പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ ബ്രിട്ടനിലെ റീഫോം യു കെ പാര്‍ട്ടിയുടെ ഉടമസ്ഥത ഒഴിയുമെന്നറിയിച്ച് സ്ഥാപക നേതാവ് നൈജല്‍ ഫരാജ്; അടുത്ത പാര്‍ട്ടി സമ്മേളനത്തില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ ഭരണഘടന കൊണ്ടുവരാനും തെരഞ്ഞെടുപ്പ് നടത്തുവാനും തീരുമാനം

റീഫോം യു കെ പാര്‍ട്ടിയുടെ ഉടമസ്ഥത ഒഴിയുമെന്നറിയിച്ച് സ്ഥാപക നേതാവ് നൈജല്‍ ഫരാജ്;

Update: 2024-09-20 02:56 GMT

ലണ്ടന്‍: റിഫോം യു കെ പാര്‍ട്ടിക്ക് മേലുള്ള തന്റെ ഉടമസ്ഥാവകാശം കൈയൊഴിയുകയാണെന്ന് സ്ഥാപക നേതാവായ നൈജല്‍ ഫരാജെ പ്രഖ്യാപിച്ചു. ഈ വാരാന്ത്യത്തില്‍ പാര്‍ട്ടി സമ്മേളനം നടക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ പ്രഖ്യാപനം. മറ്റു പല രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വിഭിന്നമായി ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയിട്ടായിരുന്നു റിഫോം യു കെ പാര്‍ട്ടി സ്ഥാപിച്ചത്. ഇതിന്റെ ഭൂരിഭാഗം ഓഹരികളും നൈജര്‍ ഫരാജെയുടെ കൈവശമാണ്.

2019 ലേ യൂറോപ്യന്‍ തെരഞ്ഞെടുപ്പ് സമയത്ത്, ബ്രെക്സിറ്റ് പാര്‍ട്ടിയുടെ രൂപീകരണം വേഗത്തിലാക്കുവാനായിരുന്നു ഈ രീതി അവലംബിച്ചത് എന്നാണ് ഫരാജെ പറയുന്നത്. ബ്രെക്സിറ്റ് പാര്‍ട്ടിയാണ് പിന്നീട് റിഫോം യു കെ പാര്‍ട്ടിയായത്. ഒപ്പം, പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയതിനാല്‍ പാര്‍ട്ടി മറ്റ് ദുഷ്ടശക്തികള്‍ കൈക്കലാക്കുന്നത് തടയാനായി എന്നും ബി ബി സി റേഡിയോ കെന്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ക്ലാക്റ്റണില്‍ നിന്നുള്ള എം പി കൂടിയായ ഫരാജെ തന്നെ പാര്‍ട്ടി നേതാവായി തുടരും. എന്നാല്‍, പഴയതുപോലെ ഒരു സര്‍വ്വാധികാരിയാകില്ല എന്നും അദ്ദേഹം പറയുന്നു. കൂടുതല്‍ മെച്ചപ്പെട്ടതും, കഴിവുള്ളതുമായ സ്ഥാനാര്‍ത്ഥിയെ ലഭിച്ചില്ലെങ്കില്‍, അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ താന്‍ തന്നെ നയിക്കുമെന്ന് അദ്ദേഹം ബി ബി സി സൗത്താംപ്ടണിനോട് പറഞ്ഞു.

ആദ്യ എം പിമാരെ ലഭിച്ച് രണ്ട് മാസം കഴിയുമ്പോള്‍ ഫരാജെയുടെ നേതൃത്വത്തില്‍ പാര്‍ട്ടി അതിവേഗം മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. അതുകൊണ്ടു തന്നെ പാര്‍ട്ടി ബിര്‍മ്മിംഗ്ഹാം സമ്മേളനം അതീവ ശ്രദ്ധയോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. പുതിയ ഭരണഘടന നടപ്പിലാക്കുന്നത് ഉള്‍പ്പടെയുള്ള നയ രൂപീകരണ പ്രക്രിയയില്‍ ഇതാദ്യമായി പാര്‍ട്ടി അംഗങ്ങള്‍ക്ക് വോട്ടിംഗ് അവകാശം ലഭിക്കുകയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 14 ശതമാനം വോട്ടുകളാണ് പാര്‍ട്ടി നേടിയത്. ഫരാജെ ഉള്‍പ്പടെ അഞ്ച് എം പിമാരുമായി പാര്‍ലമെന്റിലും അവര്‍ സാന്നിദ്ധ്യം ഉറപ്പിച്ചിരുന്നു. ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന പുതിയ ഭരണഘടനയനുസരിച്ച് പാര്‍ട്ടി അംഗങ്ങള്‍ക്ക് ഫരാജെയേയോ മറ്റേതൊരു നേതാവിനേയോ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് കഴിയും. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തില്‍ 15,000 പേരുടെ വര്‍ദ്ധനവ് ഉണ്ടായതായി പാര്‍ട്ടി ചെയര്‍മാന്‍ സിയ യൂസഫ് അവകാശപ്പെടുന്നു.

Tags:    

Similar News