ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ നോക്കി, ഒടുവില്‍ ട്രംപ് തന്നെ കൊമ്പുകുത്തി! !മോദിയുടെ തന്ത്രത്തിന് മുന്നില്‍ ട്രംപ് വീണു; 50 ശതമാനം നികുതി പകുതിയായി കുറയും; വരുന്നത് വമ്പന്‍ വ്യാപാര കരാര്‍? റഷ്യന്‍ എണ്ണക്കച്ചവടത്തില്‍ ഇന്ത്യയെ ശ്വാസം മുട്ടിച്ച അമേരിക്ക ഒടുവില്‍ പിന്മാറുന്നു
ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ നോക്കി, ഒടുവില്‍ ട്രംപ് തന്നെ കൊമ്പുകുത്തി!
വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഭീമമായ ഇറക്കുമതി തീരുവയില്‍ പകുതിയോളം പിന്‍വലിക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറായേക്കുമെന്ന് സൂചന. റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ വന്‍തോതില്‍ കുറവ് വരുത്തിയ പശ്ചാത്തലത്തിലാണ് ഈ നീക്കം. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് യുഎസ് മാധ്യമമായ 'പോളിറ്റിക്കോ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ട് ഘട്ടങ്ങളിലായാണ് ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക ഈ ഭീമമായ തീരുവകള്‍ ചുമത്തിയിരുന്നത്. വ്യാപാര അസമത്വം ചൂണ്ടിക്കാട്ടി ആദ്യത്തെ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍, യുക്രെയ്ന്‍ യുദ്ധത്തിനിടയിലും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നതിനുള്ള ശിക്ഷാ നടപടിയായാണ് ബാക്കി 25 ശതമാനം തീരുവ ചുമത്തിയത്. ഇന്ത്യയുടെ എണ്ണ ഇറക്കുമതി നയത്തില്‍ മാറ്റം വന്നതോടെ, ശിക്ഷാ നടപടിയായി ഏര്‍പ്പെടുത്തിയ 25 ശതമാനം തീരുവ എടുത്തുമാറ്റാന്‍ ഉചിതമായ സമയമാണിതെന്ന് ബെസെന്റ് അഭിപ്രായപ്പെട്ടു.
അമേരിക്കയുടെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചുവെന്നാണ് ബെസെന്റ് അവകാശപ്പെടുന്നത്. ട്രംപ് ഭരണകൂടത്തിന്റെ തീരുവ നയം വന്‍ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റഷ്യയുമായി വലിയ വ്യാപാര കരാറുകള്‍ക്കായി ശ്രമിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയില്‍ നിന്ന് ശുദ്ധീകരിച്ച ഇന്ധനം വാങ്ങുന്ന യൂറോപ്യന്മാരുടെ നടപടി 'വിഡ്ഢിത്തമാണ്' എന്നും അദ്ദേഹം പരിഹസിച്ചു.
റഷ്യന്‍ എണ്ണയ്ക്കുള്ള പിഴ ഒഴിവാക്കുമെങ്കിലും, കയറ്റുമതി രംഗത്തെ മറ്റ് ഏഷ്യന്‍ എതിരാളികളായ ബംഗ്ലദേശ്, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ഇന്തൊനീഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് അപ്പോഴും ഇന്ത്യക്കുമേലുള്ള തീരുവ കൂടുതലായിരിക്കും. ഈ രാജ്യങ്ങള്‍ക്ക് യുഎസ് 20 ശതമാനത്തിലും താഴെയാണ് തീരുവ ചുമത്തുന്നത്. പാക്കിസ്ഥാന് 19 ശതമാനമേയുള്ളൂ. റഷ്യന്‍ എണ്ണയുമായി ബന്ധപ്പെട്ട പിഴ നീക്കം ചെയ്താലും മറ്റ് തീരുവകള്‍ നിലനില്‍ക്കുമെന്ന് ബെസ്സന്റ് ഒരു യുഎസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
എന്നാല്‍, അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങിയെന്ന വാദത്തോട് ഇന്ത്യ പൂര്‍ണ്ണമായും യോജിക്കുന്നില്ല. ദേശീയ താല്‍പ്പര്യങ്ങള്‍ക്കും ഊര്‍ജ്ജ സുരക്ഷയ്ക്കും മുന്‍ഗണന നല്‍കിയാണ് തങ്ങള്‍ എണ്ണ വാങ്ങുന്നതെന്ന നിലപാടിലാണ് ഇന്ത്യ ഉറച്ചുനില്‍ക്കുന്നത്. സ്വകാര്യ കമ്പനികള്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും, അമേരിക്കയുടെ നടപടി അന്യായമാണെന്ന് ഇന്ത്യ ആവര്‍ത്തിക്കുന്നു. വരാനിരിക്കുന്ന മാസങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളില്‍ ഈ പുതിയ നീക്കം വലിയ സ്വാധീനം ചെലുത്തുമെന്നാണ് കരുതപ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്തായിരുന്നിട്ടും, ട്രംപ് ഏറ്റവുമധികം തീരുവ ചുമത്തിയ രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. ഈ കനത്ത തീരുവകള്‍ക്ക് പുറമെയായിരുന്നു റഷ്യന്‍ എണ്ണയുടെ പേരില്‍ ചുമത്തിയ 25 ശതമാനം പിഴച്ചുങ്കവും. റഷ്യന്‍ എണ്ണ വാങ്ങിയതിന്റെ പേരില്‍ ട്രംപ് പിഴ ചുമത്തിയ ഏക രാജ്യവും ഇന്ത്യയാണ്. ചൈന, തുര്‍ക്കി, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവ ഇപ്പോഴും റഷ്യന്‍ എണ്ണയുള്‍പ്പെടെ വാങ്ങുന്നുണ്ട്. അടുത്തിടെ ഇന്ത്യയെ പിന്തള്ളി തുര്‍ക്കി റഷ്യന്‍ എണ്ണയുടെ രണ്ടാമത്തെ വലിയ ഉപഭോക്താവായി മാറിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ ട്രംപ് തീരുവകള്‍ പ്രഖ്യാപിച്ചതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. പുതിയ നീക്കം ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ക്ക് ഊര്‍ജ്ജം പകരുമെന്നും, വരാനിരിക്കുന്ന വ്യാപാര കരാറുകളിലേക്ക് വഴിതുറക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
