സൗഹൃദം മറന്ന് ട്രംപ് വീണ്ടും ചതിച്ചു; വീണ്ടും യുഎസ് പ്രസിഡന്റിന്റെ കടുത്ത പ്രഖ്യാപനം; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 25 ശതമാനം അധിക തീരുവ കൂടി; ആകെ തീരുവ 50 %; ഉത്തരവില്‍ ഒപ്പുവച്ചതോടെ മൂന്നാഴ്ച്ചയ്ക്കകം പ്രാബല്യത്തില്‍ വരും; കയറ്റുമതി മേഖല ആശങ്കയില്‍
സൗഹൃദം മറന്ന് ട്രംപ് വീണ്ടും ചതിച്ചു
വാഷിങ്ടണ്‍: ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ലെന്ന് ആരോപിച്ച യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കടുത്ത പ്രഖ്യാപനവുമായി വീണ്ടും രംഗത്തെത്തി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി. മൂന്നാഴ്ച കഴിഞ്ഞ് പ്രാബല്യത്തില്‍ വരും. ഇതോടെ ഇന്ത്യക്ക് മേലുളള തീരുവ 50 ശതമാനമായി ഉയര്‍ന്നു. ജൂലായ് 30-ന് ആണ് ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ യക്രെയിനിലെ യുദ്ധത്തിന് ഇന്ത്യ പണം നല്‍കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യ ഒരു നല്ല വ്യപാരപങ്കാളിയല്ല. കാരണം, അവര്‍ തങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നുണ്ട്. എന്നാല്‍ തങ്ങള്‍ അവരുമായി വ്യാപാരം നടത്തുന്നില്ല. അതുകൊണ്ട് തങ്ങള്‍ 25 ശതമാനം (തീരുവ) നിശ്ചയിച്ചു. പക്ഷേ താന്‍ ആ നിരക്ക് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗണ്യമായി ഉയര്‍ത്താന്‍ പോകുകയാണെന്ന് ചൊവ്വാഴ്ച ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ത്യക്കുമേല്‍ ചുമത്തിയ തീരുവ ഉയര്‍ത്തുമെന്ന് ഇക്കഴിഞ്ഞ ദിവസം തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ, വലിയ അളവില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, അങ്ങനെ വാങ്ങുന്നതില്‍ ഏറിയ പങ്കും ഉയര്‍ന്ന ലാഭത്തിന് പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു. യുക്രെയിനില്‍ എത്രയാളുകള്‍ റഷ്യ കാരണം കൊല്ലപ്പെടുന്നു എന്നതിനെ കുറിച്ച് അവര്‍ക്ക് ആശങ്കയില്ല. അതിനാല്‍ ഇന്ത്യ, അമേരിക്കയക്ക്് നല്‍കേണ്ടുന്ന തീരുവ ഞാന്‍ ഉയര്‍ത്തും, എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
ഇന്ത്യയുമായുള്ള വ്യാപാരത്തിലെ തടസ്സങ്ങളും റഷ്യയില്‍നിന്ന് ഇന്ത്യ വലിയതോതില്‍ എണ്ണയും സൈനികോപകരണങ്ങളും വാങ്ങുന്നതും ചൂണ്ടിക്കാട്ടിയാണ് ജൂലായ് 30-ന് 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചത്.
ഉയര്‍ന്ന തീരുവ പ്രഖ്യാപനം ഇന്ത്യയുടെ പ്രധാന കയറ്റുമതി മേഖലകളെയാകെ ആശങ്കയിലാക്കിയിട്ടുണ്ട്. ഉയര്‍ന്ന തീരുവ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ മത്സരക്ഷമതയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ടെക്സ്റ്റൈല്‍സ്, തുകല്‍, സമുദ്രോല്‍പ്പന്നങ്ങള്‍, മരുന്നുകള്‍ തുടങ്ങിയ മേഖലകളിലാണ് കടുത്ത ആശങ്ക. കാര്‍ഷിക മേഖല, ഭക്ഷ്യസംസ്‌കരണം, സ്റ്റീല്‍, ആഭരണങ്ങള്‍, വിലപിടിപ്പുള്ള കല്ലുകള്‍, പെട്രോളിയം തുടങ്ങിയ മേഖലകളെയും ദോഷകരമായി ബാധിക്കും.