ഐഎസ് തലവന്‍ ബാഗ്ദാദിയുടെ വിശ്വസ്തന്‍; വധശ്രമങ്ങളെ അതിജീവിച്ചത് പലതവണ; അമേരിക്ക തലയ്ക്ക് വിലയിട്ടത് 10 കോടി; പശ്ചാത്യ വേഷങ്ങളില്‍ പൊതുവേദികളിലെത്തിയ 'മിതവാദി'; അബു മുഹമ്മദ് അല്‍-ജുലാനിയുടേത് അല്‍ഖ്വയ്ദ ഭീകരരക്തം; ബാഷറിനെ വീഴ്ത്തിയ വിമത നേതാവ് സിറിയ ഭരിക്കുമോ?

സിറിയയുടെ വിധി നിര്‍ണയിക്കുക ഇനി അബു മുഹമ്മദ് അല്‍-ജുലാനി

Update: 2024-12-08 09:22 GMT

ഡമാസ്‌ക്കസ്: സിറിയയുടെ പൂര്‍ണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ ഇനി രാജ്യത്തിന്റെ ഭരണം കയ്യാളുക അല്‍ഖ്വയ്ദ പശ്ചാത്തലമുള്ള അബു മുഹമ്മദ് അല്‍ ജുലാനിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവസരവാദിയും അപകടകാരിയുമായ ഒരു കൊടും ഭീകരന്റെ കയ്യിലേക്ക് സിറിയയുടെ ഭരണമെത്തുന്നത് ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ഇടക്കാലത്ത് മിതവാദിയുടെ കൃത്രിമ പ്രതിച്ഛായയിലേക്ക് മാറിയെങ്കിലും, അല്‍-ജുലാനിയുടെ അല്‍ഖ്വയ്ദ പശ്ചാത്തലമാണ് ലോകത്തെ ഭയപ്പെടുത്തുന്നത്. സിറിയ പിടിക്കാന്‍ ഐഎസ് തലവന്‍ അബു ബകര്‍ അല്‍ ബാഗ്ദാദി നിയോഗിച്ച വിശ്വസ്തനും കൂടിയാണ് അബു മുഹമ്മദ് അല്‍ -ജുലാനി.

ആഭ്യന്തര യുദ്ധത്തിനിടെ ഛിന്നഭിന്നമായിക്കഴിഞ്ഞ രാജ്യത്തിന്റെ അധികാരം കൈവിട്ടുപോകാതിരിക്കാന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് 14 വര്‍ഷമായി നടത്തിവന്ന അടിച്ചമര്‍ത്തലുകള്‍ അവസാനിച്ചെന്ന് പറയുമ്പോഴും രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വസിക്കാന്‍ വകയില്ല. അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ചത് അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരന്‍ 42കാരനായ അബു മുഹമ്മദ് അല്‍ - ജുലാനിയാണ് എന്നത് തന്നെ കാരണം.

ഇസ്രായേല്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ എന്ന് പ്രഖ്യാപിച്ച സൈന്യതലവന്‍, ഒടുവില്‍ അമേരിക്കന്‍ മാധ്യമങ്ങളെ തന്നെ ഉപയോഗിച്ച് നിര്‍മിച്ച മിതവാദി പ്രതിച്ഛായയിലൂടെ യുഎസ് ആക്രമണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ തന്ത്രശാലി. സൗദിയില്‍ ജനിച്ച് ഏഴാം വയസ്സില്‍ കുടുംബത്തിനൊപ്പം സിറിയയിലേക്ക് മാറിയ അഹമദ് ഹുസൈന്‍ അല്‍ ഷറാ, സെപ്റ്റംബര്‍ 11 ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായത്. 2003 മുതല്‍ 5 വര്‍ഷം ഇറാഖി ജയിലിലാണ്. 2011ല്‍ അല്‍ ഖ്വയദായുടെ സിറിയന്‍ വിഭാഗം ജബത്ത് അല്‍ നുഷ്‌റ (jabhat -al -nushra) രൂപീകരിച്ച് അസദിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരുന്നു.

