റഷ്യന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്കു നേരെ യുക്രൈന്‍ ആക്രമണം; പ്രതിദിനം 3,55,000 ബാരല്‍ ഉദ്പാദിപ്പിക്കുന്ന റിഫൈനറിക്ക് നേര്‍ക്കുണ്ടായ ആക്രമണം റഷ്യയെ സാമ്പത്തികമായി ഉന്നമിട്ട്; റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യക്കും ചൈനക്കുമെതിരെ ഇരട്ടിത്തീരുവയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങളെ ട്രംപ് പ്രേരിപ്പിക്കവേ യുക്രൈനും കടന്നാക്രമണത്തില്‍; പുടിന്റെ മറുപടി എങ്ങനെയെന്ന ആശങ്കയില്‍ ലോകം
റഷ്യന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്കു നേരെ യുക്രൈന്‍ ആക്രമണം
മോസ്‌കോ: റഷ്യ-യുക്രൈന്‍ യുദ്ധം ഇനിയും അന്ത്യമാകാതെ മുന്നോട്ടുപോകുകയാണ്. ഇതിനിടെ റഷ്യയെ സാമ്പത്തികമായി ഞെരുക്കാനുള്ള തീരുമാനങ്ങളിലാണ് അമേരിക്കയും യൂറോപ്പും. ഈ ലക്ഷ്യത്തോടെയാണ് ഇന്ത്യക്കും ചൈനക്കുമെതിരെ തീരുവ യുദ്ധവുമായി രംഗത്തുവന്നത്. ഇത് കൂടാതെ യൂറോപ്യന്‍ രാജ്യങ്ങള്‍ വഴിയും ഉപരോധ നീക്കങ്ങള്‍ നടത്തുന്നു. ഇതിനിടെ യുക്രൈനും റഷ്യക്കെതിരെ ആക്രമണം കടുപ്പിച്ച് രംഗത്തുവന്നു.
റഷ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലകളിലൊന്നിന് നേര്‍ക്ക് യുക്രൈന്റെ ഡ്രോണ്‍ ആക്രമണം നടത്തി. റഷ്യയുടെ വടക്കുപടിഞ്ഞാറ് ലെനിന്‍ഗ്രാഡ് മേഖലയിലെ കിറിഷി എണ്ണ ശുദ്ധീകരണശാലയ്ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഇതോടെ ശുദ്ധീകരണശാലയില്‍ തീപ്പിടിത്തമുണ്ടായി. ആക്രമണം യുക്രൈന്‍ സൈന്യവും റഷ്യന്‍ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിദിനം 3,55,000 ബാരലോളം ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്ന എണ്ണ ശുദ്ധീകരണശാലയാണ് കിറിഷിയിലേത്. ആക്രമണത്തിന് പിന്നാലെ പൊട്ടിത്തെറികളും തീപ്പിടിത്തവുമുണ്ടായെന്ന് യുക്രൈന്‍ അവകാശപ്പെടുകയും ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. റഷ്യയുടെ യുദ്ധത്തിന് സാമ്പത്തികസൗകര്യം ലഭ്യമാക്കുന്നവയെന്ന് ആരോപിച്ച് റഷ്യന്‍ എണ്ണ ശുദ്ധീകരണശാലകള്‍ക്കും മറ്റും നേര്‍ക്ക് നടത്തുന്ന ആക്രമണം യുക്രൈന്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
കിറിഷിയില്‍ മൂന്ന് ഡ്രോണുകള്‍ പതിച്ചുവെന്നും അവശിഷ്ടങ്ങള്‍ വീണതിനെ തുടര്‍ന്ന് തീപ്പിടിത്തമുണ്ടായെന്നും റീജിയണല്‍ ഗവര്‍ണര്‍ അലക്സാണ്ടര്‍ ഡ്രോഡ്സെന്‍കോ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും തീ അണച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം യുക്രൈന്‍ ആക്രമണത്തിന് റഷ്യ നല്‍കുന്ന മറുപടി എന്താകുമെന്ന ആശങ്കയും ലോകത്തിന് ശക്തമാണ്. പോളണ്ടില്‍ അടക്കം ഡ്രോണ്‍ ഉപയോഗിച്ചു വ്യോമ പരിധി ലംഘിച്ചു നാറ്റോ സഖ്യത്തെ ആശങ്കപ്പെടുത്തിയിരുന്നു.
ഒറ്റയടിക്ക് നേരിട്ട് ആക്രമിക്കുന്നതിന് പകരം ചെറു നീക്കങ്ങള്‍ നടത്തി എതിരാളികളുടെ പ്രതിരോധതന്ത്രവും ശേഷിയും അളക്കുകയാണ് പുടിന്‍ ഈ നീക്കത്തിലൂടെ ലക്ഷ്യമിട്ടത്. പോളണ്ടിനെ തൊട്ടാല്‍ നാറ്റോയ്ക്ക് ഇടപെടേണ്ടി വരും. നാറ്റോയുടെ പ്രതികരണ സ്വഭാവം മനസ്സിലാക്കാനായി പുട്ടിന്‍ ബോധപൂര്‍വം പോളണ്ടിലേക്ക് ഡ്രോണുകള്‍ അയക്കുകയായിരുന്നെന്ന് വിമര്‍ശകര്‍ പറയുന്നത്.
രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് പോളണ്ട് സംഘര്‍ഷത്തിന്റെ വക്കിലെത്തുന്നത്. ഏത് പ്രകോപനവും നേരിടാന്‍ സൈന്യം സജ്ജമാണെന്ന് പോളണ്ട് അറിയിച്ചിട്ടുമുണ്ട്. അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച പോളണ്ട്, സമീപത്തെ വിമാനത്താവളം തല്‍ക്കാലത്തേക്ക് അടച്ചു. റഷ്യയുടേത് കൈവിട്ട കളിയാണെന്ന പ്രതികരണവുമായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി, ബ്രിട്ടീഷ് ഡിഫന്‍സ് സെക്രട്ടറി ജോണ്‍ ഹീലി, നാറ്റോയിലെ യുഎസ് അംബാസഡര്‍ മാത്യു വിറ്റേക്കര്‍ എന്നിവരും രംഗത്തെത്തിയിരുന്നു.
പുട്ടിന്റെ തന്ത്രം പൊളിക്കാന്‍ രാഷ്ട്രീയവും സൈനികവുമായ തിരിച്ചടി തന്നെ കൊടുക്കണമെന്ന ആവശ്യം നാറ്റോയ്ക്കുള്ളില്‍തന്നെ ഉയര്‍ന്നിട്ടുണ്ട്. നാറ്റോ അംഗരാഷ്ട്രങ്ങളുടെ അതിര്‍ത്തിയില്‍ സൈനികവിന്യാസം കൂട്ടാനും ആലോചിക്കുന്നു. ബ്രിട്ടീഷ് സൈന്യം ഇതിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍.
അതേസമയം, പുട്ടിനോടുള്ള തന്റെ ക്ഷമ നശിക്കുകയാണെന്നും റഷ്യയ്ക്കുമേല്‍ കൂടുതല്‍ ഉപരോധത്തിന് ഒരുക്കമാണെന്നും ട്രംപ് പ്രതികരിച്ചിരുന്നു. റഷ്യയെ സാമ്പത്തികമായി ഞെരുക്കുന്നതിന്റെ ഭാഗമായി ഇന്ത്യയ്ക്കും ചൈനയ്ക്കുംമേല്‍ റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ കൂടുതല്‍ തീരുവ ചുമത്താനുള്ള ശ്രമങ്ങളും ട്രംപ് പയറ്റുന്നുണ്ട്. ഇന്ത്യയ്ക്കും ചൈനയ്ക്കും 50-100% തീരുവ ഏര്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍, ജി7 രാഷ്ട്രങ്ങള്‍ എന്നിവയോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ചൈനയ്ക്കുമേല്‍ കൂടുതല്‍ തീരുവ പ്രഖ്യാപിക്കണമെന്ന് നാറ്റോയോടും ട്രംപ് ആവശ്യപ്പെട്ടിന്നു.
റഷ്യ-യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കാനുള്ള തന്റെ തന്ത്രങ്ങള്‍ പാളുന്നതാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്. യുക്രെയ്ന്‍ നേതാവ് സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരുക്കമല്ലെന്ന് പുട്ടിന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ''പുട്ടിന്‍ തയാറാകുമ്പോള്‍ സെലെന്‍സ്‌കി ഉടക്കിടും, സെലെന്‍സ്‌കി തയാറാകുമ്പോള്‍ പുട്ടിനും, നമുക്ക് ഇതെങ്ങനെയും ശക്തമായി നേരിട്ടേ പറ്റൂ'', ട്രംപ് ഒരു ടിവി അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ.
നാറ്റോ അംഗ രാഷ്ട്രങ്ങളില്‍ ചിലവയും ഇപ്പോള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നുണ്ട്. അതു നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട ട്രംപ്, നാറ്റോ തയാറാണെങ്കില്‍ റഷ്യയ്ക്കുമേല്‍ കൂടുതല്‍ ഉപരോധത്തിന് താനും ഒരുക്കണമാണെന്ന് വ്യക്തമാക്കി. റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധനീക്കം ആലോചിക്കുകയാണ് യൂറോപ്യന്‍ യൂണിയനും. റഷ്യന്‍ എണ്ണയുടെ പരമാവധി വിലപരിധി കഴിഞ്ഞദിവസം ജപ്പാനും 47.60 ഡോളറിലേക്ക് വെട്ടിക്കുറച്ചിരുന്നു. ഇതിലധികം വില നല്‍കി റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ ജപ്പാനും ഉപരോധം പ്രഖ്യാപിച്ചേക്കും. എണ്ണ വില്‍പന വഴി റഷ്യ വരുമാനം നേടുകയും അത് യുക്രെയ്‌നെതിരായ യുദ്ധത്തിന് പ്രയോജനപ്പെടുത്തുന്നത് തടയുകയുമാണ് ലക്ഷ്യം.