അമേരിക്കയെ ഒന്നാമതാക്കാന്‍ ട്രംപ് തുനിഞ്ഞിറങ്ങിയതോടെ 'തീരുവ' പേടിയില്‍ ലോകരാജ്യങ്ങള്‍; ഏപ്രില്‍ രണ്ടുമുതല്‍ യുഎസിലേക്കുള്ള വിദേശ വാഹനങ്ങളുടെ ഇറക്കുമതിക്കും തീരുവ ചുമത്തുമെന്ന് പ്രഖ്യാപനം; വിമര്‍ശനവുമായി വാഹന നിര്‍മ്മാണ കമ്പനികള്‍
ഏപ്രില്‍ രണ്ടുമുതല്‍ യുഎസിലേക്കുള്ള വിദേശ വാഹനങ്ങളുടെ ഇറക്കുമതിക്കും തീരുവ ചുമത്തുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: തീരുവകള്‍ കൊണ്ട് അമ്മാനമാടി വിദേശരാജ്യങ്ങളുടെ ഉറക്കം കെടുത്തുകയാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഏപ്രില്‍ രണ്ടുമുതല്‍ വിദേശ കാറുകളുടെ ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഒടുവിലത്തെ പ്രഖ്യാപനം. ഏപ്രില്‍ ഒന്നിനാണ് വിദേശകാറുകള്‍ക്ക് ചുങ്കം പ്രഖ്യാപിക്കാന്‍ ആദ്യം ആലോചിച്ചത്. അന്ന് വിഡ്ഢികളുടെ ദിനം ആയത് കൊണ്ട് തനിക്ക് ചെറിയ അന്ധവിശ്വാസം ഉണ്ടെന്നും അതാണ് ഏപ്രില്‍ രണ്ടാക്കിയതെന്നും ഓവല്‍ ഓഫീസില്‍ പ്രസിഡന്റ് പറഞ്ഞു. നമ്മള്‍ ഏപ്രില്‍ 2 മുതലാണ് താരിഫ് കൊണ്ടുവരുന്നത്, ശരിയല്ലേ എന്ന് ട്രംപ് തന്റെ ഉപദേഷ്ടാവിനോട് ചോദിച്ചു. അതുഉപദേഷ്ടാവ് ശരി വയ്ക്കുകയും ചെയ്തു.
ട്രംപിന്റെ പ്രഖ്യാപനം വാഹന വ്യവസായത്തില്‍ വലിയ പ്രഖ്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. ഏതൈല്ലാം രാജ്യങ്ങളിലെ ഏതുതരം വാഹനങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തും എന്ന കാര്യത്തില്‍ വ്യക്തതയില്ല. അമേരിക്കയില്‍ വില്‍ക്കുന്ന ആകെ കാറുകളുടെ 50 ശതമാനവും ആഭ്യന്തരമായി നിര്‍മ്മിച്ചവയാണ്. ബാക്കി 25% ശതമാനം മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. വമ്പന്‍ വാഹന നിര്‍മ്മാതാക്കള്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ മറ്റ് പ്രധാനപ്പെട്ട രാജ്യങ്ങളില്‍ നിന്നുമാണ് ബാക്കി 25 ശതമാനം വാഹനങ്ങള്‍ എത്തുന്നത്. ജപ്പാന്‍, ദക്ഷിണ കൊറിയ, ജര്‍മ്മനി, ബ്രിട്ടന്‍, ഇറ്റലി, സ്വീഡന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍.
അതേസമയം മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ക്കെതിരെ ട്രംപ് ഏര്‍പ്പെടുത്തിയ തീരുവയെ വിമര്‍ശിച്ച് അമേരിക്കയിലെ വാഹന നിര്‍മ്മാണ കമ്പനികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയിലെ പ്രധാന വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ സിഇഒ ജിം ഫാര്‍ലി ട്രംപിന്റെ നീക്കത്തോട് വിയോജിച്ച് പ്രകടിപ്പിച്ചു. അമേരിക്ക - മെക്‌സിക്കോ - കാനഡ വ്യാപാര കരാര്‍ പ്രകാരം വടക്കേ അമേരിക്കയില്‍ ഉടനീളം വിതരണ ശൃംഖലകള്‍ സംയോജിപ്പിച്ച യുഎസ് കമ്പനികള്‍ക്ക് ഇരു രാജ്യങ്ങള്‍ക്കും എതിരെ തീരുവ ഏര്‍പ്പെടുത്തുന്നത് തിരിച്ചടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങള്‍ക്കുമെതിരെ ഫെബ്രുവരി മൂന്നാം തീയതി പ്രഖ്യാപിച്ച തീരുവ പ്രാബല്യത്തില്‍ വരുത്താനുള്ള തീരുമാനം 30 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചിട്ടുണ്ട്
മാര്‍ച്ച് 12 മുതല്‍, പുറത്തുനിന്നുള്ള സ്റ്റീലിനും അലൂമിനിയത്തിനും 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉയര്‍ന്ന ഇറക്കുമതി നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്ക് പകരമായി റസിപ്രോക്കല്‍ നികുതി ചുമത്തുന്നതിന്റെ വിശദാംശങ്ങളും ട്രംപ് വ്യാഴാഴ്ച വിശദീകരിച്ചിരുന്നു.
അമേരിക്കന്‍ വാഹനങ്ങള്‍ക്ക് 10 ശതമാനം തീരുവയാണ് യൂറോപ്യന്‍ യൂണിയന്‍ ചുമത്തുന്നത്. എന്നാല്‍ യുഎസ് ആകട്ടെ, യൂറോപ്യന്‍ കാറുകള്‍ക്ക് 2.5 ശതമാനം തീരുവയേ ചുമത്തുന്നുള്ളു. ഏപ്രില്‍ രണ്ടുമുതല്‍ അതിനെല്ലാം മാറ്റം വന്നേക്കും.