യാസിമാര്‍ക്കും അനുയായികള്‍ക്കും നിര്‍ദേശങ്ങളുമായി കൊല്‍ക്കത്തയിലെ ഇസ്‌കോണും രംഗത്തുവന്നു. വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നത് വീടുകളിലും ക്ഷേത്രങ്ങളിലുമായി പരിമിതപ്പെടുത്തണമെന്നും വീടിന് പുറത്തിറങ്ങുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഇസ്‌കോണ്‍ കൊല്‍ക്കത്ത വൈസ് പ്രസിഡന്റ് രാധാരാമന്‍ ദാസ് പറഞ്ഞു. കാവി വസ്ത്രം ഒഴിവാക്കണമെന്നും തുളസിമാലയും തലയും മറയ്ക്കണമെന്നും തിലകക്കുറി തുടച്ചുനീക്കണമെന്നും ഇസ്‌കോണ്‍ നിര്‍ദേശിച്ചു.

ഇസ്‌കോണിന്റെ എല്ലാ സന്യാസിമാരും അംഗങ്ങളും ഈ പ്രതിസന്ധി ഘട്ടത്തില്‍ സ്വയം സംരക്ഷണം ഒരുക്കണമെന്നും സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രദ്ധാലുവായിരിക്കണമെന്നും രാധാരാമന്‍ ദാസ് നിര്‍ദേശിച്ചു. കാവി വസ്ത്രവും നെറ്റിയിലെ കുറിയും ഒഴിവാക്കണം. ചരടുകള്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന വിധത്തില്‍ ധരിക്കണം. തല മറയ്ക്കണം. പുറത്തിറങ്ങുമ്പോള്‍ സന്യാസിമാരാണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തവിധത്തില്‍ ആയിരിക്കണം വസ്ത്രധാരണമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമധ്യത്തില്‍ നിരവധി സന്യാസിമാര്‍ ആക്രമണത്തിനും ഭീഷണിക്കും ഇരയാകുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശങ്ങളെന്ന് രാധാരാമന്‍ ദാസ് ചൂണ്ടിക്കാട്ടി.ചിന്മയ് കൃഷ്ണദാസ്, ബംഗ്ലാദേശ്, ഇസ്‌കോണ്‍, ജാമ്യം, കേന്ദ്രസര്‍ക്കാര്‍

Tags:    

Similar News