സിറിയയില്‍ വിമതര്‍ പിടിമുറുക്കുന്നു; അലപ്പോ പിടിച്ച വിമതര്‍ കൂടുതല്‍ മേഖലകള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമം തുടങ്ങി; വിമതരെ തുരത്താന്‍ സൈന്യത്തെ സഹായിക്കാന്‍ ഇറാഖിലെ സായുധസംഘവും

സിറിയയില്‍ വിമതര്‍ പിടിമുറുക്കുന്നു

Update: 2024-12-03 11:40 GMT

ഡമസ്‌കസ്: സിറിയയില്‍ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അലപ്പോ പിടിച്ച വിമതര്‍ കൂടുതല്‍ മേഖലകള്‍ നിയന്ത്രണത്തിലാക്കാന്‍ നീക്കം സജീവമാക്കി. റഷ്യന്‍ വ്യോമസേനയുടെ സഹായത്തോടെ സിറിയ തിരിച്ചടി തുടരുമ്പോഴും വിമതര്‍ മുന്നേറുകയാണ്. എാല്‍, ഔദ്യോഗിക സേനക്ക് സഹായവുമായി ഇറാഖി വിമത ഗ്രൂപ്പുകളായ കതാഇബ് ഹിസ്ബുല്ല അടക്കം എത്തുന്നത് പോരാട്ടം കനപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍. ഹയാത് തഹ്‌രീറുശ്ശാം (എച്ച്.ടി.എസ്) എന്ന വിമത വിഭാഗമാണ് അപ്രതീക്ഷിത നീക്കത്തില്‍ അലപ്പോ പിടിയിലൊതുക്കിയത്.

സമീപ നഗരമായ ഹമായും പിടിച്ചെടുക്കാന്‍ ശ്രമമുണ്ടായെങ്കിലും ഇവിടെ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തി അലപ്പോ കൂടി തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ്. ഇതിന്റെ ഭാഗമായി അലപ്പോയിലും ഇദ്‌ലിബിലുമടക്കം വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. പിന്തുണ ഉറപ്പുനല്‍കി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ച്ചി ഡമസ്‌കസിലെത്തിയിട്ടുണ്ട്. ഇറാഖ്, തുര്‍ക്കി രാജ്യങ്ങളും വിഷയത്തില്‍ ചര്‍ച്ച നടത്തി.

അലപ്പോയില്‍ സ്ഥാനമുറപ്പിച്ച വിമതസേനയ്‌ക്കെതിരായ യുദ്ധത്തില്‍ സൈന്യത്തെ സഹായിക്കാന്‍ ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ സായുധസംഘങ്ങള്‍ സിറിയയിലെത്തിയതായാണ് റിപ്പോര്‍്ട്ടുകള്‍. ഇറാഖിലെ ഷിയാ സായുധ സംഘടനകളിലെ അംഗങ്ങളായ 300 പേരെങ്കിലും എത്തിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. സിറിയയ്ക്ക് എല്ലാ സഹായവും ഇറാന്‍ പ്രഖ്യാപിച്ചു.

പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെതിരെ 2011 ല്‍ കലാപമുണ്ടായപ്പോള്‍ സര്‍ക്കാര്‍ സേനയെ സഹായിക്കാന്‍ ഇറാന്‍ ഇറാഖില്‍നിന്നുള്ള സായുധസംഘങ്ങളെ നിയോഗിച്ചിരുന്നു. ആവശ്യമായ സഹായം തുടര്‍ന്നും നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഖ്ചി പറഞ്ഞു. ഇതിനിടെ, സിറിയയിലെ പ്രശ്‌നം സംബന്ധിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും ഫോണില്‍ ചര്‍ച്ച നടത്തി.

വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ റഷ്യന്‍,സിറിയന്‍ പോര്‍വിമാനങ്ങള്‍ ഇന്നലെയും ആക്രമണം തുടര്‍ന്നു. ടര്‍ക്കിഷ് സായുധസംഘങ്ങളുടെ പിന്തുണയോടെ സുന്നി സായുധസംഘമായ ഹയാത് തഹ്രീര്‍ അല്‍ ഷാമിന്റെ (എച്ച്.ടി.എസ്.) നേതൃത്വത്തിലാണ് ബാഷര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെതിരേയുള്ള സായുധകലാപം.

സര്‍ക്കാര്‍ അധീനതയിലുള്ള വടക്കു-പടിഞ്ഞാറന്‍ പ്രവിശ്യയായ ഇഡ്‌ലിബില്‍ ദിവസങ്ങളായി സിറിയന്‍ സൈന്യവും സായുധസംഘാംഗങ്ങളും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണ്. അലെപ്പോയുടെ അഞ്ച് സമീപപ്രദേശങ്ങളുടെ നിയന്ത്രണം ഇവര്‍ ഏറ്റെടുത്തു. ഇഡ്ലിബിലും അലെപ്പോയിലുമായി തന്ത്രപ്രധാനമായ 50 പട്ടണങ്ങളും ഗ്രാമങ്ങളും അവര്‍ പിടിച്ചു.

സംഘര്‍ഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള 2019-ലെ സമാധാനക്കരാര്‍ കലാപകാരികള്‍ ലംഘിച്ചെന്ന് സിറിയന്‍ സൈന്യം ആരോപിച്ചു. അതേസമയം, റഷ്യയുമായിച്ചേര്‍ന്ന് സിറിയന്‍ സൈന്യം ഇഡ്‌ലിബില്‍ പ്രത്യാക്രമണം ശക്തമാക്കി. 2020-നുശേഷം മേഖലയില്‍ നടക്കുന്ന വലിയ സായുധകലാപമാണിത്.

സിറിയ, ഇറാന്‍, സായുധകലാപം, ബാഷര്‍ അല്‍ അസദ്

Tags:    

Similar News