താലിബാന്റെ കീഴിലുള്ള ജീവിതം മടുത്ത് ഇറാനിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഫ്ഗാനികളുടെ മേല്‍ വെടിയുതിര്‍ത്ത് ഇറാനിയന്‍ സൈന്യം; അനേകം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇടിച്ചു കയറാന്‍ ശ്രമിച്ചത് മുന്നൂറോളം വരുന്ന ജനക്കൂട്ടം

അഫ്ഗാനികളുടെ മേല്‍ വെടിയുതിര്‍ത്ത് ഇറാനിയന്‍ സൈന്യം

Update: 2024-10-18 03:21 GMT

കാബൂള്‍: ഒരു വശത്ത് മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന താലിബാന്‍ ഭരണം. എങ്ങോട്ടെങ്കിലും ഓടി രക്ഷപെടാന്‍ ശ്രമിച്ചാല്‍ അഫ്ഗാനികളെ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ വെടിവെച്ചു കൊലപ്പെടുത്തുന്ന ഇറാന്റെ സേനയും. അഫ്ഗാനിസ്ഥാന്‍ വാസികള്‍ ശരിക്കും ചെകുത്താനും കടലിനും നടുക്ക് അകപ്പെട്ട അവസ്ഥയില്‍ ജീവിക്കുന്നവരാണ്. താലിബാന്‍ ഭരണത്തോടെ എങ്ങനെയെങ്കിലും നാടുവിടാന്‍ ശ്രമിക്കുകയാണ് അഫഗാനിലെ സാധാരണ ജനത. പലര്‍ക്കും അതിന് കഴിയാറില്ലെന്നതാണ് വാസ്തവം.

ഇറാന്‍ അതിര്‍ത്തിയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത ലോകത്തെ നടുക്കുന്നതാണ്. 250 ലധികം അഫ്ഗാന്‍ കുടിയേറ്റക്കാരെ ഇറാനിയന്‍ അതിര്‍ത്തി സേന വെടിവെച്ച് കൊന്ന സംഭവമാണ് നടുക്കുനന്ത്. ഒക്ടോബര്‍ 12ന് രാത്രി അതിര്‍ത്തി പ്രദേശമായ കല്‍ഗാന്‍ സരവണിലാണ് സംഭവം നടന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്‍ അതിര്‍ത്തി വഴി ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടത്. ഇറാനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തെ യാതൊരു കാരുണ്യവും ഇല്ലാതെയാണ് ഇറാന്‍ അടിച്ചമര്‍ത്തുന്നത്.

വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ അന്വേഷണം ആരംഭിച്ചതായി താലിബാന്‍ വക്താവ് ഹംദുള്ള ഫിത്ര പറഞ്ഞു. മരണസംഖ്യ സംബന്ധിച്ച് കൃത്യമായ കണക്ക് പുറത്ത് വന്നിട്ടില്ല. 300 പേരടങ്ങിയ സംഘമാണ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. ഇതില്‍ 50 താഴെ ആളുകള്‍ മാത്രമാണ് ജീവനോടെ അവശേഷിക്കുന്നതെന്ന് ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (ഹല്‍വാഷ്) റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ഥികളെ ഉദ്ധരിച്ചു കൊണ്ടാണ് ഈ വാര്‍ത്തകള്‍. യന്ത്രതോക്കുകളും റോക്കറ്റുകളും പോലും ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പ്രദേശത്തെ ഇന്റര്‍നെറ്റ് ലഭ്യത പോലും ഇല്ലാത്തതാണ് വിഷയം പുറംലോകം അറിയാന്‍ പോലും വൈകിയത്. അതേസമയം ഇറാന്‍ അഭയാര്‍ഥികളെ കൊലപ്പെടുത്തിയ വിവരം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. കൂട്ടക്കുരുതി നടത്തിയെന്ന വാര്‍ത്ത പ്രത്യേക പ്രസിഡന്‍ഷ്യല്‍ ദൂതനും കാബൂളിലെ അംബാസഡറുമായ ഹസ്സന്‍ കസെമി കോമി റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞു.

