സെലന്‍സ്‌കിയെയും യൂറോപ്യന്‍ യൂണിയനെയും അടുപ്പിക്കാതെ അമേരിക്കയും റഷ്യയും തമ്മില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ച; ഉന്നതതല മധ്യസ്ഥ സംഘങ്ങളെ ചര്‍ച്ചയ്ക്കായി നിയോഗിക്കാന്‍ തീരുമാനിച്ചെന്ന് മാര്‍ക്കോ റൂബിയോയും ലാവ്‌റോവും; യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം യുഎസ്-റഷ്യന്‍ ഔദ്യോഗിക ബന്ധം വിളക്കി ചേര്‍ത്ത് റിയാദിലെ യോഗം

യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥ സംഘങ്ങളെ നിയോഗിക്കാന്‍ അമേരിക്കയും റഷ്യയും

Update: 2025-02-18 13:55 GMT

റിയാദ്: യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥ സംഘങ്ങളെ നിയോഗിക്കാന്‍ അമേരിക്കയും റഷ്യയും തീരുമാനിച്ചു. റിയാദില്‍ നടന്ന യോഗത്തില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവ് എന്നിവരാണ് ഈ തീരുമാനം എടുത്തത്.

എല്ലാ പക്ഷങ്ങള്‍ക്കും സ്വീകാര്യമായ വിധം യുക്രെയിനിലെ സംഘര്‍ഷത്തിന് സ്ഥിരവും സ്ഥായിയുമായ പരിഹാരം കാണാന്‍ ഉന്നതതലസംഘങ്ങളെ നിയോഗിക്കാനാണ് റൂബിയോയും ലാവ്‌റോവും തമ്മില്‍ ധാരണയായത്. യുഎസ് വിദേശകാര്യ വക്താവ് ടാമി ബ്രൂസാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഉചിതമായ സമയത്ത് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് മാത്രമാണ് റഷ്യന്‍ മധ്യസ്ഥനായ യൂറി ഉഷകോവ് സര്‍ക്കാര്‍ ടെലിവിഷനെ അറിയിച്ചത്.

ഭാവിയിലെ സഹകരണത്തിനുള്ള അടിത്തറയിടുകയാണ് ചെയ്തതെതന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുപ്രധാനമായ ചുവട് വയ്പ് എന്നാണ് ഇരുപക്ഷവും ചര്‍ച്ചകളെ വിശേഷിപ്പിച്ചത്. കഴിഞ്ഞാഴ്ച ഡൊണള്‍ഡ് ട്രംപും വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ ഫോണില്‍ സംസാരിച്ചതോടെയാണ് സംഘര്‍ഷ പരിഹാരത്തിന് കളമൊരുങ്ങിയത്.

സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്‍ ദിരിയാ കൊട്ടാരത്തില്‍ യോഗത്തിന് ആതിഥേയത്വം വഹിച്ചു. 2022 ഫെബ്രുവരി 24 ന് യുക്രെയിനില്‍ റഷ്യ അധിനിവേശം നടത്തിയതിന് ശേഷം ഇതാദ്യമായാണ് റഷ്യന്‍ അമേരിക്കന്‍ പ്രതിനിധികള്‍ ഔദ്യോഗികമായി കൂടിക്കാഴ്ച നടത്തുന്നത്. ആവശ്യമെങ്കില്‍ യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി പുതിന്‍ നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രതിനിധി ചര്‍ച്ചയില്‍ അറിയിച്ചു.

യുക്രെയിന്‍ പ്രതിനിധികള്‍ ആരുംതന്നെ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ഡൊണാള്‍ഡ് ട്രംപും വ്‌ളാദിമിര്‍ പുടിനും തമ്മിലുള്ള ഉച്ചകോടിക്ക് വഴിയൊരുക്കുക എന്നതും ചര്‍ച്ചയുടെ ലക്ഷ്യമാണ്. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്ക് പുറമേ പശ്ചിമേഷ്യാകാര്യത്തിനുള്ള ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ദേശീയസുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സ് എന്നിവരാണ് യു.എസില്‍നിന്ന് ചര്‍ച്ചയ്‌ക്കെത്തിയത്. അതേസമയം യുക്രെയിനെയും യൂറോപ്യന്‍ രാജ്യങ്ങളെയും മാറ്റിനിര്‍ത്തിയാണ് ചര്‍ച്ച എന്നതും ശ്രദ്ധേയമാണ്. യുക്രെയിന്‍ സമാധാനചര്‍ച്ചയില്‍ യൂറോപ്യന്‍ പ്രതിനിധികളെ ക്ഷണിക്കാന്‍ കാരണം കാണുന്നില്ലെന്നാണ് ലാവ്‌റോവ് നേരത്തെ പറഞ്ഞിരുന്നു. യുക്രെയിന്‍ യുദ്ധം തുടരാന്‍ ആഗ്രഹിക്കുന്നവരാണ് അവരെന്നും അദ്ദേഹം ആരോപിച്ചു.


Tags:    

Similar News