ട്രംപിന്റെ സമാധാന ശ്രമങ്ങളെല്ലാം വെറുതേയായി! സമാധാനം ഉണ്ടാകണമെങ്കില്‍ തങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്ന നിലപാടിലേക്ക് റഷ്യ; സൂചനയായി യുക്രെയ്‌നില്‍ വന്‍ ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ; ഈ വര്‍ഷത്തെ വലിയ ആക്രമണം; സമവായത്തിന്റെ ഒരു സൂചനയും റഷ്യ നല്‍കുന്നില്ലെന്ന് സെലന്‍സ്‌കി
യുക്രെയ്‌നില്‍ വന്‍ ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ
കീവ്: യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ട്രംപ് നേരിട്ട് ഇറങ്ങിയ ശേഷവുംം റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. തങ്ങള്‍ പറയുന്നിടത്താണ് സമാധാനമെന്ന നിലപാടിലാണ് പുടിന്‍. ഒറ്റ രാത്രിയില്‍ 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമിച്ചതായി വ്യാഴാഴ്ച യുക്രെയ്ന്‍ വ്യോമസേന പറഞ്ഞു. മൂന്നര വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് റഷ്യ വ്യോമാക്രമണം കടുപ്പിച്ചത്.
ഇക്കുറി യുക്രെയ്‌നിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളെയാണ് റഷ്യ ലക്ഷ്യമിട്ടത്. യൂറോപ്യന്‍ രാജ്യങ്ങള്‍ യുക്രെയ്‌നില്‍ ഇറക്കിയ ആയുധങ്ങള്‍ സംഭരിച്ച ഇടങ്ങളാണ് പ്രധാനമായും റഷ്യ ലക്ഷ്യം വച്ചത്. റഷ്യന്‍ ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും 15ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഡ്രോണുകള്‍ ഉപയോഗിച്ചുള്ള റഷ്യന്‍ ആക്രമണത്തില്‍ മൂന്നാമത്തെ വലിയ ആക്രമണമാണ് ഉണ്ടായതെന്ന് കണക്കുകള്‍ പറയുന്നു.
574 ഡ്രോണുകളും 40 മിസൈലുകളുമാണ് റഷ്യ തൊടുത്തത്. ഒരാള്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുക്രെയ്‌നിന്റെ പടിഞ്ഞാറന്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെയാണ് റഷ്യ ലക്ഷ്യമിട്ടത്. ഡ്രോണുകളുടെ എണ്ണം കണക്കാക്കിയാല്‍ ഈ വര്‍ഷത്തെ മൂന്നാമത്തെ വലിയ ആക്രമണമായിരുന്നു ഇത്.
അലാസ്‌കയില്‍ ട്രംപ് -പുട്ടിനുമായി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയതിനു ശേഷവും ആക്രമണം റഷ്യ തുടരുകയായിരുന്നു. എന്നാല്‍ യുഎസ് പ്രസിഡന്റുമായി യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി കൂടിക്കാഴ്ച നടത്തിയശേഷം ഡ്രോണ്‍ ഉപയോഗിച്ചുള്ള റഷ്യന്‍ ആക്രമണം ശക്തമാണ്. ഉദ്ദേശം 1,000 ഡ്രോണുകളാണ് ഇക്കാലയളവില്‍ റഷ്യ പ്രയോഗിച്ചത്. യുക്രെയ്‌നിന്റെ ആയുധ സംഭരണികള്‍, ഡ്രോണ്‍ ഫാക്ടറികള്‍ തുടങ്ങിയവയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കിയെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
പശ്ചിമ യുക്രെയ്‌നിലെ അമേരിക്കന്‍ ഇലക്ട്രോണിക് ഉല്‍പാദന കേന്ദ്രം ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്്. അര്‍ഥവത്തായ പരിഹാര ശ്രമങ്ങളുടെ ഒരു സൂചനയും റഷ്യ നല്‍കുന്നില്ലെന്നും അന്താരാഷ്ട്ര സമൂഹം കടുത്ത ഉപരോധവും തീരുവയും ഏര്‍പ്പെടുത്തി റഷ്യക്കുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
അതേസമയം മധ്യപൂര്‍വ ഏഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇനി എന്ത് എന്ന ചോദ്യം യുഎസ് ഭരണകൂടത്തിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും വളരെ ഗൗരവമായി ഉയരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രംപിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടേണ്ടതുണ്ട്. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിനോട് കീഴടങ്ങി എന്ന പ്രതീതി ഉണ്ടായാല്‍ അത് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും വലിയ ദോഷം ചെയ്യും.
