വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ഥിനി; ഗംഗാനദിയെയും പഴയ ഹോസ്റ്റലിനെയും തന്റെ അദ്ധ്യാപകരെയും കൂട്ടുകാരെയും ഗൃഹാതുരതയോടെ ഓര്‍ക്കുന്നയാള്‍; മോദിയെ കുറിച്ച് മതിപ്പ്; നേപ്പാളില്‍ സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രി; മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ജെന്‍ സികള്‍ അംഗീകരിച്ചത് നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന ഉപാധി അംഗീകരിച്ചതോടെ
നേപ്പാളില്‍ സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രി
കാഠ്മണ്ഡു: നേപ്പാളില്‍, സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രി. ഉടന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാത്രി 9 മണിക്കാണ് സത്യപ്രതിജ്ഞ. രാജ്യത്തെ പാര്‍ലമെന്റ് പിരിച്ചുവിട്ടു. പ്രസിഡന്റ് രാം ചന്ദ്ര പൗഡേലിന്റെ വസതിയില്‍ വച്ചാണ് സത്യപ്രതിജ്ഞ. സര്‍ക്കാരിനെതിരായ ജെന്‍ സി പ്രക്ഷോഭത്തെ തുടര്‍ന്ന് കെ പി ശര്‍മ ഒലി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ച് നാലുദിവസത്തിന് ശേഷമാണ് ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ സുശീല കര്‍ക്കി എത്തുന്നത്
ചില ഉപാധികളോടെയാണ് സുശീല കര്‍കിയുടെ നേതൃത്വം ജെന്‍ സി ഗ്രൂപ്പ് അംഗീകരിച്ചത്. നേരത്തെ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് സുശീലയുടെ നേതൃത്വത്തോട് വിയോജിപ്പുള്ളതായി റിപ്പോര്‍ട്ട് വന്നിരുന്നു. പാര്‍ലമെന്റ് പിരിച്ചുവിടണമെന്നതാണ് ജെന്‍ സി സുശീലയ്ക്ക് മുന്നില്‍ വച്ച മുഖ്യ ഉപാധി. സുശീലയുടെ കാര്യത്തില്‍ തങ്ങള്‍ സമവായത്തില്‍ എത്തിയതായി ജെന്‍സിയുടെ 'വി നേപ്പാള്‍' ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.
ജെന്‍ സി വിഭാഗത്തിന്റെ ശക്തമായ പിന്തുണയോടെയാണ് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ കര്‍ക്കിയുടെ പേര് ഉയര്‍ന്നുവരുന്നത്. അടുത്തിടെ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ സുശീല കര്‍ക്കി പങ്കെടുത്തതിന് പിന്നാലെയാണ് തീരുമാനം.
നേരത്തെ കാഠ്മണ്ഡു മേയര്‍ ബാലേന്‍ ഷായെ ഇടക്കാല പ്രധാനമന്ത്രിയായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് അനുകൂല പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെയാണ് സുശീല കര്‍ക്കിയുടെ പേര് സജീവ ചര്‍ച്ചയിലേക്ക് ഉയര്‍ന്നുവന്നത്. സോഷ്യല്‍ മീഡിയ നിരോധനത്തെ തുടര്‍ന്നുണ്ടായ ജെന്‍ സി പ്രക്ഷോഭം ശക്തമായതോടെ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും മന്ത്രിസഭയിലെ അംഗങ്ങളും പ്രസിഡന്റും രാജിവെച്ചിരുന്നു. പുതിയ സര്‍ക്കാര്‍ ഔദ്യോഗികമായി അധികാരമേല്‍ക്കുന്നതുവരെ സുശീല കര്‍ക്കി ഇടക്കാല സര്‍ക്കാരിനെ നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആരാണ് സുശീല കര്‍ക്കി?
