സമാധാന ചര്‍ച്ചകളില്‍ ഹമാസ് താല്‍പര്യം കാണിക്കുന്നില്ല; പ്രതിനിധികളെ തിരിച്ചുവിളിച്ച് ഇസ്രയേലും യുഎസും; ഫലസ്തീന്‍ വിഷയത്തിലെ സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി; ഹമാസ് പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കിയവരില്‍ ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാണം; ഗാസ മുനമ്പില്‍ ഹമാസിന്റെ ഭരണം അവസാനിപ്പിക്കണമെന്നും ഇരുരാജ്യങ്ങളും

സമാധാന ചര്‍ച്ചകളില്‍ ഹമാസ് താല്‍പര്യം കാണിക്കുന്നില്ല

Update: 2025-07-26 01:12 GMT

കൊയ്‌റോ: സമാധാന ചര്‍ച്ചകളില്‍ ഹമാസ് താല്‍പര്യം കാണിക്കുന്നില്ലെന്നാരോപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രതിനിധികളെ തിരിച്ചുവിളിച്ചു. ഖത്തറിലാണ് സമാധാന ചര്‍ച്ചകള്‍ നടന്നിരുന്നത്. എന്നാല്‍ ഇസ്രയേലില്‍ നിന്നു ഹമാസ് പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കിയവരില്‍ ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാനും ഗാസ മുനമ്പില്‍ ഹമാസിന്റെ ഭരണം അവസാനിപ്പിക്കാനും മറ്റുമാര്‍ഗങ്ങള്‍ പരിഗണിക്കുകയാണെന്ന് ബെന്യാമിന്‍ നെതന്യാഹുവും ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പറഞ്ഞു.

തായ്ലന്‍ഡ്കംബോഡിയ സംഘര്‍ഷം രൂക്ഷമാകുന്നു: അടിയന്തര യോഗം ചേര്‍ന്ന് യുഎന്‍ സുരക്ഷാ സമിതി

ഹമാസ് നേതാക്കളെ വകവരുത്തുമെന്ന് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. 'ഹമാസിന് വെടിനിര്‍ത്തലിന് താല്‍പര്യമില്ല. അവര്‍ക്ക് മരിക്കാനാണ് താല്‍പര്യമെന്ന് തോന്നുന്നു. അത് വളരെ മോശമാണ്.' ട്രംപ് പറഞ്ഞു. അതേസമയം, സമാധാന ചര്‍ച്ച അടുത്തയാഴ്ച പുനരാരംഭിക്കുമെന്ന് ഹമാസ് പറഞ്ഞു.

അതിനിടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എന്നാല്‍, ഇസ്രായേലില്‍ നിന്ന് ഉടനടിയുള്ള എതിര്‍പ്പ് നേരിടേണ്ടിവരുമെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

'എക്‌സി'ലൂടെ തന്റെ തീരുമാനം പ്രഖ്യാപിച്ച മാക്രോണ്‍, ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന് അയച്ച കത്തും ഒപ്പം പുറത്തുവിട്ടു. ഫലസ്തീനെ അംഗീകരിച്ചുകൊണ്ട് മുന്നോട്ട് പോകാനും മറ്റ് പങ്കാളികളെ അത് പിന്തുടരാന്‍ പ്രേരിപ്പിക്കാനും ഫ്രാന്‍സിന്റെ ഉദ്ദേശ്യം അദ്ദേഹം വ്യക്തമാക്കി.

'മധ്യപൂര്‍വദേശത്ത് നീതിയുക്തവും സ്ഥിരതയുമുള്ള സമാധാനത്തിനുവേണ്ടിയുള്ള ചരിത്രപരമായ പ്രതിബദ്ധതക്ക് ഫ്രാന്‍സ് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് തീരുമാനിച്ചു' എന്നായിരുന്നു മാക്രോണിന്റെ വാക്കുകള്‍. അടുത്ത സെപ്റ്റംബറില്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ താന്‍ ഈ ഗൗരവമേറിയ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെയെങ്കില്‍ യൂറോപ്പിലെ ഏറ്റവും വലിയ ജൂത-മുസ്‌ലിം സമൂഹങ്ങളുടെ ആസ്ഥാനമായ ഫ്രാന്‍സ്, പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന ആദ്യത്തെ പ്രധാന പാശ്ചാത്യ രാജ്യമായി മാറും. ഇതുവരെ ഇസ്രായേലിനെ ശക്തമായി വിമര്‍ശിക്കുന്ന ചെറു രാജ്യങ്ങളുടെ കൂട്ടായ്മക്ക് കൂടുതല്‍ കരുത്തു നല്‍കുന്ന നീക്കമായിരിക്കും ഇതെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

എന്നാല്‍, ഫ്രാന്‍സിന്റെ പ്രഖ്യാപനത്തോടെ രോഷത്തിലാണ് ഇസ്രായേല്‍. പ്രതികരണവുമായി പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു തന്നെ രംഗത്തെത്തി. ഇത്തരമൊരു നീക്കം ഭീകരതക്ക് പ്രതിഫലം നല്‍കുകയും മറ്റൊരു ഇറാനിയന്‍ 'പ്രോക്‌സി'യെ സൃഷ്ടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു എന്ന് മാക്രോണിന്റെ തീരുമാനത്തെ അപലപിച്ചു.

