യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങളോട് പുറംതിരിഞ്ഞു നിന്നു പുടിന്‍; 'യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന് തടസ്സം നിന്നാല്‍ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് 50 ശതമാനം വരെ അധിക നികുതി ചുമത്തും'; മുന്നറിയപ്പുമായി ട്രംപ്; സെലന്‍സ്‌കി-പുടിന്‍ തര്‍ക്കങ്ങള്‍ സമാധാന ശ്രമങ്ങള്‍ക്ക് വെല്ലുവിളി

യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങളോട് പുറംതിരിഞ്ഞു നിന്നു പുടിന്‍

Update: 2025-03-31 00:51 GMT

വാഷിങ്ടന്‍: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ കാര്യമായി മുന്നോട്ടുപോകാത്ത അവസ്ഥയിലാണ്. ട്രംപും, സെലന്‍സ്‌കിയും തമ്മിലുള്ള ശീതയുദ്ധം തുടരുന്നതാണ് ചര്‍ച്ചകളെ പിന്നോട്ടു വലിക്കുന്നത്. ഇതിനിടെ പുടിന് ശക്തമായ താക്കീതുമായി ട്രംപ് രംഗത്തുവന്നു.

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ തടസ്സം നിന്നാല്‍ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് 20 മുതല്‍ 50 ശതമാനം വരെ അധികനികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കി.

സമാധാനശ്രമങ്ങള്‍ക്കിടെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ നേതൃത്വത്തെ പുട്ടിന്‍ ചോദ്യംചെയ്തതിലുള്ള അമര്‍ഷവും ടെലിവിഷന്‍ ചാനലിനു നല്‍കിയ പ്രതികരണത്തില്‍ ട്രംപ് അറിയിച്ചു. ഇതിനോടു റഷ്യ പ്രതികരിച്ചിട്ടില്ല.

ഇതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ വാഹനത്തിന് തീപ്പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മോസ്‌കോയിലെ എഫ്എസ്ബി ഹെഡ്ക്വാര്‍ട്ടേഴ്സിന് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. പുടിന്റെ ഔറസ് സെനറ്റ് ലിമോസിന്‍ എന്ന ആഢംബരവാഹനം പൊട്ടിത്തെറിക്കുകയും പിന്നാലെ തീപ്പിടിക്കുകയുമായിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കനത്ത പുക കാറില്‍ നിന്നുയരുന്നതും പ്രദേശത്തുള്ളവര്‍ തീ അണക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാറിന്റെ എന്‍ജിനില്‍ ആദ്യം തീപിടിക്കുകയും പിന്നാലെ മറ്റുഭാഗങ്ങളിലേക്ക് പടരുകയും ചെയ്തെന്നാണ് വിവരം. തീപിടിത്തമുണ്ടായ സമയത്ത് കാറിനകത്ത് ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ലെന്നാണ് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശക്തമായ സുരക്ഷാസംവിധാനങ്ങളുള്ള വാഹനമാണ് ലിമോസിന്‍. ഏകദേശം രണ്ടരക്കോടി രൂപയോളമാണ് കാറിന്റെ വില. വന്‍ സുരക്ഷാസംവിധാനങ്ങളുള്ള കാര്‍ അപകടത്തില്‍പ്പെട്ടത് സംബന്ധിച്ച് ദുരുഹത നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല ഇത് റഷ്യന്‍ പ്രസിഡന്റിന് നേരെയുണ്ടായ വധശ്രമമാണോ എന്ന സംശയവും ഉയരുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

അടുത്തിടെ പുതിനെ കുറിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. പുടിന്റെ മരണം ഉടന്‍ സംഭവിക്കുമെന്നും റഷ്യ യുക്രൈന്‍ യുദ്ധം അങ്ങനെമാത്രമേ അവസാനിക്കുകയുള്ളൂവെന്നും സെലെന്‍സ്‌കി പറഞ്ഞതായി കീവ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബുധനാഴ്ച പാരിസില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴായിരുന്നു സെലന്‍സ്‌കിയുടെ പരാമര്‍ശം. പുടിന്റെ ആരോഗ്യനില മോശമാണെന്ന രീതിയില്‍ അഭ്യൂഹങ്ങളുയരുന്നതിനിടെ 'കിയവ് ഇന്‍ഡിപെന്‍ഡന്റ്' എന്ന വാര്‍ത്താ പോര്‍ട്ടലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

