യുക്രൈനെതിരായ വ്യോമാക്രമണം അവസാനിപ്പിക്കുന്നതിന് റഷ്യ ആലോചിക്കുന്നു; നിര്‍ണായക ചര്‍ച്ചക്കായി ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്‌കോയ്ക്ക്; പുടിന്‍ സമാധാനത്തിന് സമ്മതിച്ചില്ലെങ്കില്‍ റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം വരും; ആണവ മിസൈല്‍ കരാറില്‍ നിന്ന് പിന്‍മാറിയ റഷ്യ ലോകത്തെ ആശങ്കയിലാക്കുന്നു

യുക്രൈനെതിരായ വ്യോമാക്രമണം അവസാനിപ്പിക്കുന്നതിന് റഷ്യ ആലോചിക്കുന്നു

Update: 2025-08-06 08:17 GMT

ക്രെംലിന്‍: അമേരിക്കയുടെ വ്യാപാര ഉപരോധം ഒഴിവാക്കാന്‍ യുക്രെയ്‌നിനെതിരായ വ്യോമാക്രമണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. യുക്രൈനുമായുള്ള ഏറ്റുമുട്ടല്‍ തുടരുമെങ്കിലും അവിടുത്തെ നഗരങ്ങളില്‍ റോക്കറ്റാക്രമണം നടത്തുന്നത് അവസാനിപ്പിക്കുന്ന കാര്യം റഷ്യ പരിഗണിക്കുകയാണ്. മൂന്നര വര്‍ഷം മുമ്പ് സംഘര്‍ഷം ആരംഭിച്ചതിനുശേഷം റഷ്യ നല്‍കുന്ന ആദ്യത്തെ ഇളവാണ് ഇത്.

അമേരിക്കയുടെ സമാധാന ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് ചര്‍ച്ചകള്‍ക്കായി മോസ്‌കോയിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ് ബ്ലൂംബെര്‍ഗ് ഇന്നലെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഉപാധികള്‍ വിറ്റ്കോഫ് റഷ്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാരുമായി ചര്‍ച്ച നടത്തും. വ്‌ളാഡിമിര്‍ പുടിന്‍ ചര്‍ച്ചകള്‍ക്ക് സമ്മതിച്ചില്ലെങ്കില്‍, വെള്ളിയാഴ്ച മുതല്‍ റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം നേരിടേണ്ടി വരും. ഇത് ചൈന, ഇന്ത്യ തുടങ്ങിയ വ്യാപാര പങ്കാളികളെയും ബാധിക്കും.

സമാധാന കരാറില്‍ ഏര്‍പ്പെടാന്‍ പ്രസിഡന്റ് ട്രംപ് തുടക്കത്തില്‍ പുട്ടിന് 50 ദിവസത്തെ സമയമാണ് നല്‍കിയത്. പിന്നീട് ഇത് 10 മുതല്‍ 12 ദിവസം വരെയാക്കി കുറച്ചു. സമയപരിധിക്ക് മുമ്പായി, യൂറോപ്പിലെ ഹ്രസ്വ മുതല്‍ ഇടത്തരം മിസൈലുകളുടെ എണ്ണം പരിമിതപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ആണവ മിസൈല്‍ കരാറില്‍ നിന്ന് റഷ്യ പിന്മാറുകയും ചെയ്തു. നേരത്തേ വിറ്റ്കോഫ് റഷ്യയിലേക്ക് നടത്തിയ സന്ദര്‍ശനങ്ങളുടെ പേരില്‍ ഏറെ പഴി കേട്ടിരുന്നു. പുട്ടിനെ കാണുമ്പോള്‍ സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന രീതിയാണ് അദ്ദേഹം പിന്തുടര്‍ന്നിരുന്നത്.

