യൂറോപ്യന്‍ യൂണിയനില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം തീരുവ ഏര്‍പ്പെടുത്തും; ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും; അറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്; വ്യാപാര യുദ്ധം ശക്തമാക്കിയ യുഎസ് നടപടിയില്‍ കടുത്ത അമര്‍ഷത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍

യൂറോപ്യന്‍ യൂണിയനില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം തീരുവ ഏര്‍പ്പെടുത്തും;

Update: 2025-07-13 03:49 GMT

വാഷിംഗ്ടണ്‍: വ്യാപര യുദ്ധത്തിലേക്ക് വഴിവെക്കുന്ന നടപടികള്‍ തുടര്‍ന്ന് യുഎസ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് 30% യുഎസ് താരിഫ് നിരക്ക് ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. പുതുക്കിയ നിരക്ക് ഓഗസ്റ്റ് 1 മുതല്‍ നിലവില്‍ വരുമെന്നും ട്രംപ് അറിയിച്ചു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ വഴിയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

യൂറോപ്യന്‍ കമ്മീഷനും യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറും ഇരുവിഭാഗത്തിനും സ്വീകാര്യമാകുന്ന താരിഫിലെത്താന്‍ കുറച്ചുമാസങ്ങളായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നു. ഓഗസ്റ്റ് 1 ന് മുമ്പ് വാഷിംഗ്ടണുമായി ഒരു കരാറില്‍ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി 27 അംഗ യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപിന്റെ താരിഫ് പ്രഖ്യാപനം.

ജപ്പാന്‍, ദക്ഷിണ കൊറിയ, കാനഡ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ക്കും ഓഗസ്റ്റ് 1 മുതല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിപ്പ് നല്‍കിയിരുന്നു. യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കും അയച്ച കത്തുകളില്‍, ഏതെങ്കിലും വ്യാപാര പങ്കാളികള്‍ യുഎസിനെതിരെ ഇറക്കുമതി തീരുവ ചുമത്തി പ്രതികാര നടപടി സ്വീകരിച്ചാല്‍, 30% ത്തില്‍ കൂടുതല്‍ താരിഫ് വര്‍ധിപ്പിച്ചുകൊണ്ട് തിരിച്ചടിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ട്രംപിന്റെ തീരുമാനത്തില്‍ ലോകരാജ്യങ്ങള്‍ കടുത്ത അമര്‍ഷത്തിലാണ്. നേരത്തെ കാനഡയ്ക്കുമേല്‍ 35% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു. അടുത്ത മാസം മുതല്‍ കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് 35% തീരുവ ചുമത്തുമെന്നും മറ്റ് വ്യാപാര പങ്കാളികള്‍ക്കുമേല്‍ 15% അല്ലെങ്കില്‍ 20% ഏകീകൃത തീരുവ ചുമത്താനും പദ്ധതിയിടുന്നതായും ട്രംപ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഇത് കൂടാതെ നേരത്തെ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ലോകരാജ്യങ്ങള്‍ക്ക് വിവേചനരഹിതമായ തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയില്‍ ബ്രിക്സ്ഉച്ചകോടി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ഭീഷണി ഉയകര്‍ത്തിയത്.

'ബ്രിക്സില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, അതിനി ഏതു രാജ്യമായാലും, 10% അധിക തീരുവ ഒടുക്കേണ്ടിവരും. കാരണം, ബ്രിക്സ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത് തന്നെ ഞങ്ങളെ (അമേരിക്കയെ) ദ്രോഹിക്കാന്‍ വേണ്ടിയാണ്. ഡോളറിനെ ഒഴിവാക്കിയുള്ള സാമ്പത്തിക ഇടപാടുകള്‍ ഉണ്ടാക്കിയെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പക്ഷേ സാരമില്ല, അവര്‍ അങ്ങനെയൊരു കളി കളിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍, ആ കളി കളിക്കാന്‍ എനിക്കും അറിയാം,' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇതിന് പിന്നാലെ ബ്രസീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം നികുതിയും ട്രംപ് ഏര്‍പ്പെടുത്തി. ബ്രസീലിന്റെ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികള്‍ക്കുള്ള പ്രതികാരമാണ് പുതിയ വ്യാപാര തീരുവ പ്രഖ്യാപനമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

ഈ നടപടികള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ട്രംപ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മെക്‌സിക്കോയ്ക്കും എതിരായി തിരിയുന്നത്. ട്രംപിന്റെ പ്രഖ്യാപനത്തോട് തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ പറഞ്ഞു.'ന്യായമായ ഒരു കരാറിലെത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി' ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ചെലവ് വര്‍ധിക്കാനുള്ള സാധ്യതയെക്കുറിച്ച് ജര്‍മനിയുടെ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാപാര സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകാനുള്ള ഭീഷണിയുണ്ടെന്നത് ഖേദകരമാണ് അവര്‍ വ്യക്തമാക്കി.

'അതിര്‍ത്തി സുരക്ഷിതമാക്കാന്‍ മെക്‌സിക്കോ എന്നെ സഹായിച്ചു. പക്ഷേ, മെക്‌സിക്കോ ചെയ്തത് പര്യാപ്തമല്ല', ട്രംപ് പറഞ്ഞു. യുഎസുമായി മെച്ചപ്പെട്ട കരാറില്‍ എത്തുമെന്നും മെച്ചപ്പെട്ട സാഹചര്യങ്ങള്‍ കൈവരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഷെയിന്‍ബോം മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം അറിയിച്ചു. യുഎസുമായി ചേര്‍ന്ന് എന്തെല്ലാം പ്രവര്‍ത്തിക്കാമെന്നും എന്തെല്ലാം ചെയ്യാന്‍ കഴിയില്ലെന്നും ഞങ്ങള്‍ക്ക് വ്യക്തമാണ്. 'ഒരിക്കലും ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു കാര്യമുണ്ട്, അതാണ് നമ്മുടെ രാജ്യത്തിന്റെ പരമാധികാരം', ഷെയിന്‍ബോം പറഞ്ഞു.

Tags:    

Similar News