''പുടിന്‍ ഉടന്‍ മരിക്കുമെന്നത് വസ്തുതയാണ്, യുദ്ധം അവസാനിക്കുകയും ചെയ്യും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ സെലന്‍സ്‌കി പറഞ്ഞു. സമാധാന, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ ക്രെംലിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ ശക്തമായി തുടരാന്‍ അദ്ദേഹം യു.എസിനോട് ആവശ്യപ്പെടുകയും ചെയ്തു. ആഗോള ഒറ്റപ്പെടലില്‍നിന്ന് പുടിനെ പുറത്തുകടക്കാന്‍ അമേരിക്ക സഹായിക്കരുത്. അത് അപകടകരമാണെന്ന് താന്‍ വിശ്വസിക്കുന്നു. യൂറോപ്-അമേരിക്ക സഖ്യത്തെ പുതിന്‍ ഭയപ്പെടുന്നുണ്ടെന്നും അത് തടയനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും യുക്രേനിയന്‍ പ്രസിഡന്റ് പറഞ്ഞു.

അതേസമയം, യുദ്ധത്തില്‍ അമേരിക്ക നല്‍കിയ സഹായത്തിന് സെലെന്‍സ്‌കി നന്ദി പ്രകടിപ്പിച്ചു. എന്നാല്‍ യുദ്ധ സാഹചര്യങ്ങളെ കുറിച്ചുള്ള റഷ്യന്‍ നിലപാടുകളില്‍ യു.എസ് സ്വാധീനിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്‌നിലെ ഊര്‍ജ സംവിധാനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ യു.എസ് മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളും സമ്മതിച്ചതിന് പിന്നാലെയാണ് സെലെന്‍സ്‌കിയുടെ പ്രതികരണം. ആ?ഗോളവിപണിയില്‍ റഷ്യക്കുള്ള ഉപരോധങ്ങളില്‍ ഇളവ് നല്‍കുന്നതിന് യു.എസ് തയാറായതോടെയാണ് ആക്രമണങ്ങള്‍ തല്‍ക്കാലം നിര്‍ത്താന്‍ റഷ്യ തയാറായത്.

അതിനിടെ സൗദിയുടെ സമാധാന മധ്യസ്ഥതയില്‍ കരിങ്കടല്‍ കൂടി ശാന്തമാകാന്‍ വഴി തെളിഞ്ഞിരുന്നു. ആക്രമണങ്ങളെ ഭയക്കാതെ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ റഷ്യയും യുക്രൈനും വെവ്വേറെ കരാറുകളില്‍ ഒപ്പിട്ടു. ഒരു സമ്പൂര്‍ണ വെടിനിര്‍ത്തലല്ലെങ്കിലും അത്രതന്നെ പ്രധാന്യമുള്ളതാണ് ഈ കരാര്‍. ലോകത്തിന്റെ വിശപ്പ് മാറ്റാന്‍ പോകുന്ന കരാറായിരിക്കും ഇതെന്നാണ് വിശേഷണം.

യുക്രൈന്‍, റഷ്യ, ജോര്‍ജ്ജിയ, തുര്‍ക്കി, ബള്‍ഗേറിയ, റൊമാനിയ ഇവയ്‌ക്കെല്ലാം തീരം നല്‍കുന്ന കരിങ്കടല്‍. പ്രധാന കടല്‍പ്പാതകളിലേക്ക് റഷ്യയ്ക്കും യുക്രൈനും ഒരുപോലെ തന്ത്രപ്രധാന കവാടമാണിത്. യൂറോപ്പുമായും മിഡില്‍ ഈസ്റ്റുമായും മെഡിറ്ററേനിയനിലേക്കും കണക്ഷന്‍ ഉറപ്പാക്കുന്ന കരിങ്കടലിലെ ആധിപത്യം കൂടിയായിരുന്നു റഷ്യ - യുക്രൈന്‍ യുദ്ധമെന്നത്.

