അമേരിക്കന്‍ ധാര്‍ഷ്ട്യത്തിന് മുന്‍പില്‍ മുട്ട് വളയ്ക്കാതെ നെഞ്ച് വിരിച്ച് ഇറങ്ങി പോന്ന സെലന്‍സ്‌കി യുക്രൈനിലെ സൂപ്പര്‍ ഹീറോ; ഇനിയെന്ത് എന്ന ചോദ്യം ബാക്കിയെങ്കിലും ആത്മാഭിമാനം ഉയര്‍ത്തിയുള്ള വെല്ലുവിളിയില്‍ മനം നിറഞ്ഞ് യുക്രേനിയക്കാര്‍: ട്രംപ് പിണങ്ങിയതോടെ ഇനി റഷ്യ എന്തും ചെയ്യുമെന്ന് ഭയന്ന് ഒരു രാജ്യം
സെലന്‍സ്‌കി യുക്രൈനിലെ സൂപ്പര്‍ ഹീറോ
കീവ്: ലോക പോലീസ് ആണെന്ന ചിന്തയില്‍ എല്ലാവരേയും വിരട്ടി നിര്‍ത്തുന്ന അമേരിക്കക്കും അവിടുത്തെ ഭരണാധികാരികള്‍ക്കും കിട്ടിയ കനത്ത തിരിച്ചടിയാണ് യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി ഇന്നലെ വൈറ്റ്ഹൗസില്‍ നടത്തിയ പ്രകടനം. അമേരിക്കന്‍ ധാര്‍ഷ്ട്യത്തിന് മുന്‍പില്‍ മുട്ട് വളയ്ക്കാതെ നെഞ്ച് വിരിച്ച് ഇറങ്ങി പോന്ന സെലന്‍സ്‌കി യുക്രൈനിലെ സൂപ്പര്‍ ഹീറോയായി മാറിയിരിക്കുകയാണ്.
യുക്രൈനെ പോലെയുള്ള ഒരു ചെറിയ രാജ്യം അമേരിക്കയോട് കളിച്ചാല്‍ അതിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന് അറിയാമെങ്കിലും നാടിന്റെ ആത്മാഭിമാനം ഉയര്‍ത്തുന്ന രീതിയില്‍ തന്നെയാണ് സെലന്‍സ്‌കി പ്രവര്‍ത്തിച്ചത് എന്നാണ് യുക്രൈന്‍കാരുടെ അഭിപ്രായം. ഒത്തു തീര്‍പ്പ് ശ്രമങ്ങളില്‍ ട്രംപ് ഇടഞ്ഞതോടെ റഷ്യ ഇനി തങ്ങള്‍ക്ക് നേരേ എന്തും ചെയ്യുമെന്ന ആശങ്കയും അവര്‍ക്കുണ്ട്.
അതേ സമയം തന്നെ വൈറ്റ്ഹൗസില്‍ നിന്ന് പുറത്താക്കി എന്ന വാര്‍ത്തകളോട് സമൂഹ മാധ്യമമായ എക്സിലൂടെ പ്രതികരിക്കുകയാണ് സെലന്‍സ്‌കി. അങ്ങയേറ്റം പരിഹാസരൂപത്തിലുള്ള ഈ പോസ്ററില്‍ അദ്ദേഹം അമേരിക്കയോട് നാല് തവണ നന്ദി പറയുന്നുണ്ട്. അമേരിക്ക
നല്‍കിയ സഹായങ്ങള്‍ക്ക് സെലന്‍സ്‌കി നന്ദി കാട്ടിയില്ല എന്ന വൈസ്പ്രസിഡന്റ് ജെ.ഡി.വാന്‍സിന്റെ വിമര്‍ശനത്തിനുള്ള മറുപടി കൂടിയായിട്ടാണ് അദ്ദേഹം ഈ പോസ്റ്റിട്ടിരിക്കുന്നത്.
അമേരിക്കക്ക് നന്ദി, പിന്തുണക്ക് നന്ദി, സന്ദര്‍ശനത്തിന് നന്ദി എന്നിങ്ങനെ പോകുന്നു സെലന്‍സ്‌കിയുടെ പരിഹാസം. യുക്രൈന് വേണ്ടത് ശാശ്വത സമാധാനമാണെന്നും അതിന് വേണ്ടിയാണ് തങ്ങളുടെ എല്ലാ ശ്രമങ്ങളും എന്നും സെലന്‍സ്‌കി വ്യക്തമാക്കി. അമേരിക്കന്‍ ഭരണാധികരാകിളോട് അനാദരവ് കാട്ടി എന്ന പരാതി പുറത്ത് വന്നതിന് തൊട്ടു പിന്നാലെയാണ് സെലന്‍സ്‌കി ഇത്തരം ഒരു പോസ്റ്റിട്ടത് എന്ന കാര്യം ശ്രദ്ധേയമാണ്.
അതേസമയം ഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളിലേയും ഭരണാധികാരികള്‍ സെലന്‍സ്‌ക്കിക്ക് സമൂഹ മാധ്യമങ്ങളിലൂടെ പിന്തുണ അറിയിച്ചിരിക്കുകയാണ്. ഇവരുടെ ട്വീറ്റുകള്‍ സെലന്ഡസ്‌കി ഇപ്പോള്‍ റീട്വീറ്റ് ചെയ്്തിരിക്കുകയാണ്. നേരത്തേ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മാധ്യമങ്ങളുടെ മുന്നില്‍ വെച്ച് സെലന്‍സ്‌കി തങ്ങളേട് അനാദരം കാട്ടിയെന്ന് ആരോപിച്ചിരുന്നു.
സെലന്‍സ്‌കി ഇത്തരത്തില്‍ പെരുമാറുമെന്ന് അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് അവരുടെ നിലപാട്. യുക്രൈന്റെ പല ഭൂപ്രദേശങ്ങളും റഷ്യ കൈയടക്കിയ കാര്യം ചൂണ്ടിക്കാട്ടിയ സെലന്‍സ്‌കി അവര്‍ അവിടെ കൂട്ടക്കൊല നടത്തുകയാണെന്നാണ് ആരോപിച്ചത്.