എന്നാല്‍ അല്‍ നുഷ്‌റ ഐഎസില്‍ ലയിക്കണമെന്ന് ആവശ്യപ്പെട്ടത്തോടെ ബാഗ്ദാദിയുമായി ഇടഞ്ഞു. പാശ്ചാത്യശക്തികള്‍ ഐഎസിനു പിന്നാലെ തിരിഞ്ഞപ്പോള്‍, സിറിയയിലെ ഇദ്‌ലിബില്‍ സ്വന്തം സാമ്രാജ്യം ഉയര്‍ത്തി കരുത്തനായി മാറുകയായിരുന്നു അല്‍ ജുലാനി. അല്‍ ഖ്വയദ് പശ്ചാത്തലം ഭാരം എന്ന തിരിച്ചറിവില്‍ ഭീകര സംഘടനയുടെ പേര് ഹയാത്ത് തഹ്രിര്‍ അല്‍ ഷാം (hayat -tahrir -al -sham) എന്ന് മാറ്റിയും നീളന്‍ കുപ്പായവും താടിയും ഉപേക്ഷിച്ച് പശ്ചാത്യ വേഷങ്ങളില്‍ പൊതുവേദികളില്‍ എത്തിയും മുഖംമിനുക്കാനുള്ള ശ്രമം പിന്നാലെ നടത്തിയിരുന്നു. സിറിയയിലെ ആഭ്യന്തര സംഘര്‍ഷത്തിനിടെ ജുലാനി റഷ്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അസദിന്റെ കഠിനമായ അടിച്ചമര്‍ത്തല്‍ ഒരു പൂര്‍ണ്ണ തോതിലുള്ള ആഭ്യന്തരയുദ്ധമായി വളര്‍ന്നതോടെയാണ് 2015 ഓടെ പ്രതിപക്ഷ ഗ്രൂപ്പുകളും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും സിറിയയുടെ വലിയൊരു ഭാഗത്തിന്റെ നിയന്ത്രണം കയ്യടക്കിയത്. സിറിയയിലെ ഏറ്റവും ശക്തമായ സായുധ പ്രതിപക്ഷ സേനയായി മാറിയ ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ (എച്ച്ടിഎസ്) തലപ്പത്ത് നില്‍ക്കുന്നത് അബു മുഹമ്മദ് അല്‍-ജുലാനിയാണ്. ജുലാനിയെ അമേരിക്കന്‍ സൈന്യം അറസ്റ്റ് ചെയ്‌തെങ്കിലും 2008ല്‍ വിട്ടയച്ചു. ഇതിന് ശേഷം 2012ല്‍ ജബത്ത് അല്‍ നുസ്ര സ്ഥാപിച്ച് സിറിയയിലെ അസദ് ഭരണകൂടത്തിനെതിരെ നീങ്ങാന്‍ ആരംഭിച്ചിരുന്നു.

ജുലാനി തന്നെയാണ് ഇപ്പോഴത്തെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും. എച്ച്ടിഎസിന്റെ സ്ഥാപകനെന്ന നിലയില്‍ അല്‍-ജുലാനി ഒരു ദശാബ്ദത്തോളമായി മറ്റ് സായുധ സേനകളില്‍ നിന്ന് വിട്ടുമാറി രാജ്യാന്തര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സിറിയയില്‍ ഒരു 'ഇസ്ലാമിക് റിപ്പബ്ലിക്' സൃഷ്ടിക്കുന്നതില്‍ ആണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


 



സിറിയന്‍ സാല്‍വേഷന്‍ ഗവണ്‍മെന്റ് വഴി എച്ച്ടിഎസ് ഇഡ്‌ലിബിന്റെ ഗവര്‍ണറേറ്റ് നടത്തി. സിവില്‍ സര്‍വീസുകള്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ജുഡീഷ്യറി, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ നല്‍കുന്നതിനും സാമ്പത്തികവും സഹായ വിതരണവും കൈകാര്യം ചെയ്യുന്നതിനെന്ന പേരിലാണ് എച്ച് ടി എസ് 2017 ല്‍ സ്ഥാപിച്ചത്.