30 ദിവസത്തേക്ക് കരിങ്കടലില്‍ പരസ്പരം ആക്രമിക്കില്ലെന്നാണ് കരാര്‍. സാമ്പത്തികമായി റഷ്യയ്ക്കും യുക്രൈനും ലോകത്തിനും അനിവാര്യമായത്. കയറ്റുമതിയും വ്യാപാരവും തടസ്സപ്പെട്ട് റഷ്യയും യുക്രൈനും ഞെരുങ്ങിയിരുന്നു. ലോകത്താകെ ഭക്ഷ്യക്ഷാമ, വിലക്കയറ്റ ആശങ്ക മുകളിലേക്കാണ്. 2 വലിയ രാജ്യങ്ങളായ റഷ്യയില്‍ നിന്നും യക്രൈനില്‍ നിന്നും സുഗമമായി ഇന്ധനവും ധാന്യങ്ങളും ചരക്കുകളും പുറംലോകത്തെത്താന്‍ കരിങ്കടല്‍ വേണം. റഷ്യയ്ക്ക് മറ്റ് തീരങ്ങളുണ്ടെങ്കിലും കരിങ്കടല്‍ അതീവ തന്ത്രപ്രധാനമാണ്.

ഇനി, ലോകത്തിന്റെ വിശപ്പ് മാറ്റാന്‍ ആഫ്രിക്കന്‍ - ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കൂടുതല്‍ ധാന്യങ്ങള്‍ റഷ്യയില്‍ നിന്നും യുക്രൈനില്‍ നിന്നും ഒരുപോലെ സുരക്ഷിതമായി എത്തും. ഭക്ഷ്യക്ഷാമം കുറയും. കാര്‍ഷിക - ഭക്ഷ്യ ഉല്‍പാദന മേഖലയാണ് രക്ഷപ്പെടുക. പകരം റഷ്യയ്ക്ക് മേലുള്ള ഉപരോധങ്ങള്‍ നീങ്ങും. കരാര്‍ ഫലം കണ്ടാല്‍ റഷ്യയ്ക്ക് സ്വന്തം അഗ്രികള്‍ച്ചര്‍ ബാങ്കുള്‍പ്പടെ ബാങ്കിങ് മുഴുവനായി സ്വിഫ്റ്റ് ബാങ്കിങ് സിസ്റ്റത്തില്‍ തിരിച്ചെത്താം.

ഉപരോധങ്ങള്‍ നീങ്ങി അന്താരാഷ്ട്ര വിപണിയിലേക്ക് പ്രവേശിക്കാം. കാര്‍ഷിക രംഗത്തേക്കുള്ള ഇറക്കുമതി നാറ്റോ രാജ്യങ്ങള്‍ തുടരുകയും വളം, ധാന്യ കയറ്റുമതിക്ക് രാജ്യങ്ങള്‍ വാതില്‍ തുറക്കുകയും ചെയ്താല്‍ ലോകത്തിന് തന്നെ വലിയ നേട്ടമാകും. എളുപ്പമല്ലെങ്കിലും, 30 ദിവസത്തേക്ക് റിഫൈനറികള്‍, പൈപ്പ് ലൈനുകള്‍, സ്റ്റോറേജുകള്‍, ന്യൂക്ലിയര്‍ പ്ലാന്റുകള്‍, ഡാമുകള്‍, വൈദ്യുതി വിതരണം എന്നിവയ്‌ക്കെതിരായ ആക്രമണം റഷ്യ നിര്‍ത്തിവെക്കും.

യുക്രൈനും ഈ മേഖലയില്‍ ആക്രമിക്കില്ല. എങ്കിലും ചില ആശയക്കുഴപ്പങ്ങള്‍ ഇപ്പോഴുമുണ്ട്. യുക്രൈന്റെ തീര നഗരങ്ങളും തുറമുഖങ്ങളും ആക്രമിച്ചും വഴിയടച്ചുമാണ് യുക്രൈനെ റഷ്യ ഞെരുക്കിയത്. തുറമുഖങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരുമോ? അത്ര വേഗം റഷ്യയ്ക്ക് മേലുള്ള ഉപരോധങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നീക്കാന്‍ തയാറാകുമോ? ഇതിനെല്ലാം ഇനിയും ഉത്തരം കിട്ടേണ്ടതുണ്ട്.

Tags:    

Similar News