ട്രംപ് മുന്നോട്ടു വെച്ച സമാധാന കരാറില്‍ ഒപ്പിടാതെ മുഖം തിരിച്ചു പുടിന്‍; അനിശ്ചിതാവസ്ഥ തുടരുന്നതോടെ ഇനി മധ്യസ്ഥത വഹിക്കാനില്ലെന്ന നിലപാടില്‍ അമേരിക്ക; തീരുമാനത്തിന് പിന്നാലെ യുക്രൈനിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള കരാറിന് അനുമതി നല്‍കി ട്രംപ് ഭരണകൂടം

ട്രംപ് മുന്നോട്ടു വെച്ച സമാധാന കരാറില്‍ ഒപ്പിടാതെ മുഖം തിരിച്ചു പുടിന്‍

Update: 2025-05-03 03:36 GMT

കീവ്: റഷ്യയും യുക്രൈനുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ ഇനി മധ്യസ്ഥത വഹിക്കാനില്ലെന്ന് അമേരിക്ക നിലപാട് എടുത്തതായി റിപ്പോര്‍ട്ട്. അമേരിക്ക മുന്നോട്ടു വെച്ച സമാധാന കരാറില്‍ ഒപ്പിടാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ട്രംപ് ഭരണകൂടം ഈ കടുത്ത നിലപാട് സ്വീകരിച്ചതെന്നാണ് കരുതപ്പെടുന്നത്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടി ലോകം മുഴുവന്‍ പറന്നു നടക്കാന്‍ ഇനി അമേരിക്കയെ കിട്ടില്ല എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇനിയുള്ള കാര്യങ്ങള്‍ റഷ്യയും യുക്രൈനും ചേര്‍ന്ന് തീരുമാനിച്ചാല്‍ മതിയെന്നും അദ്ദേഹം തുറന്നടിച്ചു. ഈ സംഘര്‍ഷം എങ്ങനെ അവസാനിപ്പിക്കും എന്ന കാര്യത്തില്‍ വ്യക്തമായ ആശയങ്ങള്‍ അവതരിപ്പിക്കാനും നടപ്പിലാക്കാനും സമയമായി എന്നും അത് റഷ്യയും യുക്രൈനും ചേര്‍ന്ന് ചെയ്യട്ടെ എന്നുമാണ് തങ്ങളുടെ നിലപാടെന്നും ടാമിബ്രൂസ് വ്യക്തമാക്കി.

ഈ തീരുമാനം പുറത്തു വരുന്നതിന് തലേദിവസമാണ് യുക്രൈനിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള കരാറിന് ട്രംപ് ഭരണകൂടം അംഗീകാരം നല്‍കിയത്. യുക്രൈനിലേക്ക് അമ്പത് ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയതായി ട്രംപ് അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. ജനുവരിയില്‍ അധികാരമേറ്റതിനുശേഷം ട്രംപ് ഒരു കയറ്റുമതി കരാറിന് അംഗീകാരം നല്‍കുന്നത് ഇതാദ്യമാണ്.

കൂടാതെ ഉക്രെയ്നിലേക്ക് അയയ്ക്കുന്ന എല്ലാ പ്രതിരോധ സഹായങ്ങളും അമേരിക്കന്‍ സര്‍ക്കാര്‍ അവലോകനത്തിന് വിധേയമാക്കി ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ തീരുമാനം നിലവില്‍ വരുന്നത്. യുക്രൈന്‍ അമേരിക്കയുമായി ഒരു സു്പ്രധാന ധാതുകരാറിലും ഈയിടെ ഒപ്പ് വെച്ചിരുന്നു. എന്നാല്‍ ഈ കരാര്‍ യുക്രൈന്‍ പാര്‍ലമെന്റ് ഇനിയും അംഗീകരിച്ചിട്ടില്ല. യുക്രൈന്റെ പ്രകൃതി വിഭവങ്ങള്‍ നല്‍കുന്ന ഈ കരാര്‍ അമേരിക്ക് വന്‍ തോതില്‍ സാമ്പത്തിക നേട്ടമുണ്ടാക്കി കൊടുക്കും എന്നാണ് കരുതപ്പെടുന്നത്. ലോകത്തെ ഏറ്റവുമധികം പ്രകൃതി വിഭവങ്ങള്‍ ഉളള രാജ്യമാണ് യുക്രൈന്‍.

യുക്രൈന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ അമേരിക്കന്‍ കമ്പനികള്‍ നിക്ഷേപം നടത്താനും ധാരണയായിട്ടുണ്ട്. അതേ സമയം അമേരിക്കയ്ക്ക് ധാതുസമ്പത്ത് നല്‍കാനുള്ള തീരുമാനം ഒപ്പിട്ടത് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായിട്ടാണെന്നാണ് യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരിക്കുന്നത്.

കരാറിനെ ചരിത്രപരം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. റഷ്യ-യുക്രൈന്‍യുദ്ധം എപ്പോള്‍ അവസാനിക്കുമെന്ന കാര്യം ഉറപ്പില്ലെന്നാണ് യുയഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. കുര്‍സ്‌ക് മേഖലയില്‍ നിന്ന് യുക്രൈന്‍ സൈന്യത്തെ പൂര്‍ണമായി തുരത്തിയതായി റഷ്യ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാല്‍ യുക്രൈന്‍ ഇക്കാര്യം നിഷേധിക്കുകയാണ്. ഇപ്പോഴും തങ്ങളുടെ ശക്തമായ സാന്നിധ്യം അവിടെ ഉണ്ടെന്നാണ് അവരുടെ അവകാശവാദം.

Tags:    

Similar News