പലസ്തീനികളെ കുടിയൊഴിപ്പിക്കുന്ന പദ്ധതി ഇപ്പോഴും അണിയറയില്‍; ആഫ്രിക്കയിലേക്ക് പലസ്തീന്‍കാരെ മാറ്റാന്‍ യുഎസ് - ഇസ്രയേല്‍ പദ്ധതി; സൊമാലിയ, സുഡാന്‍ എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍; ട്രംപിന്റെ നിര്‍ദേശം തള്ളി ഗാസ പുനരധിവാസ പദ്ധതിയുമായി അറബ് ലീഗും മുന്നോട്ട്

പലസ്തീനികളെ കുടിയൊഴിപ്പിക്കുന്ന പദ്ധതി ഇപ്പോഴും അണിയറയില്‍

Update: 2025-03-15 01:20 GMT

ജറുസലം: പലസ്തീന്‍ ജനതയെ പ്രദേശത്തു നിന്നും മാറ്റി ഗാസയെ ഉല്ലാസ കേന്ദ്രമാക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. ഇക്കാര്യം പലതവണ ആവര്‍ത്തിച്ച ട്രംപ് ഇതിനായി ചില നീക്കങ്ങളും നടത്തുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പലസ്തീന്‍കാരെ ആഫ്രിക്കയിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആഫ്രിക്കന്‍ രാജ്യങ്ങളായ സൊമാലിയ, സൊമാലിലാന്‍ഡ്, സുഡാന്‍ എന്നിവിടങ്ങളില്‍ പലസ്തീന്‍കാരെ പുനരധിവസിപ്പിക്കാന്‍ യുഎസും ഇസ്രയേലും ഈ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. യുഎസ് നിര്‍ദേശം തള്ളിയതായി സുഡാന്‍, സൊമാലിലാന്‍ഡ് അധികൃതര്‍ വ്യക്തമാക്കിയെന്നും വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ചര്‍ച്ച നടന്നതായി സൊമാലിയ സ്ഥിരീകരിച്ചിട്ടില്ല. റിപ്പോര്‍ട്ടിനോട് ഇസ്രയേലും യുഎസും പ്രതികരിച്ചിട്ടില്ല. സൊമാലിയയില്‍നിന്നു വിഘടിച്ചുപോയ പ്രദേശമാണു സൊമാലിലാന്‍ഡ്. ദീര്‍ഘകാലമായ ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്നുതരിപ്പണമായ സുഡാനില്‍ ആഭ്യന്തര അഭയാര്‍ഥികള്‍ 1.2 കോടിയോളം വരും.

പലസ്തീന്‍കാരെ കുടിയൊഴിപ്പിച്ചശേഷം ഗാസ ഏറ്റെടുത്തു കടലോര ഉല്ലാസ കേന്ദ്രമാക്കാനാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പദ്ധതി. ഈ മാസമാദ്യം നടന്ന അറബ് ഉച്ചകോടി, പലസ്തീന്‍കാരെ കുടിയൊഴിപ്പിക്കാതെയുള്ള ഗാസ പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു.

അതേസമയം ്വന്തം മണ്ണ് വിട്ട് എങ്ങോട്ടും പോകില്ലെന്ന് ഫലസ്തീനി സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ ഫലസ്തീനികളെ ജോര്‍ഡനിലേക്കും ഈജിപ്തിലേക്കും മാറ്റിപ്പാര്‍പ്പിക്കാന്‍ യു.എസും ഇസ്രായേലും ചേര്‍ന്ന് പദ്ധതി തയാറാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം, ഗാസയില്‍ ജീവനോടെ ശേഷിക്കുന്ന ഏക അമേരിക്കന്‍ ബന്ദിയായ ഈഡന്‍ അലക്‌സാണ്ടറെ (21) വിട്ടയയ്ക്കാമെന്നു ഹമാസ് സമ്മതിച്ചു. 4 ബന്ദികളുടെ മൃതദേഹങ്ങളും കൈമാറും. യുഎസ് പ്രതിനിധി ആദം ബോലറുമായി ഹമാസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.

രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച ആരംഭിക്കുന്നതിനു മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ശ്രമം തുടരുകയാണ്. മാര്‍ച്ച് 2 മുതല്‍ ഗാസയിലേക്കുള്ള സഹായവിതരണം തടഞ്ഞ ഇസ്രയേല്‍ നടപടി പിന്‍വലിപ്പിക്കാനും രാജ്യാന്തര സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. അതിനിടെ, ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 2 കുട്ടികള്‍ കൊല്ലപ്പെട്ടു.

ഗസ്സയിലേക്ക് സഹായ വസ്തുക്കളുമായി വരുന്ന മുഴുവന്‍ ട്രക്കുകളും ഈജിപ്ത് അതിര്‍ത്തിയില്‍ തടഞ്ഞുള്ള ഇസ്രായേല്‍ ഉപരോധം രണ്ടാഴ്ചയാകുന്നു. ഈ ഉപരോധം ഗാസാ നിവാസികളെ കടുത്ത പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. ട്രക്കുകളുടെ നീണ്ടനിര അതിര്‍ത്തിയില്‍ കാത്തുകെട്ടിക്കിടക്കുകയാണ്. റഫ, കരീം അബുസാലിം അതിര്‍ത്തികളിലൂടെ എത്തിയിരുന്ന സഹായവസ്തുക്കളാണ് ഗസ്സക്കാര്‍ അതിജീവനത്തിന് ഉപയോഗിച്ചിരുന്നത്.

ഇത് അടച്ചതോടെ ഭക്ഷണം, മരുന്ന്, വെള്ളം എന്നിവക്ക് ക്ഷാമമുണ്ട്. 80 ശതമാനം പേര്‍ ഭക്ഷണത്തിനും 90 ശതമാനം പേര്‍ വെള്ളത്തിനും ക്ഷാമം നേരിടുന്നു. കരുതല്‍ ശേഖരം ഉപയോഗിച്ച് പരിമിത തോതില്‍ പ്രവര്‍ത്തിക്കുന്ന പൊതുഭക്ഷണ വിതരണ കേന്ദ്രം ദിവസങ്ങള്‍ക്കകം പൂട്ടേണ്ടി വരും.

ഗസ്സക്ക് സഹായം തടഞ്ഞാല്‍ ഇസ്രായേല്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് യമനിലെ ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഗസ്സയിലെ ബൈത് ലാഹിയയില്‍ രണ്ടു കുട്ടികളെ ആക്രമണത്തിലൂടെ കൊലപ്പെടുത്തുകയും ചെയ്തു. അഭയാര്‍ഥിത്വം, സൈനിക നീക്കം, മറ്റു നിയന്ത്രണങ്ങള്‍ എന്നിവ കാരണം അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും പട്ടിണി വര്‍ധിക്കുകയാണ്.

ഇസ്രായേലി അനധികൃത കുടിയേറ്റക്കാര്‍ ഒരു ഫലസ്തീന്‍ ഗ്രാമത്തില്‍ കൂടി അക്രമം നടത്തുകയും വീടുകള്‍ കത്തിക്കുകയും ചെയ്തു. നബ്‌ലുസിലെ ഖിര്‍ബത് അല്‍ മറാജിം ഗ്രാമത്തിലാണ് അതിക്രമം നടത്തിയത്.

Tags:    

Similar News