ഭീകരവാദത്തിനെതിരേ ചൈനയുടെ പിന്തുണ തേടിയത് ഇന്ത്യയുടെ തന്ത്രപരമയ നീക്കം; ആഗോള സമ്പദ് വ്യവസ്ഥയുടെ കരുത്താകാന്‍ 280 കോടി ജനങ്ങള്‍ക്ക് സാധിക്കുമെന്ന് വിലയിരുത്തല്‍; ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാനും തീരുമാനം; ലോകം ഉറ്റുനോക്കി മോദി- ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച്ച; വരാനിരിക്കുന്നത് ഏഷ്യന്‍ കരുത്തരുടെ കാലം

ഭീകരവാദത്തിനെതിരേ ചൈനയുടെ പിന്തുണ തേടിയത് ഇന്ത്യയുടെ തന്ത്രപരമയ നീക്കം

Update: 2025-09-01 01:24 GMT

ബീജിംഗ്: 280 കോടി ജനങ്ങള്‍ വസിക്കുന്ന ലോകശക്തികളായ രണ്ട് രാജ്യങ്ങള്‍. അവര്‍ ഒരുമിച്ചു നിന്നാല്‍ ലോകത്തെ സാമ്പത്തിക ക്രമം തന്നെ മാറി മറിയം. ആ നിരീക്ഷണമാണ് ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയുടെ ഭാഗമായി ടിയാന്‍ജിനില്‍ ഇരു നേതാക്കളും നടത്തിയ കൂടിക്കാഴ്ച്ചയില്‍ പൊതുവില്‍ ഉരുത്തിരിങ്ങു വന്നത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുടെ പിന്തുണ തേടിയത് അടക്കമുള്ള കാര്യങ്ങളും ചൈനീസ് പ്രസിഡന്റുമായുള്ള ചര്‍ച്ചയില്‍ നിര്‍ണായകമായി മാറി.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ മോദി ഇക്കാര്യം ചര്‍ച്ച ചെയ്തു. വിഷയത്തില്‍ ചൈന ഇന്ത്യക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തികടന്നുള്ള ഭീകരവാദം ഇന്ത്യയെയും ചൈനയെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. ഇതിനെ ഇരുരാജ്യങ്ങളും ചെറുക്കുമ്പോള്‍ പരസ്പരം മനസ്സിലാക്കുകയും പിന്തുണ നല്‍കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും മോദി അടിവരയിട്ടു പറഞ്ഞതായി കൂകൂടിക്കാഴ്ച്ചക്ക് ശേഷം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഭീകരവാദത്തെ ചെറുക്കുന്നതില്‍ ഇരുരാജ്യങ്ങളും പരസ്പരം മനസ്സിലാക്കുകയും സഹകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതായും മിസ്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രദേശങ്ങളെ സംബന്ധിച്ചും ഇരുനേതാക്കളും ചര്‍ച്ചചെയ്തു. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഷി ജിന്‍പിങ്ങുമായി മോദി ചര്‍ച്ചചെയ്തു. അതിര്‍ത്തി പ്രശ്നത്തിന് സ്വീകാര്യമായ ഒരു പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളും.

ഇതുമായി ബന്ധപ്പെട്ട ഏകോപനത്തിന് വരുംദിവസങ്ങളിലും ചുമതലപ്പെട്ട സംവിധാനങ്ങള്‍ വഴി യോഗംചേരും. ആഗോള സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഇരുനേതാക്കളും പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു. ഉഭയകക്ഷി ബന്ധത്തിന്റെ തുടര്‍ച്ചയുള്ളതും സുഗമവുമായ വികസനത്തിന് അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. നിലവിലുള്ള സംവിധാനങ്ങളുപയോഗിച്ച് സമാധാനം നിലനിര്‍ത്തേണ്ടതിന്റെയും ഭാവിയില്‍ ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുകള്‍ ഒഴിവാക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ധാരണയായതായും മിസ്രി കൂട്ടിച്ചേര്‍ത്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദപരമായ ബന്ധം 280 കോടി ജനങ്ങള്‍ക്ക് പ്രയോജനകരമാകുമെന്ന കാര്യത്തിലും നേതാക്കള്‍ തമ്മില്‍ ധാരണയുണ്ടായി. രണ്ട് രാജ്യങ്ങളുടെയും പൊതുതാത്പര്യങ്ങള്‍, അഭിപ്രായവ്യത്യാസങ്ങളെക്കാള്‍ വലുതാണ്. അതിനാല്‍, അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി മാറാതിരിക്കാനും ഇരുനേതാക്കളും സമവായത്തിലെത്തി. ഒരു ഏഷ്യന്‍ നൂറ്റാണ്ടും അതിന്റെ ഹൃദയഭാഗത്ത് ഏഷ്യയുടെ മുഖ്യപങ്കുമുള്ള, പ്രവര്‍ത്തനക്ഷമമായ ഒരു ബഹുധ്രുവലോകക്രമം സാധ്യമാവണമെങ്കില്‍ ഇന്ത്യയും ചൈനയും വളരുകയും സഹകരിക്കുകയും ചെയ്യേണ്ടത് നിര്‍ണായകമാണെന്നും മിസ്രി കൂട്ടിച്ചേര്‍ത്തു.

ടിയാന്‍ജിനില്‍ നടക്കുന്ന എസ്സിഒ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി ചൈനയിലാണുള്ളത്. ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് മോദി ചൈനയിലെത്തുന്നത്.

Tags:    

Similar News