1952 ജൂലൈ 7 ന് നേപ്പാളിലെ ബിരാട്‌നഗറില്‍ ജനിച്ച സുശീല കര്‍ക്കി, നിയമരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ്. 1972 ല്‍ ബിരാട്‌നഗറിലെ മഹേന്ദ്ര മൊറാങ് കാമ്പസില്‍ നിന്ന് ബിരുദവും 1975 ല്‍ വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും നേടി. 1978 ല്‍ നേപ്പാളിലെ ത്രിഭുവന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദം കരസ്ഥമാക്കി. 1979 ല്‍ ബിരാട്‌നഗറില്‍ അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിച്ച കര്‍ക്കി, 1985 ല്‍ ധരനിലെ മഹേന്ദ്ര മള്‍ട്ടിപ്പിള്‍ കാമ്പസില്‍ അസിസ്റ്റന്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു.
2007 ല്‍ സീനിയര്‍ അഡ്വക്കറ്റ് പദവിയിലെത്തിയ സുശീല കര്‍ക്കി, 2009 ല്‍ സുപ്രീം കോടതിയില്‍ താല്‍ക്കാലിക ജഡ്ജിയായും 2010 ല്‍ സ്ഥിരം ജഡ്ജിയായും നിയമിക്കപ്പെട്ടു. 2016 ജൂലൈ 11 മുതല്‍ 2017 ജൂണ്‍ 7 വരെ നേപ്പാളിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി അവര്‍ സേവനമനുഷ്ഠിച്ചു. ചീഫ് ജസ്റ്റിസ് എന്ന നിലയില്‍, പരിവര്‍ത്തന നീതി, തിരഞ്ഞെടുപ്പ് തര്‍ക്കങ്ങള്‍ തുടങ്ങി നിരവധി നിര്‍ണായക കേസുകളില്‍ സുശീല കര്‍ക്കി വിധി കല്‍പ്പിച്ചിട്ടുണ്ട്. 2017 ഏപ്രില്‍ 30 ന് മാവോയിസ്റ്റ് സെന്ററും നേപ്പാളി കോണ്‍ഗ്രസും ചേര്‍ന്ന് അവര്‍ക്കെതിരെ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജനകീയ പ്രതിഷേധങ്ങളെയും സുപ്രീം കോടതിയുടെ താല്‍ക്കാലിക ഉത്തരവിനെയും തുടര്‍ന്ന് ഈ നീക്കം പിന്‍വലിക്കപ്പെട്ടു.
ഇന്ത്യയെ കുറിച്ചും മോദിയെ കുറിച്ചും പറഞ്ഞത്
' മോദി ജിയെ കുറിച്ച് എനിക്ക് മികച്ച അഭിപ്രായമാണ്'- ന്യൂസ് 18 ന് നല്‍കിയ ഒരു അഭിമുഖത്തില്‍ സുശീല കാര്‍ക് പറഞ്ഞു. നേപ്പാളി ജനതയും ഇന്ത്യയിലെ ജനങ്ങളും തമ്മില്‍ നല്ല ബന്ധമാണുള്ളത്. പല ബന്ധുക്കളും പരിചയക്കാരും ഇന്ത്യയിലുണ്ട്. ഇന്ത്യന്‍ നേതാക്കളെ കുറിച്ച് നല്ല മതിപ്പാണ്. അവരെ സഹോദരീസഹോദരന്മാരായാണ് കണക്കാക്കുന്നത്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ അദ്ധ്യാപകരെയും കൂട്ടുകാരെയും എല്ലാം ഞാന്‍ ഓര്‍ക്കുന്നു. ഗംഗാ നദിയെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഗംഗയ്ക്ക് പുറമേ ഏവിടെ ഒരു ഹോസ്റ്റല്‍ ഉണ്ടായിരുന്നു. വേനല്‍കാലത്ത് രാത്രി ഞങ്ങള്‍ ടെറസില്‍ കിടന്ന് ഉറങ്ങുമായിരുന്നു.'
'ഇന്ത്യ നേപ്പാളിനെ എല്ലാ കാലത്തും സഹായിച്ചിട്ടുണ്ട്. നമ്മള്‍ വളരെ അടുപ്പമുള്ളവരാണ്.' കലാപകാലത്ത് നേപ്പാളിലെ ഇന്ത്യാക്കാരുടെ സുരക്ഷയും സുശീല കാര്‍ക്കി അഭിമുഖത്തില്‍ ഉറപ്പു നല്‍കി.