ഇനി ഒരു മത്സരത്തിന് സാധ്യതയില്ല എന്ന തിരിച്ചറിവ് പല ജനക്ഷേമ പ്രവര്‍ത്തന പ്രഖ്യാപനങ്ങളില്‍ നിന്നും സാധാരണക്കാര്‍ക്ക് വാഗ്ദാനം ചെയ്ത ചെക്കുകള്‍ വൈകുന്നതിനും കാരണമാകുന്നു എന്ന് ആരോപണമുണ്ട്. വിമര്‍ശനങ്ങളും ആരോപണങ്ങളും അതിജീവിക്കുവാന്‍ ട്രംപിന് ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്തി കാണിക്കേണ്ടതുണ്ട്. തമ്മില്‍ ചേരാത്ത ആവശ്യങ്ങളുമായി മുന്നോട്ടു നില്‍ക്കുന്ന യുക്രെയ്‌നെയും റഷ്യയെയും ഒരു സന്ധിയിലേക്ക് നയിക്കേണ്ടതുണ്ട്. ഇതിനു മുന്‍കൈ എടുക്കുവാന്‍ ഇത്രയും പരിശ്രമങ്ങള്‍ നടത്തിയ ട്രംപിന് മാത്രമേ കഴിയൂ.
സന്ധി സംഭാഷണങ്ങളിലും തുടര്‍ന്ന് ഒരു ഒത്തുതീര്‍പ്പ് ഉണ്ടായാലും പുട്ടിനും റഷ്യയും മേല്‍ക്കൈ നേടും എന്നൊരു ഭീഷണി പല കോണുകളില്‍ നിന്നും ഉയരുന്നു. മാധ്യമങ്ങളില്‍ ചിലതും ഇതേ ചിന്താഗതി പങ്കു വയ്ക്കുന്നുണ്ട്. അവസാനം ഒരു 'വിന്‍ ഫോര്‍ പുട്ടിന്‍' എന്ന ആരോപണം ഉണ്ടാകരുത് എന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. പൊതുവേദികളില്‍ പ്രകടിപ്പിക്കുന്നത് പോലെ അല്ലാതെ കുറേക്കൂടി കര്‍ക്കശ നിലപാട് പുട്ടിനോട് സ്വീകരിക്കണം എന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
ട്രംപിനോട് ഒരു ദയാദാക്ഷിണ്യവും പ്രകടിപ്പിക്കാത്ത വിമര്‍ശകര്‍ ട്രംപ് ഏര്‍പ്പെടുന്ന ചര്‍ച്ചകളിലോ ഉടമ്പടികളിലോ തീരെയും താല്‍പര്യം കാട്ടിയെന്ന് വരില്ല. ഇക്കാര്യത്തില്‍ ട്രംപിന് ആദ്യമായി നേടാനുള്ളത് സ്വന്തം രാജ്യത്തെ തന്നെ എതിര്‍പ്പ് സമീപനത്തെയാണ്. പിന്നീടാണ് യഥാര്‍ഥ പ്രശ്‌ന പരിഹാരം നേടേണ്ടത്. ഈ രണ്ടു കാര്യങ്ങളും അത്ര എളുപ്പമല്ല. ട്രംപ് ഡീല്‍ മേക്കിങ് ചര്‍ച്ചകളില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ച കണ്ടത്. ഇതിനൊരു അപവാദമായിരിക്കും തുടര്‍ന്നുള്ള ട്രംപിന്റെ ശ്രമങ്ങള്‍ എന്ന് ആശിക്കാം.