തിരിച്ചടിക്കല്‍ എന്റെ ഉത്തരവാദിത്വം; മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് സംഭവിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു; പാക്കിസ്ഥാന് തിരിച്ചടി നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്; അതിര്‍ത്തിയില്‍ ബങ്കറുകള്‍ സജ്ജമാക്കി പ്രാദേശികവാസികള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി ഇന്ത്യന്‍ സൈന്യം

തിരിച്ചടിക്കല്‍ എന്റെ ഉത്തരവാദിത്വം; മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് സംഭവിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു

Update: 2025-05-04 15:21 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടിക്കുള്ള പ്രതിബദ്ധതയും പങ്കുവെച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് തീര്‍ച്ചയായും സംഭവിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്ന് രാജ്നാഥ് വ്യക്തമാക്കി. തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതിരോധമന്ത്രിയും നിലപാട് വ്യക്തമാക്കുന്നത്.

'നമ്മുടെ പ്രധാനമന്ത്രിയെ നിങ്ങള്‍ക്ക് നന്നായി അറിയാം, അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി, ദൃഢനിശ്ചയം എന്നിവയെക്കുറിച്ച് നിങ്ങള്‍ക്ക് പരിചിതമാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ ആക്രമിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കേണ്ടത് പ്രതിരോധ മന്ത്രി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. സംസ്‌കൃതി ജാഗരണ്‍ മഹോത്സവത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.

'ഒരു രാഷ്ട്രമെന്ന നിലയില്‍, നമ്മുടെ ധീരരായ സൈനികര്‍ ഭാരതത്തിന്റെ ഭൗതിക രൂപത്തെ എക്കാലവും സംരക്ഷിച്ചുപോന്നപ്പോള്‍, മറുഭാഗത്ത് നമ്മുടെ ഋഷികളും ജ്ഞാനികളും ഭാരതത്തിന്റെ ആത്മീയ രൂപത്തെയാണ് സംരക്ഷിച്ചത്. ഒരിടത്ത് നമ്മുടെ സൈനികര്‍ 'രണഭൂമി'യില്‍ പോരാടുമ്പോള്‍, മറുഭാഗത്ത് നമ്മുടെ സന്യാസിമാര്‍ 'ജീവനഭൂമി'യിലാണ് പോരാടുന്നത്. ഒരു പ്രതിരോധ മന്ത്രി എന്ന നിലയില്‍, സൈനികര്‍ക്കൊപ്പം രാജ്യത്തിന്റെ അതിര്‍ത്തികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

നമ്മുടെ രാജ്യത്തെ ആക്രമിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കേണ്ടതും എന്റെ ഉത്തരവാദിത്തമാണ്' രാജ്നാഥ് പറഞ്ഞു. ഇന്ത്യയുടെ ശക്തി അതിന്റെ സായുധ സേനയില്‍ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല. സംസ്‌കാരത്തിലും ആത്മീയതയിലും കൂടിയാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കനത്ത ജാഗ്രത തുടരുകയാണ്. ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ ബങ്കറുകള്‍ സജ്ജമാക്കുകയാണ്. കൂടുതല്‍ ബങ്കറുകള്‍ നിര്‍മ്മിക്കാനും തീരുമാനമുണ്ട്. എന്തിനും സജ്ജരായിരിക്കാന്‍ ഇന്ത്യന്‍ സൈന്യം പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കി. യുദ്ധ സാഹചര്യം നേരിടാന്‍ പ്രദേശവാസികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഏപ്രില്‍ 22നാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു വിദേശ വിനോദസഞ്ചാരിയുള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടത്. ബൈസരണ്‍വാലിയിലെ പൈന്‍മരക്കാടുകളില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വിനോദസഞ്ചാരികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചത്.

സിന്ധു നദീജല കരാര്‍ റദ്ദാക്കി. ഇന്ത്യാ-പാക് യുദ്ധം നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത കരാര്‍ 65 വര്‍ഷങ്ങള്‍ക്കപ്പുറം മരവിപ്പിക്കാനുളള ഇന്ത്യയുടെ തീരുമാനം പാകിസ്താന് കനത്ത വെല്ലുവിളിയാണ്. പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ച ഇന്ത്യ വാഗ-അട്ടാരി ചെക്ക് പോസ്റ്റ് അടയ്ക്കുമെന്നും പ്രഖ്യാപിച്ചു. പാകിസ്താന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കാനും ഇന്ത്യയുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനമുണ്ടായി. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അംഗങ്ങളുടെ എണ്ണം 55-ല്‍ നിന്ന് 30 ആക്കി കുറയ്ക്കാനാണ് തീരുമാനമായത്.

അതേസമയം ഇന്ത്യക്കെതിരെ വീണ്ടും ആണവായുധ ഭീഷണിയുമായി പാക്കിസ്ഥാന്‍ ആണവമടക്കം എല്ലാ ശക്തിയും പാകിസ്ഥാന്‍ ഉപയോഗിക്കുമെന്ന് റഷ്യയിലെ പാക് അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി വ്യക്തമാക്കിയിരുന്നു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യക്കെതിരെ ആണവായുധമടക്കമുള്ള എല്ലാ ശക്തികളും ഉപയോഗിക്കുമെന്ന റഷ്യയിലെ പാക് അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലിയുടെ പരാമര്‍ശം. പാക്കിസ്ഥാനെതിരെ ഇന്ത്യ നടപടികള്‍ കടുപ്പിക്കുന്നതിനിടെയാണ് ഭീഷണി.

അതിനിടെ ബഹാവല്‍നഗര്‍, ഡോംഗ ബോംഗ സുഖന്‍വാല ചെക്ക്പോസ്റ്റിനടുത്തുനിന്ന് പാക് റേഞ്ചറെ ഇന്ത്യ പിടികൂടിയതായി പാകിസ്ഥാന്‍ സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ അതിര്‍ത്തിക്ക് ഉള്ളില്‍ നിന്നാണ് പിടികൂടിയത് എന്നാണ് പാക് സര്‍ക്കാരിന്റെ ആരോപണം. കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാനെ വിട്ടു നല്‍കാന്‍ പാക്കിസ്ഥാന്‍ ഇനിയും തയ്യാറാകാതെ സാഹചര്യത്തിലാണ് പാക്ക് റേഞ്ചര്‍ ബിഎസ്എഫിന്റെ കസ്റ്റഡിയില്‍ ആകുന്നത്.Rajnath Singh vows 'befitting' reply to those who dare to attack India

Tags:    

Similar News