നോബല്‍ സമ്മാന മോഹത്താല്‍ എന്തും ചെയ്യും ട്രംപ്! ഉറ്റമിത്രമായിരുന്ന ഇന്ത്യക്ക് അടക്കം പണി കൊടുത്തു നയങ്ങള്‍; തീരുവകള്‍ അടക്കം ബൂമറാങ് ആകും; അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം ആസന്നമെന്ന് മുന്നറിയിപ്പ്; 2008 ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ച മാര്‍ക്ക് സാന്‍ഡിയുടെ മുന്നറിയിപ്പ് ട്രംപ് ചെവിക്കൊള്ളുമോ?

അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം ആസന്നമെന്ന് മുന്നറിയിപ്പ്

Update: 2025-09-07 17:24 GMT

വാഷിങ്ടണ്‍: നോബല്‍ സമ്മാന മോഹവുമായി പരക്കംപായുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യ-യുക്രൈന്‍ യുദ്ധം തീര്‍ത്താല്‍ സമാധാന നോബല്‍ വൈറ്റ്ഹൗസില്‍ എത്തുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. ഈ ലക്ഷ്യത്തോടെയാണ് ട്രംപ് നീക്കം നടത്തിയത്. ഇത് പാളിയപ്പോള്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ തിരിയുകയും ചെയ്തു. ഇരട്ടിത്തീരുവ ചുമത്തുകയും ചെയ്തുതതോടെ ഇന്ത്യയുമായുള്ള ബന്ധം വഷളാകുകയും ചെയ്തു. ട്രംപിന്റെ താരിഫ് നയങ്ങള്‍ അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന പ്രവചനങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ പടിവാതില്‍ക്കലെന്ന് മുന്നറിയിപ്പുമായി പ്രമുഖ സാമ്പത്തിക വിദഗ്ധനായ മാര്‍ക്ക് സാന്‍ഡി രംഗത്തെത്തി. റേറ്റിങ് ഏജന്‍സിയായ മൂഡീസിലെ ചീഫ് ഇക്കോണമിസ്റ്റാണ് സാന്‍ഡി. 2008 ലെ സാമ്പത്തിക മാന്ദ്യം മുന്‍കൂട്ടി പ്രവചിച്ച സാമ്പത്തിക വിദഗ്ധനാണ് മാര്‍ക്ക് സാന്‍ഡി. രാജ്യത്തെ ജിഡിപിയുടെ മൂന്നിലെന്ന് സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളുടെ സമ്പദ്വ്യവസ്ഥ താഴേക്കാണെന്നും മറ്റ് സംസ്ഥാനങ്ങളും അതേ പാതയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണെന്നുമാണ് സാന്‍ഡിയുടെ മുന്നറിയിപ്പ്.

ഈ സംസ്ഥാനങ്ങള്‍ മാന്ദ്യത്തിന്റെ പിടിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തിലെ കുറിപ്പില്‍ പറയുന്നു. ഈ പ്രതിസന്ധി എല്ലാ അമേരിക്കക്കാരെയും ബാധിക്കും. സാധനങ്ങള്‍ക്ക് വില ഉയരും. തൊഴില്‍ സ്ഥിരത നഷ്ടപ്പെടും- അദ്ദേഹം പറയുന്നു. രാജ്യത്തെ വിലക്കയറ്റം അവഗണിക്കാനാകാത്ത തരത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ നയങ്ങള്‍ കാരണം ഇപ്പോള്‍ തന്നെ വലിയ വിലക്കയറ്റമാണ് അമേരിക്കന്‍ വിപണിയില്‍ ഉണ്ടായിരിക്കുന്നത്.

നിലവില്‍ 2.7% ആയ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 4% ആയി ഉയരുമെന്ന് സാന്‍ഡി പ്രവചിക്കുന്നു. ഇത് ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി കുറയ്ക്കും. ഇതിനു പുറമെ തൊഴില്‍ മേഖലയില്‍ അവസരങ്ങള്‍ കുറയുന്നതും ആശങ്കപ്പെടുത്തുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്.

യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സ് (BLS) മെയ്, ജൂണ്‍ മാസങ്ങളിലെ തൊഴില്‍ എസ്റ്റിമേറ്റുകള്‍ 2,58,000 ആയി കുറച്ചിട്ടുണ്ട്. 2020ലെ മഹാമാരി കാരണം ഉണ്ടായ സാമ്പത്തിക മാന്ദ്യത്തിനു ശേഷം ഏറ്റവും കുറഞ്ഞ മൂന്ന് മാസത്തെ റിക്രൂട്ട്‌മെന്റ് നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2025ല്‍ ശരാശരി പ്രതിമാസ തൊഴില്‍ വളര്‍ച്ച 85,000 ആയി കുറഞ്ഞു, ഇത് മഹാമാരിക്ക് മുമ്പുള്ള ശരാശരിയായ 177,000-ല്‍ നിന്ന് വളരെ താഴെയാണ്.

