യുക്രൈനെതിരെ ആണവായുധം പ്രയോഗിക്കേണ്ട സാഹചര്യമില്ല; സംഘര്‍ഷം യുക്തിസഹമായ അവസാനത്തിലേക്ക് നയിക്കാനുള്ള ശക്തിയും മാര്‍ഗവും റഷ്യക്കുണ്ട്; യുദ്ധം നീണ്ടുപോകുമ്പോള്‍ പ്രസ്താവനയുമായി വ്‌ലാദിമിര്‍ പുടിന്‍
യുക്രൈനെതിരെ ആണവായുധം പ്രയോഗിക്കേണ്ട സാഹചര്യമില്ല
മോസ്‌കോ: യുക്രൈന്‍-റഷ്യ യുദ്ധം സമാധാനമില്ലാതെ തുടരുമ്പോള്‍ കുലുക്കമില്ലാത്ത നിലപാടിലാണ് വ്‌ലാദിമിര്‍ പുടിന്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന നടപടികളെല്ലാം തള്ളിയ പുടിന്‍ യുദ്ധം തുടരുമെന്ന നിലപാടിലാണ്. അതേസമയം യുക്കൈനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആണവായുധം പ്രയോഗിക്കേണ്ട സാഹചര്യമില്ലെന്ന് വ്‌ലാദിമിര്‍ പുടിന്‍ വ്യക്തമാക്കി. റഷ്യന്‍ സ്റ്റേറ്റ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
റഷ്യക്കെതിരെയുള്ള ആക്രമണത്തെ കുറിച്ചുള്ള സ്റ്റേറ്റ് ടെലിവിഷന്റെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് ആണവായുധത്തെ സംബന്ധിച്ച പുടിന്റെ പ്രസ്താവന. യുക്രൈനുമായുള്ള സംഘര്‍ഷം യുക്തിസഹമായ അവസാനത്തിലേക്ക് നയിക്കാനുള്ള ശക്തിയും മാര്‍ഗവും റഷ്യക്കുണ്ടെന്നും പുടിന്‍ പറഞ്ഞു.
അതേസമയം രണ്ടാം ലോകമഹായുദ്ധ വിജയാഘോഷമായ മെയ് ഒമ്പതിന് യുക്രൈന്‍ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയെ ആക്രമിച്ചാല്‍ മെയ് പത്തിന് ഉക്രൈന്‍ തലസ്ഥാനമായ കീവ് അവിടെ തന്നെയുണ്ടാകുമെന്ന് ആര്‍ക്കും ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് റഷ്യയുടെ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനായ ദിമിത്രി മെദ്വദേവ് പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തില്‍ സോവിയറ്റ് യൂണിയനും സഖ്യകക്ഷികളും വിജയം നേടിയ 80ാം വാര്‍ഷികത്തോടനുബന്ധിച്ച് യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. മെയ് എട്ട്, മെയ് ഒമ്പത് തീയതികളില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റഷ്യ അറിയിച്ചത്. മെയ് ഒമ്പത്, പത്ത് തീയതികളില്‍ നാസി ജര്‍മനിക്കെതിരായ വിജയത്തിന്റെ സ്മരണയ്ക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നേതാക്കള്‍ റഷ്യയില്‍ എത്തുന്നുണ്ട്.
യുക്രൈനില്‍ 72 മണിക്കൂറിലേക്കാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മെയ് എട്ട് അര്‍ധരാത്രി മുതല്‍ മെയ് 10 അര്‍ധരാത്രി വരെ റഷ്യന്‍ സൈന്യം പോരാട്ടം നിര്‍ത്തിവെക്കുമെന്ന് പറഞ്ഞ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ താത്കാലിക വെടിനിര്‍ത്തലില്‍ ഉക്രൈന്‍ പങ്കുചേരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഏതെങ്കിലും രീതിയില്‍ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായാല്‍ ഉക്രൈനെതിരെ ശക്തമായി പ്രതികരിക്കുമെന്നും റഷ്യ അറിയിച്ചിരുന്നു.
എന്നാല്‍ മൂന്ന് ദിവസത്തിന് പകരം 30 ദിവസത്തെ വെടിനിര്‍ത്തല്‍ ഉണ്ടായാല്‍ താന്‍ അതിന് തയ്യാറാണെന്നാണ് ഉക്രൈനിയന്‍ പ്രസിഡന്റ് വ്ളോദിമര്‍ സെലെന്‍സ്‌കി ഇതിനോട് പ്രതികരിച്ചത്. ഹ്രസ്വമായ ഇടവേളകളല്ല, ദീര്‍ഘകാല ഒത്തുതീര്‍പ്പാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പുടിന്‍ ഈ ആവശ്യം തള്ളിക്കളഞ്ഞു.
കൂടാതെ റഷ്യയുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തില്‍, മെയ് ഒമ്പതിന് മോസ്‌കോയിലെത്തിയ വിദേശ നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉക്രൈനിന് കഴിയില്ലെന്നും സെലെന്‍സ്‌കി പറഞ്ഞിരുന്നു. എന്നാല്‍ സെലന്‍സ്‌കിയുടെ പ്രസ്താവനയെ വാക്കാലുള്ള പ്രകോപനം എന്ന് വിശേഷിപ്പിച്ച മെദ്വദേവ് റഷ്യക്കെതിരെ ആക്രമണമുണ്ടായാല്‍ കീവിനെ വെറുതെ വിടില്ലെന്ന് ഭീഷണിപ്പെടുത്തുകയായുരുന്നു.
'വിജയ ദിനത്തില്‍ പ്രകോപനം ഉണ്ടായാല്‍, മെയ് പത്ത് വരെ കീവ് ഉണ്ടാകുമെന്ന് ആര്‍ക്കും ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് സെലന്‍സ്‌കി മനസ്സിലാക്കണം,' മെദ്വദേവ് തന്റെ ടെലിഗ്രാം ചാനലിലൂടെ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധ ചരിത്രത്തിലെ പ്രധാനപ്പെട്ട തീയതിയാണ് മെയ് ഒമ്പത്. സോവിയറ്റ് യൂണിയനും ഏതാനും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളും 'നാസിസത്തിനെതിരായ വിജയദിനം' എന്ന നിലയിലാണ് മെയ് ഒമ്പതിനെ കണക്കാക്കുന്നത്.
ജര്‍മന്‍ സൈന്യം ബെര്‍ലിനില്‍ കീഴടങ്ങിയ ദിവസം കൂടിയാണിത്. മറ്റു പല രാജ്യങ്ങളും മെയ് എട്ടിനാണ് നാസിസത്തിനെതിരായ വിജയദിനം ആഘോഷിക്കുന്നത്. സമയവ്യത്യാസം കാരണമാണ് മെയ് ഒമ്പത് 'വിജയദിന'മായി സോവിയറ്റ് യൂണിയന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
2022 ഫെബ്രുവരിയിലാണ് പതിനായിരക്കണക്കിന് സൈനികരെ റഷ്യ യുക്രൈനിലേക്ക് വിന്യസിച്ചത്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍മാറിയെങ്കിലും യുക്രൈന്റെ 20 ശതമാനം പ്രദേശങ്ങളും റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായ ശേഷം യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ റഷ്യ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് വെറും പ്രഹസനമാണ് എന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ പ്രതികരണം.