ട്രംപ് യുദ്ധക്കപ്പല്‍ അയച്ചതിന് പകരമായി നാല് ആണവ ബോംബര്‍ വിമാനങ്ങള്‍ യൂറോപ്പിന് സമീപത്തേക്ക് നീക്കി റഷ്യ; മിസൈലുകള്‍ നിറച്ച ബോംബറുകള്‍ ആസന്നമായ വലിയ ആക്രമണത്തിന്റെ മുന്നൊരുക്കമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍; റഷ്യയുടെ മേല്‍ ഉപരോധം കടുപ്പിക്കാനുള്ള ട്രംപിന്റെ നീക്കം മൂന്നാം ലോകമഹായുദ്ധത്തിന് വഴിയൊരുക്കുമോ?
ട്രംപ് യുദ്ധക്കപ്പല്‍ അയച്ചതിന് പകരമായി നാല് ആണവ ബോംബര്‍ വിമാനങ്ങള്‍ യൂറോപ്പിന് സമീപത്തേക്ക് നീക്കി റഷ്യ
മോസ്‌കോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണവ അന്തര്‍വാഹിനികള്‍ റഷ്യയുടെ തീരത്തേക്ക് അയച്ചതിന് തിരിച്ചടി നല്‍കാന്‍ ഒരുങ്ങി പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍. നാല് ആണവ ബോംബര്‍ വിമാനങ്ങള്‍ യൂറോപ്പിനടുത്തേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. യുക്രൈനില്‍ ആക്രമണം നടത്താന്‍ ഈ വിമാനങ്ങളാണ് റഷ്യ പലപ്പോഴും ഉപയോഗിക്കുന്നത്. ഇവയില്‍ മിസൈലുകള്‍ നിറച്ചിട്ടുണ്ടെന്നും ഇത് ആസന്നമായ ഒരു വലിയ ആക്രമണത്തിന്റെ ഉയര്‍ന്ന സാധ്യതകളാണ് സൂചിപ്പിക്കുന്നത് എന്നുമാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുട്ടിന്റെ വിശ്വസ്തനായ മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവിന്റെ ഭീഷണിയുടെ അടിസ്ഥാനത്തിലാണ് ട്രംപ് ആണവ അന്തര്‍വാഹിനികള്‍ റഷ്യയുടെ സമീപത്തേക്ക് നീങ്ങാന്‍ ഉത്തരവിട്ടത്. അതിന് തൊട്ടു പിന്നാലെയാണ് റഷ്യ ചടുലമായ ഈ നീക്കം നടത്തിയിരിക്കുന്നത്. അമേരിക്കയുടെ അന്തര്‍വാഹിനികള്‍ ഇപ്പോള്‍ അവ എത്തേണ്ട സ്ഥലത്താണ് എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കഴിഞ്ഞ ജൂണ്‍ ഒന്നാം തീയതി യുക്രൈന്‍ റഷ്യയിലേക്ക് നടത്തിയ ശക്തമായ ആക്രമണത്തിന് പിന്നാലെയാണ് പുട്ടിന്‍ ആണവ ബോംബര്‍
വിമാനങ്ങള്‍ ആര്‍ട്ടിക് മര്‍മാന്‍സ്‌ക് മേഖലയിലെ ഒലെന്യ വ്യോമതാവളത്തില്‍ നിന്ന് വീണ്ടും വിന്യസിച്ചത്.
യുക്രൈന്‍ ആക്രമണം ഭയന്നാണ് സരടോവ് മേഖലയിലെ താവളത്തില്‍ നിന്ന് അവയെ മാറ്റിയത് എന്നും സൂചനയുണ്ട്. റഷ്യയുടെ ആണവ ആക്രമണ ആയുധശേഖരത്തിന്റെ ഭാഗമാണ് ഈ വിമാനങ്ങള്‍. അതേ സമയം പരമ്പരാഗത ബോംബുകള്‍ ഉപയോഗിച്ച് ഉക്രെയ്‌നിനെ ആക്രമിക്കാനും ഇവ ഉപയോഗിക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം റഷ്യയുടെ കൈവശമുള്ള ക്രിമിയയില്‍ നടത്തിയ ആക്രമണത്തില്‍ ഒരു റഷ്യന്‍ ജെറ്റ് യുദ്ധവിമാനം തകര്‍ത്തതായും നാല് സൈനിക വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും
യുക്രൈന്‍ സൈനിക വൃത്തങ്ങള്‍ അവകാശപ്പെട്ടു.
വെടിനിര്‍ത്തലിലേക്ക് നീങ്ങുകയും യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തില്ലെങ്കില്‍ റഷ്യയുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്താനാണ് അമേരിക്കയുടെ നീക്കം. ഇതിന് മുന്നോടിയായി ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് നാളെ റഷ്യയിലേക്ക് പോകാനിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് അമേരിക്ക അടുത്ത വെള്ളിയാഴ്ച വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
അതേസമയം, സമീപ ദിവസങ്ങളില്‍ റഷ്യ ഉക്രെയ്‌നിനെതിരായ ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. റഷ്യയുടെആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും നാല് മാസം പ്രായമുള്ള ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിനിടെ കഴി്ഞ്ഞ ദിവസം റഷ്യയും ചൈനയും സംയുക്ത നാവികാഭ്യാസവും ആരംഭിച്ചിട്ടുണ്ട്.
റഷ്യയുടെ ആണവായുധം എത്ര അപകടകരമാണെന്ന് ട്രംപ് ഓര്‍മിക്കണമായിരുന്നു എന്നായിരുന്നു മെദ് വദേവിന്റെ പ്രസ്താവന. റഷ്യന്‍ ഫെഡറേഷന്റെ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ കൂടിയാണ് മെദ് വദേവ്. റഷ്യ ഇസ്രയേലോ ഇറാനോ അല്ല. റഷ്യയ്ക്ക് മേലുളള ട്രംപിന്റെ ഓരോ ഭീഷണിയും യുദ്ധത്തിലേക്കുളള ചുവടുവെയ്പ്പ് ആയിരിക്കുമെന്ന് മെദ് വദേവ് എക്സില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കവുമായി രംഗത്തുവന്നതും.