എച്ച് വണ്‍ ബി വിസയിലെ പരിഷ്‌ക്കാരം അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍; ട്രംപ് ഒപ്പിട്ട ഉത്തരവ് പരിഷ്‌കരിക്കാന്‍ നീക്കം; എച്ച് വണ്‍ ബി വീസയില്‍ വെയ്റ്റഡ് സെലക്ഷനൊരുങ്ങി യുഎസ്; ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കും; ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക് നാലു തവണ വീസക്കായി പരിഗണിക്കും

എച്ച് വണ്‍ ബി വിസയിലെ പരിഷ്‌ക്കാരം അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍

Update: 2025-09-24 05:27 GMT

വാഷിങ്ടണ്‍: എച്ച് വണ്‍ ബി വിസയിലെ പരിഷ്‌ക്കാരത്തില്‍ ഇളവു നല്‍കാന്‍ ആലോചിച്ചു അമേരിക്ക. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെച്ച് ദിവസങ്ങള്‍ കഴിയും മുമ്പേ എച്ച് വണ്‍ ബി വിസാ ഉത്തരവ് ഭേദഗതി വരുത്താനൊരുങ്ങുകയാണ് യുഎസ് ഭരണകൂടം. നിലവിലുള്ള ലോട്ടറി സമ്പ്രദായം നിര്‍ത്തി, അതിനുപകരം ഉയര്‍ന്ന വൈദഗ്ധ്യം, വേതനം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തി വിദേശികളായവര്‍ക്ക് വിസ നല്‍കാനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ നടത്താനാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ പുതിയ നിര്‍ദ്ദേശം.

എല്ലാ വേതന തലങ്ങളിലുമുള്ള തൊഴിലാളികളെ നിലനിര്‍ത്താന്‍ തൊഴിലുടമകള്‍ക്ക് അവസരം നല്‍കുന്നതാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ പുതിയ നിര്‍ദേശം. ഇതുപ്രകാരം, ജീവനക്കാരുടെ വേതനനിലവാരത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും തിരഞ്ഞെടുപ്പ്. വാര്‍ഷിക വരുമാനം 162528 വരെ ഡോളര്‍ ലഭിക്കുന്നവരെ നാല് തവണ സെക്ഷന്‍ പൂളില്‍ ഉള്‍പ്പെടുത്തും. ഏറ്റവും താഴ്ന്ന നിരയിലുള്ളവരെ ഒരു തവണയേ പരിഗണിക്കൂ.

വെയ്റ്റഡ് സിലക്ഷന്‍ രീതിയുടെ ഭാഗമായി പുതിയ ശമ്പള ബാന്‍ഡുകള്‍ സൃഷ്ടിക്കും. ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക് നാലു തവണ വീസക്കായി പരിഗണിക്കും. കുറഞ്ഞ വേതനമുള്ളവരെ ഒരു തവണയാകും പരിഗണിക്കുക. യുഎസ് സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് അടക്കം പരിഷ്‌കാരം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ആഗോള പ്രതിഭകളെ യുഎസ് സമ്പദ്വ്യവസ്ഥയിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ നിര്‍ദ്ദേശം വഴിവയ്ക്കുമെന്ന് മാനിഫെസ്റ്റ് ലോയിലെ പ്രിന്‍സിപ്പല്‍ ഇമിഗ്രേഷന്‍ അറ്റോര്‍ണി നിക്കോള്‍ ഗുണാര പറഞ്ഞു.

യുഎസിന്റെ എച്ച് വണ്‍ ബി വീസ പരിഷ്‌കരണത്തിനു പിന്നാലെ ആഗോള പ്രതിഭകളെ ആകര്‍ഷിക്കാന്‍ യുകെ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെ വീസയുമായാണ് ചൈന രംഗത്തെത്തിയത്. ഇതിനു പിന്നാലെയാണ് പദ്ധതി പരിഷ്‌കരിക്കാന്‍ യുഎസ് ഭരണൂടം തീരുമാനമെടുക്കുന്നത്.

എച്ച് വണ്‍ ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവില്‍ കഴിഞ്ഞയാഴ്ചയാണ് ട്രംപ് ഒപ്പുവെച്ചത്. ഈ പരിഷ്‌കരണം വന്‍തോതില്‍ ആശങ്കകള്‍ക്കിടയാക്കിയിരുന്നു. യുഎസില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരായ ഐടി ഉദ്യോഗസ്ഥരെ ഈ നിയമം വന്‍തോതില്‍ ബാധിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. യുഎസ് വിട്ടുപോയ ഉദ്യോഗസ്ഥരോട് എത്രയുംപെട്ടെന്ന്ത രാജ്യത്ത് തിരിച്ചെത്തണമെന്ന് പല കമ്പനികളും അറിയിപ്പും നല്‍കിയിരുന്നു.

ആശങ്ക ഉയര്‍ന്നതിനുപിന്നാലെ എച്ച് വണ്‍ ബി വിസ പരിഷ്‌കരണത്തില്‍ വ്യക്തതവരുത്തി വൈറ്റ് ഹൗസ് തന്നെ രംഗത്തെത്തി. വര്‍ധന പുതിയ അപേക്ഷകരെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും നിലവിലെ എച്ച് 1 ബി വിസക്കാരും എച്ച് വണ്‍ ബി വിസ പുതുക്കുന്നവരും ഈ ഫീസ് നല്‍കേണ്ടതില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു. നേരത്തെ എച്ച് വണ്‍ ബി വിസയ്ക്ക് 1700-5000 ഡോളര്‍ (1.49 ലക്ഷം-4.4 ലക്ഷം രൂപവരെ) മാത്രമായിരുന്നു ചെലവ്. എന്നാല്‍, ഇപ്പോള്‍ ഈ തുക ഒരുലക്ഷം ഡോളര്‍ (88 ലക്ഷം രൂപ) ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഓരോ വര്‍ഷവും അനുവദിക്കുന്ന എച്ച്1ബി വിസയില്‍ ഭൂരിപക്ഷവും നേടുന്നത് ഇന്ത്യക്കാരാണ്. 2024-ല്‍ 71 ശതമാനം. ചൈനക്കാരാണ് രണ്ടാമത് (11.7%).

Tags:    

Similar News