മൂന്ന് അഫ്ഗാന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിന് ശേഷം ദശലക്ഷക്കണക്കിന് ആളുകളാണ് രാജ്യം വിട്ടൊടിയത്. കൃത്യമായ രേഖകളില്ലാത്ത അഫ്ഗാനികള്‍ ഇറാനും പാകിസ്ഥാനുമായിരുന്നു ഇവരുടെ പ്രധാന അഭയകേന്ദ്രം.മാസങ്ങള്‍ക്ക് മുമ്പ് ലക്ഷക്കണക്കിന് അഫ്ഗാനികളെ പാകിസ്താന്‍ തിരിച്ചയച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഏകദേശം 4.5 ദശലക്ഷം അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ ഇറാനിലുണ്ട്.

അതേസമയം ഇറാന്‍ സുരക്ഷാ സേന നടത്തിയ ആക്രമണത്തില്‍ കുടിയേറ്റക്കാര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തുവെന്ന റിപ്പോര്‍ട്ടുകളില്‍ അന്വേഷണം വേണമെന്ന് യുഎന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. നിലവില്‍ ഇറാനിലുള്ള അഭയാര്‍ഥികളെ കൂട്ടത്തോടെ നാടുകടത്താനാണ് ഇറാന്റെ ശ്രമം. അടുത്ത ആറ് മാസത്തിനുള്ളില്‍ ഏകദേശം 2 ദശലക്ഷം കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് രാജ്യത്തിന്റെ പോലീസ് മേധാവി അവകാശപ്പെട്ടു.

ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സി കണക്കാക്കുന്നത് 3.8 ദശലക്ഷം കുടിയിറക്കപ്പെട്ട ആളുകള്‍ ഇറാനില്‍ താമസിക്കുന്നു, അവരില്‍ ഭൂരിഭാഗവും അഫ്ഗാനികളാണ്. അഫ്ഗാനികളുടെ എണ്ണം ഇതിലും കൂടുതലാണെന്ന് ഇറാനിലെ ചിലര്‍ അഭിപ്രായപ്പെടുന്നു. 2021-ല്‍ താലിബാന്‍ രാജ്യം പിടിച്ചടക്കിയതിന് ശേഷം കുടിയേറ്റം വര്‍ധിച്ചു എന്നത് ശ്രദ്ധേയമാണ്. അതേസമയം, ജോലിയുടെ അഭാവത്തില്‍, അനന്തരഫലങ്ങള്‍ പരിഗണിക്കാതെ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് അഫ്ഗാനികള്‍ പറയുന്നത്.

അതിനിടെ താലിബാന്റെ കിരാത നടപടികള്‍ ദിവസം ചെല്ലുംതോറും നടക്കുകയാണ്. മനുഷ്യനെയോ മറ്റ് ജീവജാലങ്ങളെയോ ചിത്രീകരിക്കുന്നതിന് അഫ്ഗാനിസ്ഥാനിലെ ഏതാനും താലിബാന്‍ പ്രവിശ്യകളില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശരീഅത്ത് നിയമം അനുസരിച്ച് ജീവനുള്ളവയുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ പാടില്ലെന്ന് താലിബാന്‍ ഭരണകൂടം വ്യക്തമാക്കി.

വാഹനഗതാഗതത്തിന്റെയോ ആഘോങ്ങളുടെയോ ഒന്നും ദൃശ്യങ്ങള്‍ പാടില്ല. ടാക്കര്‍, മൈദാന്‍ വാര്‍ധക്, കാണ്ടഹാര്‍ പ്രവിശ്യയിലെ മാധ്യമങ്ങള്‍ക്ക് ഈ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ധാര്‍മിക മന്ത്രാലയത്തിന്റെ വക്താവ് സ്ഥിരീകരിച്ചു. നിയമം അഫ്ഗാന്‍ മാധ്യമങ്ങള്‍ക്കു മാത്രമാണോ വിദേശ മാധ്യമങ്ങള്‍ക്കും ബാധകമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. മുന്‍പ് താലിബാന്‍ അധികാരത്തില്‍ ഉണ്ടായിരുന്ന കാലയളവില്‍ എല്ലാ മാധ്യമങ്ങളെയും നിരോധിച്ചിരുന്നു.

Tags:    

Similar News