ഇന്ത്യ-യുഎസ് വ്യാപാരം ദുരന്തമായിരുന്നു; യുഎസ് ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ പൂജ്യമാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു; എന്നാല്‍ അത് ഏറെ വൈകി പോയി; വീണ്ടും അവകാശവാദവുമായി ട്രംപ്; യുഎസില്‍ നിന്ന് വളരെ കുറച്ച് എണ്ണയും സൈനിക ഉത്പന്നങ്ങളും മാത്രമേ ഇന്ത്യ വാങ്ങുന്നുള്ളുവെന്നും പ്രസിഡന്റ്

ഇന്ത്യ-യുഎസ് വ്യാപാരം ദുരന്തമായിരുന്നു: ട്രംപ്

Update: 2025-09-01 17:02 GMT

വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാരം തനിക്ക് മനസ്സിലാകുന്നതുപോലെ വളരെ കുറച്ച് ആളുകള്‍ക്കേ മനസ്സിലാകൂ എന്നും, അത് ഒരു ദുരന്തവും ഏകപക്ഷീയവുമായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ വെട്ടിക്കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ അത് ഏറെ വൈകിപ്പോയെന്നും ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഇന്ത്യ തങ്ങളുമായി വലിയ തോതില്‍ ബിസിനസ്സ് നടത്തുന്നുണ്ടെന്നും, അവരുടെ ഉത്പന്നങ്ങള്‍ അമേരിക്കയ്ക്ക് വില്‍ക്കുന്നുണ്ടെന്നും എന്നാല്‍ അമേരിക്കയുടെ ഉത്പന്നങ്ങള്‍ ഇന്ത്യയിലേക്ക് വളരെ കുറച്ച് മാത്രമേ വില്‍ക്കുന്നുള്ളൂ എന്നും ട്രംപ് ആരോപിച്ചു. ഇന്ത്യ ആവശ്യമായ എണ്ണയും സൈനിക ഉത്പന്നങ്ങളും ഭൂരിഭാഗവും വാങ്ങുന്നത് റഷ്യയില്‍ നിന്നാണെന്നും, യുഎസില്‍ നിന്ന് വളരെ കുറച്ച് മാത്രമേ വാങ്ങുന്നുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ തീരുവ പൂജ്യമാക്കാന്‍ വാഗ്ദാനം നല്‍കിയിരുന്നെന്നും എന്നാല്‍ അത് വൈകിപ്പോയെന്നും ട്രംപ് അവകാശപ്പെട്ടു. 'ഇത് വൈകിപ്പോയി. വര്‍ഷങ്ങള്‍ക്ക് മുന്‍പേ അവര്‍ ഇത് ചെയ്യേണ്ടതായിരുന്നു'- അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവയാണ് യുഎസ് ചുമത്തിയിട്ടുള്ളത്. റഷ്യയില്‍ നിന്ന് ആയുധങ്ങളും എണ്ണയും വാങ്ങുന്നതിനുള്ള 25 ശതമാനം പിഴ ഉള്‍പ്പെടെയാണ് ഈ തീരുവ. എന്നാല്‍, യുഎസ് നടപടി ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇന്ത്യയുടെ മറുപടി. ചൈനയിലെ ടിയാന്‍ജിനില്‍ എസ്.സി.ഒ. ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റുമായും റഷ്യന്‍ പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്രംപ് വീണ്ടും ഇന്ത്യക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പ്രശംസ. 21-ാം നൂറ്റാണ്ടിനെ നിര്‍വചിക്കാന്‍ ശേഷിയുള്ള ബന്ധമാണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എന്നിവര്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടയിലാണ് റൂബിയോയുടെ ഈ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്. 'പുതിയ കണ്ടുപിടിത്തങ്ങള്‍, സംരംഭകത്വം, പ്രതിരോധം, ഉഭയകക്ഷി ബന്ധങ്ങള്‍ എന്നിവയെല്ലാം നമ്മുടെ രണ്ട് ജനതകള്‍ തമ്മിലുള്ള സൗഹൃദമാണ് ഊര്‍ജ്ജം പകരുന്നത്,' റൂബിയോയെ ഉദ്ധരിച്ച് യുഎസ് എംബസി എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. പുരോഗതിയിലും സാധ്യതകളിലുമാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


Tags:    

Similar News