റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ അത് മൂന്നാം ലോക മഹായുദ്ധത്തിലെത്താം; ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള വിനാശകരമായ യുദ്ധമാകും അത്; റഷ്യയും യുക്രൈനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കവേ മുന്നറിയിപ്പുമായി ട്രംപ്

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ അത് മൂന്നാം ലോക മഹായുദ്ധത്തിലെത്താം

Update: 2025-03-15 03:55 GMT

വാഷിങ്ടണ്‍: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ അത് മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍. ആണവായുധങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള അത്യന്തം വിനാശകാരിയായ ഒരു യുദ്ധമായിരിക്കും അതെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. റഷ്യയും യുക്രൈനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇരു രാജ്യങ്ങള്‍ക്കും സമാധാന വ്യവസ്ഥകളില്‍ യോജിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്നും അമേരിക്കന്‍ പ്രസിഡന്റ് താക്കീത് നല്‍കി.

അത്തരത്തില്‍ ഒരു അവസ്ഥ വന്നാല്‍ വളരെ പെട്ടെന്ന് തന്നെ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് അത് എത്തിക്കുമെന്നും ട്രംപ് അമേരിക്കന്‍ സര്‍ക്കാരിന്റെ നീതിന്യായ വകുപ്പിലെ ഉന്നത വൃത്തങ്ങളോട് സൂചിപ്പിച്ചു. എന്നാല്‍ അമേരിക്ക ഇക്കാര്യത്തില്‍ അമേരിക്ക ഇടപെടാന്‍ ആരംഭിച്ച കാലഘട്ടത്തേക്കാള്‍ ഇപ്പോള്‍ സമാധാന നീക്കങ്ങള്‍ ഏറെ മെച്ചപ്പെട്ടിട്ടുള്ളതായി ട്രംപ് വ്യക്തമാക്കി. മൂന്നാം ലോകമഹായുദ്ധം ഉണ്ടായാല്‍ നമ്മള്‍ ആരും കേട്ടിട്ടില്ലാത്ത തരത്തിലുള്ള ആയുധങ്ങളായിരിക്കും യുദ്ധത്തിന് ഉപയോഗിക്കപ്പെടുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

താന്‍ അമേരിക്കയുടെ പ്രസിഡന്റ് ആയതിന് ശേഷം സമാധാന ചര്‍ച്ചകളില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ ട്രംപ് യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി സംസാരിച്ചിരുന്നതായും വെളിപ്പെടുത്തി. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക്് അമേരിക്ക നല്‍കിയ സഹായമായ 350 ബില്യണ്‍ ഡോളര്‍ തിരികെ ലഭിക്കുന്നതിനുള്ള ഒരു കരാറിന് വേണ്ടിയുള്ള ശ്രമങ്ങള്‍

പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയുമായും യുക്രൈനുമായും താന്‍ കഴിഞ്ഞ ദിവസവും സംസാരിച്ചതായും താന്‍ ബൈഡന് പകരം താനായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നതെങ്കില്‍ ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധം ഉണ്ടാകുക ഇല്ലായിരുന്നു എന്നും ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. നേരത്തേ റഷ്യന്‍ സൈന്യം വളഞ്ഞുവെച്ചിരുന്ന യുക്രൈന്‍ പട്ടാളക്കാരുടെ ജീവന്‍ സംരക്ഷിക്കണമെന്ന് പുട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

മൂന്ന് വര്‍ഷത്തോളമായി തുടരുന്ന യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ റഷ്യ 30 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.

അമേരിക്കയും യുക്രൈനുമാണ് വെടിനിര്‍ത്തല്‍ കരാര്‍ എന്ന ആവശ്യം റഷ്യയോട് ഉന്നയിച്ചത്. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയും യുക്രൈനും തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ട്രംപ്-പുതിന്‍ കൂടിക്കാഴ്ച സംഭവിക്കുന്നത്. അമേരിക്ക നിര്‍ദേശിച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ യുക്രൈന്‍ മുമ്പുതന്നെ അംഗീകരിച്ചിരുന്നു. അതേസമയം വ്യാഴാഴ്ചയാണ് റഷ്യ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചത്. എന്നാല്‍ ഏതാനും ഉപാധികളോടെ മാത്രമായിരിക്കും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കൂവെന്നാണ് പുട്ടിന്‍ അറിയിച്ചത്.

യുക്രൈന്‍ സൈന്യം ഈ വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ തയ്യാറാകുമോയെന്ന ആശങ്ക പ്രകടിപ്പിച്ച പുട്ടില്‍ 30 ദിവസത്തേക്ക് പ്രഖ്യാപിക്കുന്ന വെടിനിര്‍ത്തല്‍ സെലന്‍സ്‌കിയുടെ സൈന്യത്തിന് വീണ്ടും സംഘടിക്കാനുള്ള സാഹചര്യം ഒരുക്കുമോയെന്ന ആശങ്കയും പങ്കുവെച്ചിരുന്നു. ഏതുവിധത്തിലാണ് വെടിനിര്‍ത്തല്‍ നടപ്പാക്കുന്നത് എന്നതിനെ കുറിച്ച് ഗൗരവമേറിയ ചോദ്യങ്ങളുണ്ടെന്നും ഇതേക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹമുണ്ടെന്നും പുട്ടിന്‍ അറിയിച്ചിരുന്നു.

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ സമാധാനമുണ്ടാക്കാന്‍ ശ്രമം നടത്തിയതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് രാഷ്ട്രത്തലവന്മാര്‍ക്കും പുട്ടിന്‍ നന്ദി അറിയിച്ചിരുന്നു. ശത്രുത അവസാനിപ്പിക്കുന്നതിനും മനുഷ്യരുടെ നാശനഷ്ടങ്ങള്‍ തടയുന്നതിനുമുള്ള മഹത്തായ ലക്ഷ്യത്തോടെയാണ് ഇതെല്ലാം നടപ്പാക്കുന്നതെന്നാണ് പുട്ടിന്‍ പറഞ്ഞത്.

Tags:    

Similar News