മൊത്തത്തില്‍, ഉപഭോക്തൃ ചെലവിലെ മാന്ദ്യം, താരിഫുകള്‍, ഭവന വിപണിയിലെ പ്രശ്നങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം എന്നിവയെല്ലാം സാധാരണ അമേരിക്കക്കാരെ വിലക്കയറ്റത്തിലൂടെയും തൊഴില്‍ രംഗത്തെ അസ്ഥിരതയിലൂടെയും പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രവചനം. 2008-09 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഉപഭോക്തൃ ചെലവില്‍ ഏറ്റവും ദുര്‍ബലമായ വളര്‍ച്ചയാണ് ഇപ്പോള്‍ കാണുന്നത്. ആളുകള്‍ പണം ചെലവഴിക്കുന്നതില്‍ പിന്നോട്ട് പോകുമ്പോള്‍ കമ്പനികളുടെ വരുമാനം കുറയുകയും അത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്യും.

ഭവന വിപണിയിലെ തുടര്‍ച്ചയായ പ്രശ്നങ്ങളും ഒരു ആശങ്കയാണ്. ഇത് വീടുകള്‍ വാങ്ങുന്നവരെയും വില്‍ക്കുന്നവരെയും ഒരുപോലെ ബാധിക്കും. വാഷിംഗ്ടണ്‍ ഡി.സി. പോലുള്ള ചില പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ജോലികള്‍ വെട്ടിക്കുറച്ചതാണ് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ഒരു കാരണം. ഇത് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തികളെ നേരിട്ട് ബാധിക്കും.

പ്രതിസന്ധിയിലും കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് പോലുള്ള വലിയ സമ്പദ്വ്യവസ്ഥകളുള്ള സംസ്ഥാനങ്ങള്‍ 'പിടിച്ചുനില്‍ക്കുന്നുണ്ടെങ്കിലും' നിരവധി സംസ്ഥാനങ്ങള്‍ ദുര്‍ബലമായ അവസ്ഥയിലാണെന്നാണ് മുന്നറിയിപ്പ്. വയോമിങ്, മൊണ്ടാന, മിനസോട്ട, മിസ്സിസിപ്പി, കന്‍സാസ്, മസാച്യുസെറ്റ്സ് തുടങ്ങിയ സംസ്ഥാനങ്ങള്‍ മാന്ദ്യത്തിന്റെ വക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഎസ് സമ്പദ്വ്യവസ്ഥ ഉയര്‍ന്ന വിലക്കയറ്റം, തൊഴില്‍ രംഗത്തെ മന്ദത, ഉപഭോക്തൃ ചെലവിലെ കുറവ്, ഭവന വിപണിയിലെ പ്രശ്നങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുകയാണ്. ഈ ഘടകങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് രാജ്യത്തെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടേക്കാമെന്നാണ് പ്രവചനം.

ഇതിനിടെ ഇന്ത്യ -യുഎസ് ബന്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിലപാടില്‍ ഉറച്ചു നില്‍ക്കുമോ എന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ. മോദിയും ട്രംപും ടെലിഫോണ്‍ സംഭാഷണം നടത്തുന്നത് പരിഗണനയിലുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സാഹചര്യം മെച്ചപ്പെട്ടാല്‍ മാത്രം പ്രധാനമന്ത്രി യുഎസിലേക്ക് യാത്ര ചെയ്യും. ഇന്ത്യ ചൈനീസ് പക്ഷത്തേക്ക് ചാഞ്ഞെന്ന പ്രസ്താവന കഴിഞ്ഞ ഇന്നലെ ട്രംപ് തിരുത്തിയിരുന്നു.

ഇന്ത്യയ്ക്കും യുഎസിനും ഇടയില്‍ സവിശേഷ ബന്ധം എന്ന് ട്രംപ് പറഞ്ഞതിനെ നരേന്ദ്ര മോദി സ്വാഗതം ചെയ്തതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുകാനുള്ള സാധ്യതയും കൂടിയിട്ടുണ്ട്. അമേരിക്കയുമായുള്ള ആശയവിനിമയം നടക്കുന്നു എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും വിശദീകരച്ചു. ട്രംപ് ഇതേ നിലപാട് തുടര്‍ന്നാല്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം നടന്നേക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

'മോദിയുമായി എനിക്ക് നല്ല ബന്ധമാണ്. മോദി മഹാനായ നേതാവാണ്. മഹാനായ പ്രധാനമന്ത്രിയാണ്. ഇപ്പോള്‍ അദ്ദേഹം ചെയ്യുന്നതിനോട് യോജിപ്പില്ല. എന്നാല്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ സവിശേഷ ബന്ധമുണ്ട്. ഇതൊക്കെ പരിഹരിക്കും.' ആശങ്ക വേണ്ടെന്നായിരുന്നു എന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍. 'പ്രസിഡന്റ് ട്രംപുമായി പ്രധാനമന്ത്രിക്ക് നല്ല ബന്ധമാണുള്ളത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ ആശയവിനിമയമുണ്ട്. ഇപ്പോള്‍ ഇത്രയേ പറയാന്‍ കഴിയുകയുള്ളു' എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും പ്രതികരിച്ചു.

ഇന്ത്യയ്ക്ക് ഇരട്ട തീരുവ, യുക്രെയിന്‍ യുദ്ധം നടത്തുന്നത് മോദിയാണെന്ന വിമര്‍ശനം, ഇന്ത്യ ചൈന ബന്ധത്തില്‍ പരിഹാസം. എല്ലാത്തിനും ശേഷമാണ് ഡോണള്‍ഡ് ട്രംപ് നിലപാട് മയപ്പെടുത്തിയുള്ള ആദ്യ പ്രസ്താവന നല്കുന്നത്.

Tags:    

Similar News