1982 ല്‍ സൗദി അറേബ്യയിലെ റിയാദില്‍ ആണ് ജുലാനി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അവിടെ പെട്രോളിയം എഞ്ചിനീയറായിയരുന്നു. 1989-ല്‍ സിറിയയിലേക്ക് മടങ്ങിയ കുടുംബം ഡമാസ്‌കസിന് സമീപം സ്ഥിരതാമസമാക്കി. 2003-ല്‍ ഇറാഖിലേക്ക് മാറി. അമേരിക്കന്‍ അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി അദ്ദേഹം ഇറാഖില്‍ അല്‍-ഖ്വയ്ദയില്‍ ചേര്‍ന്നു.

2006-ല്‍ യുഎസ് സേന അറസ്റ്റ് ചെയ്യുകയും അഞ്ച് വര്‍ഷത്തോളം തടവിലാവുകയും ചെയ്ത അല്‍-ജുലാനിയെ പിന്നീട് സിറിയയില്‍ അല്‍-ഖ്വയ്ദയുടെ ശാഖ സ്ഥാപിക്കാന്‍ ചുമതലപ്പെടുത്തി. അല്‍-ഖ്വയ്ദയുടെ 'ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖിന്റെ' തലവനായ അബൂബക്കര്‍ അല്‍-ബാഗ്ദാദിയുമായി ആ ആദ്യ വര്‍ഷങ്ങളില്‍ അല്‍-ജുലാനി പ്രവര്‍ത്തിച്ചു. 2014 ലെ തന്റെ ആദ്യ ടെലിവിഷന്‍ അഭിമുഖത്തില്‍ ഇസ്ലാമിക നിയമം എന്ന തന്റെ ഗ്രൂപ്പിന്റെ വ്യാഖ്യാനത്തിന് കീഴിലാണ് സിറിയ ഭരിക്കപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

തുര്‍ക്കി, ചെച്ചെ്ന്ന്യ, ഇറാഖ്, മധ്യേഷ്യ തുടങ്ങി വിവിധ സ്ഥലങ്ങളിലെ യുവാക്കളെ റിക്രൂട്ട് ചെയ്ത് സംഘടന കരുത്താര്‍ജിച്ചു. സ്ത്രീകള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധം അല്ലെന്നും ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്നും പറയുമ്പോഴും ഇഡലിബിലെ ഭരണസമിതിയില്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രാതിനിധ്യം ഇല്ലാത്തത് അല്‍ ജുലാനിയുടെ തനിനിറം തെളിയിക്കുന്നതാണ്. വിമര്‍ശകരുടെ തലവെട്ടുകയും ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുക ആത്യന്തിക ലക്ഷ്യം എന്ന് പ്രഖ്യാപിക്കുകയും ചെയ്ത് അല്‍ ജുലാനി ആഗോള ഭീകരതയുടെ അടുത്ത പോസ്റ്റര്‍ ബോയ് ആകുമോ എന്നാ ആശങ്ക ഉയര്‍ത്തുന്നുണ്ട് സിറിയയിലെ കാഴ്ചകള്‍.

ഏകാധിപതിയില്‍ നിന്നും കൊടുംഭീകരനിലേക്ക്

2011മാര്‍ച്ചിലാണ് സിറിയയില്‍ പ്രക്ഷോഭങ്ങളുടെയെല്ലാം പൊട്ടിപ്പുറപ്പെടല്‍. ഇവയെ സ്വന്തം പിതാവിന്റെ പാത പിന്തുടര്‍ന്ന് ബാഷര്‍ അല്‍-അസദ് നിഷ്‌കരുണം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെ പ്രതിഷേധങ്ങളുടെ രീതി മാറി. കലാപം ആഭ്യന്തര യുദ്ധമായി മാറിയതോടെ സഖ്യകക്ഷികളായ ഇറാന്റെയും റഷ്യയുടേയും പിന്തുണയോടെ പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള നഗരങ്ങള്‍ തകര്‍ത്ത് കീഴ്‌പ്പെടുത്താന്‍ ബഷര്‍ തന്റെ സൈന്യത്തെ അഴിച്ചുവിട്ടു. ഇതിനുപിന്നാലെ സിറിയയിലെ സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ വ്യാപകമായ പീഡനങ്ങളും നിയമവിരുദ്ധമായ വധശിക്ഷകളും നടക്കുന്നതായി അന്താരാഷ്ട്ര അവകാശ സംഘടനകളും പ്രോസിക്യൂട്ടര്‍മാരും ആരോപിച്ചുകൊണ്ട് രംഗത്തെത്തി.

