എല്ലാം ട്രംപിന്റെ കളികള്‍! ഇന്ത്യയ്ക്കു മേല്‍ ഇരട്ടത്തീരുവ ചുമത്തിയത് റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍; പുടിനെ വഴിക്കുകൊണ്ടുവരാന്‍ യുഎസ് പ്രസിഡന്റ് പ്രയോഗിച്ച തന്ത്രമെന്ന് വിശദീകരിച്ച് വൈറ്റ് ഹൗസ്; റഷ്യ, യുക്രെയ്ന്‍, യുഎസ് ത്രികക്ഷി ചര്‍ച്ച ബുഡാപെസ്റ്റില്‍ നടക്കുമെന്നും സൂചന

ഇന്ത്യയ്ക്കു മേല്‍ ഇരട്ടത്തീരുവ ചുമത്തിയത് റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍

Update: 2025-08-20 06:31 GMT

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കു മേല്‍ ഇരട്ടത്തീരുവ ചുമത്തിയത് റഷ്യയെ സമ്മര്‍ദ്ദത്തിലാക്കി യുക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കാനാണെന്ന് വൈറ്റ് ഹൗസ്. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നുവെന്ന കാരണമാണ് ട്രംപ് ഇന്ത്യയ്ക്കു മേല്‍ നിലവിലുണ്ടായിരുന്ന 25 ശതമാനം തീരുവയ്ക്കു പുറമേ അധികമായി 25 ശതമാനം കൂടി ചുമത്താന്‍ കാരണമായി പറഞ്ഞിരുന്നത്.

ഇന്ത്യയ്ക്കു മേല്‍ നികുതി ചുമത്തിയത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെ ലക്ഷ്യമിട്ടാണെന്നും യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് വലിയ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കാരോലിന്‍ ലെവിറ്റ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കണമെന്നത് ട്രംപിന്റെ വ്യക്തമായ നിലപാടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ട് മോസ്‌കോയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഭരണകൂടത്തിന്റെ തന്ത്രത്തിന്റെ ഭാഗമാണിതെന്നും അവര്‍ വിശദീകരിച്ചു.

'ഈ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് വലിയ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അദ്ദേഹം സ്വീകരിച്ചിട്ടുള്ള നടപടികള്‍ നിങ്ങള്‍ കണ്ടതാണ്, ഇന്ത്യയുടെയും മറ്റു രാജ്യങ്ങളുടെയും മേലുള്ള ഉപരോധങ്ങള്‍ ഇതിന് ഉദാഹരണമാണ്,' ലെവിറ്റ് പറഞ്ഞു. പുടിനുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് ഒരു മാസം കാത്തിരിക്കണമെന്ന വാദങ്ങളെ ട്രംപ് തള്ളിക്കളഞ്ഞതായും അവര്‍ സൂചിപ്പിച്ചു. പ്രസിഡന്റ് എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

കഴിഞ്ഞ ദിവസം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി ട്രംപ് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സമാധാന ചര്‍ച്ചകള്‍ക്കായി റഷ്യ, യുക്രെയ്ന്‍, യുഎസ് എന്നിവയുടെ ത്രികക്ഷി സമ്മേളനം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാന്‍ ട്രംപ് പ്രതിജ്ഞാബദ്ധനാണെന്ന് ലെവിറ്റ് ആവര്‍ത്തിച്ചു.

യൂറോപ്യന്‍ നേതാക്കളും വൈറ്റ് ഹൗസില്‍ എത്തുകയും ഈ നീക്കത്തെ അഭിനന്ദിക്കുകയും ചെയ്തു. റഷ്യയും യുക്രെയ്‌നും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് യുഎസ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ലെവിറ്റ് അറിയിച്ചു.

Tags:    

Similar News