ട്രംപിന്റെ സമഗ്രമായ ഗാസ ഉടമ്പടിയെ സ്വാഗതം ചെയ്ത് സൗദി അറേബ്യ; അമേരിക്കയുമായി സഹകരിക്കാന്‍ സൗദി അറേബ്യ തയാറാണെന്ന് മന്ത്രിസഭ പ്രഖ്യാപനം; ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള സൗദിയുടെ ഊര്‍ജ്ജിതമായ നയതന്ത്ര ശ്രമങ്ങള്‍ വിജയം കണ്ടതെന്ന് എംബിഎസ് അധ്യക്ഷത വഹിച്ച യോഗത്തിന്റെ വിലയിരുത്തല്‍

ട്രംപിന്റെ സമഗ്രമായ ഗാസ ഉടമ്പടിയെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

Update: 2025-09-30 17:29 GMT

റിയാദ്: ഗാസയില്‍ സമഗ്രമായ ഉടമ്പടിക്കായി അമേരിക്കയുമായി സഹകരിക്കാന്‍ സൗദി അറേബ്യ സന്നദ്ധത പ്രകടിപ്പിച്ചു. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച റിയാദില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം, ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള സുപ്രധാന നിലപാട് ആവര്‍ത്തിച്ചു.

ഗസ്സയില്‍ യുദ്ധം അവസാനിപ്പിക്കുക, ഇസ്രായേലി സൈന്യം പൂര്‍ണമായി പിന്‍വാങ്ങുക, നിയന്ത്രണങ്ങളില്ലാതെ മതിയായ മാനുഷിക സഹായം എത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി അമേരിക്കയുമായി സഹകരിക്കാന്‍ സൗദി അറേബ്യ തയാറാണെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചു. 1967-ലെ അതിര്‍ത്തികളില്‍ കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിന് അടിസ്ഥാനമായ നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുമെന്ന് മന്ത്രിസഭ വിലയിരുത്തി.

ഫലസ്തീനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള സൗദിയുടെ ഊര്‍ജ്ജിതമായ നയതന്ത്ര ശ്രമങ്ങള്‍ വിജയം കണ്ടതായി യോഗം ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തെ ഏകീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര ഇച്ഛാശക്തി വര്‍ധിച്ചു വരുന്നതായും കൗണ്‍സില്‍ വിലയിരുത്തി.

ഗസ്സയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും പ്രദേശം പുനര്‍നിര്‍മ്മിക്കുന്നതിനും, മാനുഷിക സഹായം തടസ്സങ്ങളില്ലാതെ പ്രവേശിപ്പിക്കാനും ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമഗ്ര പദ്ധതിയെ സൗദി ഭരണകൂടം സ്വാഗതം ചെയ്തു. വെസ്റ്റ് ബാങ്ക് ഇസ്രായേലുമായി കൂട്ടിച്ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെയും മന്ത്രിസഭ അഭിനന്ദിച്ചു. ഇസ്രായേല്‍ പിന്മാറ്റം, മാനുഷിക സഹായം, ദ്വിരാഷ്ട്ര പരിഹാരം എന്നിവയില്‍ സൗദിയുടെ ദീര്‍ഘകാലമായിട്ടുള്ള നിലപാടുകള്‍ക്ക് മന്ത്രിസഭ വീണ്ടും അടിവരയിടുകയായിരുന്നു.

അതേസമയം ഗാസയില്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ഹമാസിന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്തുവന്നിരുന്നു. തങ്ങള്‍ മുന്നോട്ടുവെച്ച പദ്ധതി ഹമാസ് അംഗീകരിക്കണമെന്നും അല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു. ഹമാസിന്റെ പ്രതികരണത്തിനായി മൂന്നോ നാലോ ദിവസംനല്‍കുമെന്നും ട്രംപ് പറഞ്ഞു.

'എല്ലാം അറബ് രാജ്യങ്ങളും ഒപ്പുവെച്ചു, മുസ്ലിം രാജ്യങ്ങളും ഒപ്പുവെച്ചു, ഇസ്രയേലും ഒപ്പുവെച്ചു. ഇനി ഹമാസിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. ഹമാസ് അത് ചെയ്യുമോ ഇല്ലയോ എന്നറിയണം. അങ്ങനെയല്ലെങ്കില്‍ അത് വളരെ സങ്കടകരമായ പര്യവസാനമായിരിക്കും', ട്രംപ് വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു. തങ്ങള്‍ മുമ്പോട്ട് വെച്ച നിര്‍ദേങ്ങളില്‍ ഹമാസ് പ്രതികരിക്കണമെന്നും ഇതിനായി മൂന്നോ നാലോ ദിവസം സമയം നല്‍കുമെന്നും ട്രംപ് പറഞ്ഞു. ഇതിനുള്ളില്‍ പ്രതികരിച്ചില്ലെങ്കില്‍ ഇസ്രയേല്‍ ചെയ്യേണ്ടത് ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

തിങ്കളാഴ്ചയാണ് ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന പദ്ധതി ട്രംപ് പ്രഖ്യാപിച്ചത്. ബന്ദികളുടെ മോചനം, ഗാസയില്‍നിന്നുള്ള ഇസ്രയേല്‍ പിന്മാറ്റം, ഹമാസിന്റെ കീഴടങ്ങല്‍ നിബന്ധനകള്‍, പലസ്തീന്‍ പ്രദേശങ്ങള്‍ താത്കാലികമായി ഭരിക്കുന്നതിന് പ്രത്യേക സമിതി രൂപവത്കരണം, ഗാസയ്ക്ക് മാനുഷിക സഹായത്തിനുള്ള പദ്ധതി എന്നിവ ഉള്‍പ്പെടുന്നതാണ് സമാധാന പദ്ധതി.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വൈറ്റ് ഹൗസിലെത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സമാധാന പദ്ധതി പ്രഖ്യാപിച്ചത്. അടിയന്തര വെടിനിര്‍ത്തല്‍, ഹമാസിന്റെ നിരായുധീകരണം, ഇസ്രയേല്‍ പിന്‍വാങ്ങല്‍ എന്നിവ ആവശ്യപ്പെടുന്ന സമാധാന പദ്ധതി അംഗീകരിച്ചതിന് നെതന്യാഹുവിനോട് ട്രംപ് നന്ദിപറയുകയും ചെയ്തിരുന്നു.

Tags:    

Similar News