അഞ്ചുലക്ഷത്തോളം പേരാണ് സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. സിറിയയില്‍ യുദ്ധത്തിന് മുന്‍പുണ്ടായിരുന്നത് 23 ദശലക്ഷം പേരായിരുന്നെങ്കില്‍ യുദ്ധം തുടങ്ങി ഇതുവരെയുള്ള കണക്കനുസരിച്ച് ജനസംഖ്യയിലെ പകുതിയിലേറെ പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. പതിയെ തുടങ്ങിയ കലാപം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങിയപ്പോള്‍, ദശലക്ഷക്കണക്കിന് സിറിയക്കാരാണ് അതിര്‍ത്തികള്‍ കടന്ന് ജോര്‍ദാന്‍, തുര്‍ക്കി, ഇറാഖ്, ലെബനന്‍ എന്നിവിടങ്ങളിലേക്കും യൂറോപ്പിലേക്കും പലായനം ചെയ്തത്.

ഈയടുത്ത കാലം വരെയും അസദ് ഭരണകൂടത്തിന് പേടിക്കേണ്ട യാതൊരാവശ്യവും ഇല്ലായിരുന്നു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗം പ്രതിപക്ഷ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലും വടക്കുകിഴക്ക് കുര്‍ദിഷ് നിയന്ത്രണത്തിലുമായിരുന്നു. അതേസമയം തന്നെ സിറിയയുടെ പ്രധാനഭാഗങ്ങള്‍ സര്‍ക്കാര്‍ അധീനതയില്‍ തുടരുകയും ചെയ്തു. അതേസമയം ഡമാസ്‌കസ് പാശ്ചാത്യ ഉപരോധത്തില്‍ തുടരുകയായിരുന്നു. ഇതിനിടെ അറബ് ലീഗ് കഴിഞ്ഞ വര്‍ഷം സിറിയയുടെ അംഗത്വം പുനഃസ്ഥാപിച്ചു. 12 വര്‍ഷം മുമ്പ് ഡമാസ്‌കസുമായുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം സിറിയയിലെ ആദ്യത്തെ അംബാസഡറെ നിയമിച്ചതായി സൗദി അറേബ്യ മെയ് മാസത്തിലാണ് പ്രഖ്യാപിച്ചത്.

സിറിയയിലെ വന്‍ നഗരമായ ആലപ്പോയില്‍ വീണ്ടും തീമഴ പെയ്യാന്‍ തുടങ്ങിയത് ഏതാനും ദിവസം മുന്‍പാണ്. കുറച്ച് വര്‍ഷങ്ങളായി സമാധാനമെന്തെന്ന് പോലും അറിഞ്ഞിട്ടില്ലാത്ത സിറിയന്‍ ജനതയുടെ തലയ്ക്കു മുകളിലേക്ക് റഷ്യയും ഒപ്പം സര്‍ക്കാര്‍ സൈന്യവും പോര്‍വിമാനങ്ങളില്‍നിന്ന് ബോംബിങ് തുടങ്ങിയപ്പോള്‍ തെരുവുകളും നഗരങ്ങളും രക്തക്കളമായി, തകര്‍ന്നടിഞ്ഞു. പക്ഷേ, റഷ്യയുടെയും ഇറാന്റെയും ലബനനിലെ ഹിസ്ബുല്ല ഗ്രൂപ്പിന്റെയും പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന ബഷാര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ പതനത്തിലേക്കായിരുന്നു ഈ ആക്രമണങ്ങളെല്ലാം നയിച്ചത്.

ഹയാത്ത് തഹ്രീര്‍ അല്‍ ഷാം (എച്ച്ടിഎസ്) എന്ന വിമതസേന സിറിയന്‍ തലസ്ഥാനം ഡമാസ്‌കസ് പിടിച്ചെടുത്തിരിക്കുന്നു. നവംബര്‍ അവസാനവാരമായിരുന്നു ഇതിലേക്കു നയിച്ച സംഭവവികാസങ്ങളുടെ തുടക്കം. സിറിയന്‍ സര്‍ക്കാരിനെതിരെ വിമത സേന ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ ആക്രമണത്തിനാണ് 2024 നവംബര്‍ 27ന് തുടക്കമിട്ടത്.