'ഈ സാഹചര്യങ്ങളില്‍ ഒരു ഫലസ്തീന്‍ രാഷ്ട്രം ഇസ്രായേലിനെ ഉന്മൂലനം ചെയ്യുന്നതിനുള്ള ഒരു ലോഞ്ച് പാഡായിരിക്കും. വ്യക്തമായി പറയുന്നു. ഫലസ്തീനികള്‍ ഇസ്രായേലിനൊപ്പം ഒരു രാഷ്ട്രം തേടുന്നില്ല. അവര്‍ ഇസ്രായേലിന് പകരം ഒരു രാഷ്ട്രം തേടുന്നുവെന്നും' നെതന്യാഹു 'എക്‌സി'ലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് ഈ നീക്കത്തെ 'ഭീകരതക്കു മുന്നിലുള്ള കീഴടങ്ങലെന്ന്' വിശേഷിപ്പിച്ചു, 'നമ്മുടെ സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന, നമ്മുടെ നിലനില്‍പ്പിനെ അപകടപ്പെടുത്തുന്ന ഒരു ഫലസ്തീന്‍ സ്ഥാപിക്കാന്‍ ഇസ്രായേല്‍ അനുവദിക്കില്ലെന്നും' കൂട്ടിച്ചേര്‍ത്തു.

ഫലസ്തീന്‍ രാഷ്ട്രത്തെ ഏകപക്ഷീയമായി അംഗീകരിക്കുന്ന ഏതൊരു നടപടിയെയും എതിര്‍ക്കുമെന്ന് കഴിഞ്ഞ ജൂണില്‍ അമേരിക്ക പറഞ്ഞിരുന്നു. അത് യു.എസ് വിദേശനയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്നും അനന്തരഫലങ്ങള്‍ ഉണ്ടാക്കുമെന്നും അതിനെ എതിര്‍ക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, ഫ്രാന്‍സിന്റെ പുതിയ നീക്കത്തിനുള്ള പ്രതികരണം യു.എസില്‍ നിന്ന് വന്നിട്ടില്ല.

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കരുതെന്ന സമ്മര്‍ദ്ദം ഉണ്ടായിരുന്നിട്ടും ദ്വിരാഷ്ട്ര പരിഹാരം എന്ന ആശയം സജീവമായി നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി, മാക്രോണ്‍ അതിലേക്ക്ചായുകയായിരുന്നു. ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ഫലസ്തീന്‍ രാഷ്ട്രത്തിലേക്കുള്ള ഒരു റോഡ് മാപ്പിനുള്ള മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുന്നതിനായി ജൂണില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിന് മുന്നോടിയായി ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ ഈ നീക്കത്തെക്കുറിച്ച് ആദ്യം ആലോചിക്കുകയുണ്ടായി.

എന്നാല്‍, യു.എസ്.സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സമ്മേളനം മാറ്റിവെച്ചു. തുടര്‍ന്ന് 12 ദിവസത്തെ ഇസ്രായേല്‍-ഇറാന്‍ വ്യോമയുദ്ധം ആരംഭിച്ചു. ഈ സമയത്ത് പ്രാദേശിക വ്യോമാതിര്‍ത്തി അടച്ചിരുന്നു. ഇത് ചില അറബ് രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് പങ്കെടുക്കുന്നത് ബുദ്ധിമുട്ടാക്കി.

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന മാക്രോണിന്റെ സമ്മര്‍ദത്തിനെതിരെ ബ്രിട്ടണ്‍, കാനഡ തുടങ്ങിയ സഖ്യകക്ഷികളില്‍ നിന്ന് അദ്ദേഹം എതിര്‍പ്പ് നേരിട്ടതായി നയതന്ത്രജ്ഞര്‍ പറയുന്നു. അടുത്ത ആഴ്ച ഏകദേശം 40 വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ സമ്മേളിക്കുന്നുണ്ട്. ഇസ്രായേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളില്‍ ഒന്നായ ഫ്രാന്‍സും ജി 7 അംഗവുമായ ഫ്രാന്‍സിന് ഒരു ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ കഴിയുമെന്ന ആശയം തീര്‍ച്ചയായും നെതന്യാഹുവിനെ പ്രകോപിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News