ചൈനയുമായുള്ള ഭിന്നതകള്‍ പരിഹരിക്കുന്നത് അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ ഇന്ത്യയെ സഹായിക്കും; കേന്ദ്രസര്‍ക്കാറിന്റേത് അത്യന്താപേക്ഷിതമായ നടപടി; ഇന്ത്യ-ചൈന ചര്‍ച്ചകളെ സ്വാഗതം ചെയ്ത് ശശി തരൂര്‍; മോദിക്ക് തരൂര്‍ കയ്യടിക്കുന്നത് ചൈനയുമായി അടുക്കുന്നതിനെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിക്കവേ
ചൈനയുമായുള്ള ഭിന്നതകള്‍ പരിഹരിക്കുന്നത് അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ ഇന്ത്യയെ സഹായിക്കും
ന്യൂഡല്‍ഹി: അമേരിക്കയുടെ ഇരട്ടിത്തീരുവയോടെ ചൈനയുമായി കൂടുതല്‍ അടുക്കാനാണ് ഇന്ത്യാ സര്‍ക്കാറിന്റെ തീരുമാനം. ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദിക്ക് ലഭിച്ച സ്വീകാര്യത ലോകം മുഴുവന്‍ ചര്‍ച്ചയാകുകയും ചെയ്തു. ഇതിനിടെ ഗാല്‍വാന്‍ വിഷയം അടക്കം ഉയര്‍ത്തി കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാറിനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ അഭിപ്രായത്തിന് നേര്‍വിപരീതമായ അഭിപ്രായവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തി.
ഇന്ത്യ-ചൈന നയതന്ത്ര ചര്‍ച്ചകളെ സ്വാഗതം ചെയ്തു കൊണ്ടാണ് തരൂര്‍ ഇക്കുറിയും കോണ്‍ഗ്രസിന് തലവേദന തീര്‍ത്തത്. നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത് അത്യന്താപേക്ഷിതമായ ഒരു നടപടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ ചൈനയുമായുള്ള ഭിന്നതകള്‍ പരിഹരിക്കുന്നത് ഇന്ത്യയെ സഹായിക്കുമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ഒരേ സമയം രണ്ട് വന്‍ ശക്തികളായ അമേരിക്കയെയും ചൈനയെയും പിണക്കി നിര്‍ത്തുന്നത് ഇന്ത്യക്ക് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യയുമായുള്ള ഇന്ത്യയുടെ ശക്തമായ ബന്ധത്തെയും തരൂര്‍ സ്വാഗതം ചെയ്തു. ചൈനയുമായി അടുക്കുന്നതിനെ കോണ്‍ഗ്രസ് നേരത്തെ വിമര്‍ശിച്ചിരുന്ന സാഹചര്യത്തിലാണ് തരൂരിന്റെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള നല്ല ബന്ധം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനിവാര്യമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
നേരത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയെ പരിഹസിച്ച് കൊണ്ടാണ് കോണ്‍ഗ്രസ് രംഗത്തുവന്നത്. ചൈനീസ് പ്രസിഡന്റിനു മുന്നില്‍ ഭീരുവിനെപ്പോലെ താണുവണങ്ങിയെന്നും പാക്കിസ്ഥാന്‍-ചൈന ജുഗല്‍ബന്ദിയെന്ന് വിശേഷിപ്പിച്ചതില്‍ മോദി മൗനം പാലിച്ചുവെന്നും കോണ്‍ഗ്രസിന്റെ കമ്മ്യൂണിക്കേഷന്‍ മേധാവി ജയറാം രമേശ് ആരോപിച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയതിനുപിന്നാലെ ഇന്ത്യയുമായുള്ള വ്യാപാരം ഏകപക്ഷീയമായ ദുരന്തമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. ഇന്ത്യയുമായി വളരെ കുറച്ച് വ്യാപാരം മാത്രമാണ് അമേരിക്കയ്ക്കുള്ളതെന്നും, എന്നാല്‍ അമേരിക്കയുമായി ഇന്ത്യ വന്‍തോതില്‍ വ്യാപാരം നടത്തുന്നുണ്ടെന്നെന്നും ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.
ഇന്ത്യ- യുഎസ് ബന്ധം വഷളാക്കിയതില്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം. നേരത്തെ ഇന്ത്യക്കുമേല്‍ തീരുവ ചുമത്തിയ ട്രംപിന്റെ തീരുമാനത്തെ, യുഎസ് ഹൗസ് വിദേശകാര്യ കമ്മിറ്റിയിലെ ഡെമോക്രാറ്റുകള്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യയെ തീരുവ ഭീഷണിയിലൂടെ ഒറ്റപ്പെടുത്തുകയാണെന്നും അമേരിക്കക്കാരെ വേദനിപ്പിക്കുകയാണെന്നും രണ്ടു പതിറ്റാണ്ടുകളായുള്ള യുഎസ്-ഇന്ത്യ ബന്ധത്തെ ഇല്ലാതാക്കുന്നുവെന്നും അവര്‍ വിമര്‍ശിച്ചിരുന്നു.