കഴിഞ്ഞ ദിവസം യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി ട്രംപുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചാവിഷയമായതായി റിപ്പോര്‍ട്ടില്ല. യുദ്ധം അവസാനിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം എന്നാണ്

സെലന്‍സ്‌കി മാധ്യമങ്ങളോട് പറഞ്ഞത്. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ താരിഫുകള്‍ ഉപയോഗിച്ച് നേരിടുക എന്നതാണ് ട്രംപിന്റെ പദ്ധതി.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ മേലും അധിക നികുതി ചുമത്തി അവരെ വരുതിക്ക് കൊണ്ട് വരാനാണ് അവര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇന്ത്യ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പുട്ടിനും തമ്മില്‍ ഊഷ്മളമായ ബന്ധമാണുള്ളത്. ട്രംപിന്റെ സമയപരിധി നിര്‍ദ്ദേശം പുട്ടിന്‍ തള്ളിക്കളയുമെന്നാണ് കരുതപ്പെടുന്നത്.

ഇതിനിടെയാണ് യുഎസ്സുമായുള്ള 1987-ലെ ഇന്റര്‍മീഡിയറ്റ്-റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്സസ് (ഐഎന്‍എഫ്) ഉടമ്പടിയില്‍നിന്ന് പിന്മാറിയത് ലോകത്തെ ശരിക്കും ആശങ്കപ്പെടുത്തുന്നുണ്ട്. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദം വര്‍ധിക്കുന്നതിനിടെയാണ് റഷ്യയുടെ പുതിയ പ്രഖ്യാപനം. റഷ്യക്ക് സമീപം രണ്ട് ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ സൈന്യത്തിനോട് ട്രംപ് ഉത്തരവിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് റഷ്യയുടെ ഈ നീക്കം.

ഹ്രസ്വ-ദൂര, മധ്യ-ദൂര ആണവ മിസൈലുകള്‍ വിന്യസിക്കുന്നതിനുള്ള മൊറട്ടോറിയമായിരുന്നു ഐഎന്‍എഫ് ഉടമ്പടി. യുഎസ്സും റഷ്യയുടെ മുന്‍ഗാമിയായിരുന്ന സോവിയറ്റ് യൂണിയനും തമ്മിലൊപ്പുവെച്ച ഉടമ്പടിയായിരുന്നു ഇത്. സോവിയറ്റ് കാലഘട്ടത്തിലെ ഉടമ്പടി പാലിക്കാനുള്ള ബാധ്യത ഇനി തങ്ങള്‍ക്ക് ഇല്ല എന്നും, മുന്‍പ് സ്വയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

'യൂറോപ്പിലും ഏഷ്യ-പസഫിക് മേഖലയിലും, യുഎസിന്റെ മധ്യ-ദൂര, ഹ്രസ്വ-ദൂര മിസൈലുകള്‍ വിന്യസിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, സമാനമായ ആയുധങ്ങള്‍ വിന്യസിക്കുന്നതില്‍ ഏകപക്ഷീയമായ മൊറട്ടോറിയം നിലനിര്‍ത്താനുള്ള സാഹചര്യങ്ങള്‍ ഇല്ലാതായതായി വ്യക്തമായിരിക്കുന്നു,' റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ, റഷ്യ ഉടമ്പടി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2019-ല്‍ യുഎസ് ഇന്റര്‍മീഡിയറ്റ്-റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്സസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയിരുന്നു. പിന്നാലെ, യുഎസ് അത്തരം ആയുധങ്ങള്‍ വിന്യസിക്കുന്നില്ലെങ്കില്‍ തങ്ങളും വിന്യസിക്കില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. രാജ്യ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണി സൃഷ്ടിച്ചുകൊണ്ടുള്ള യുഎസ്സിന്റെ നീക്കങ്ങളാണ് റഷ്യയെ പുതിയ നടപടികള്‍ കൈക്കൊള്ളാന്‍ പ്രേരിപ്പിച്ചതെന്ന് മോസ്‌കോ ആരോപിച്ചു. 'പാശ്ചാത്യ രാജ്യങ്ങള്‍ മിസൈലുകള്‍ വിന്യസിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണി സൃഷ്ടിക്കുന്നു,' വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Tags:    

Similar News