നവംബര്‍ അവസാനത്തോടെ വടക്കുപടിഞ്ഞാറന്‍ സിറിയ ആസ്ഥാനമായുള്ള പ്രതിപക്ഷ ഗ്രൂപ്പുകള്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തോടെയാണ് സിറിയയില്‍ കാറ്റ് മാറി വീശാന്‍ തുടങ്ങിയത്. ഔദ്യോഗിക സേനാവിഭാഗം പെട്ടെന്ന് തകര്‍ന്നു. അസദിന്റെ സഖ്യകക്ഷികളായ റഷ്യയും ഇറാനും യുദ്ധത്തില്‍ വ്യാപൃതരായി. ഇക്കാരണത്താല്‍ സിറിയയുടെ വിഷയത്തില്‍ ശക്തമായി ഇടപെടാന്‍ ഇവര്‍ വിമുഖത കാണിക്കുകയും ചെയ്തു.

വിമതര്‍ സിറിയന്‍ തലസ്ഥാനം പിടിച്ചടക്കിയതോടെ അസദ് രാജ്യം വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അസദ് എവിടെയാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ബഷര്‍ അല്‍ അസദ് രാജ്യംവിട്ടതോടെ അവരുടെ 54 വര്‍ഷത്തെ കുടുംബവാഴ്ച കൂടിയാണ് സിറിയയില്‍ അവസാനിച്ചത്.

അസദ് രാജ്യം വിട്ടതിന് പിന്നാലെ സര്‍ക്കാര്‍ സൈനികര്‍ ചെറുത്തുനില്‍പപ്പ് പോലും നടത്താതെയാണ് കീഴടങ്ങിയത്. 24 വര്‍ഷം ഉരുക്കുമുഷ്ടിയുമായി രാജ്യം ഭരിച്ച അസദ് അജ്ഞാത സ്ഥലത്തേക്ക് വിമാനം കയറിയതായി റോയിട്ടേഴ്‌സിനോട് സംസാരിച്ച മുതിര്‍ന്ന സിറിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസദ് ഭരണം തകര്‍ന്നതായി സൈനിക കമാന്‍ഡ് ഉദ്യോഗസ്ഥരെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

'സ്വേച്ഛാധിപതി ബാഷര്‍ അല്‍-അസ്സാദ് പലായനം ചെയ്തു. ഞങ്ങള്‍ ദമാസ്‌കസിനെ സ്വേച്ഛാധിപതിയായ ബാഷര്‍ അല്‍-അസാദില്‍ നിന്ന് സ്വതന്ത്രമായി പ്രഖ്യാപിക്കുന്നു,' വിമതര്‍ പറഞ്ഞു. സിറിയയുടെ പുതിയ യുഗമാണിത് എന്ന് ഹയാത്ത് തഹ്രീര്‍ അല്‍-ഷാം വിമത വിഭാഗം പ്രസ്താവനയില്‍ പറഞ്ഞു. ഡമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിറിയന്‍ സൈന്യവും സുരക്ഷാ സേനയും പിന്‍വാങ്ങിയതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു.

ഡമാസ്‌കസിന് വടക്ക് കുപ്രസിദ്ധമായ സൈദ്‌നയ സൈനിക ജയിലില്‍ പ്രവേശിച്ചതായും തടവുകാരെ മോചിപ്പിച്ചതായും വിമതര്‍ അറിയിച്ചു. അല്‍-ഖ്വയ്ദയില്‍ നിന്ന് ഉത്ഭവിച്ചതും യുഎസും യുഎന്നും തീവ്രവാദ സംഘടനയായി കണക്കാക്കുന്നതുമായ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ (എച്ച്ടിഎസ്) നേതൃത്വത്തിലുള്ള വിമത വിഭാഗങ്ങള്‍ രണ്ടാഴ്ചയായി അസദ് ഭരണകൂടത്തിനെതിരായ നീക്കത്തിലായിരുന്നു.

Tags:    

Similar News