റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ വഴിമുട്ടിയ വ്യാപാര ചര്‍ച്ചകള്‍ ഇറക്കുമതി കുറച്ചതോടെ നേര്‍വഴിയാലാകുന്നു; ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ഡൊണാള്‍ഡ് ട്രംപ്; കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇന്ത്യക്കെതിരെ ചുമത്തിയ നികുതികള്‍ വെട്ടിക്കുറയ്ക്കുമെന്നും യുഎസ് പ്രസിഡന്റ്

ഇന്ത്യയുടെ താരിഫ് വെട്ടിക്കുറക്കും -ട്രംപ്

Update: 2025-11-12 07:18 GMT

വാഷിങ്ടണ്‍: ഇന്ത്യയുമായി വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും നികുതി വെട്ടിക്കുറക്കുമെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ-യു.എസ് വ്യാപാര ചര്‍ച്ച അനിശ്ചിതമായി നീളുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ട്രംപിന്റെ പ്രതികരണ വന്നത്. ഇന്ത്യക്കെതിരായ നികുതി നിലവില്‍ വളരെ ഉയര്‍ന്നതാണെന്ന് ട്രംപ് പറഞ്ഞു.

റഷ്യന്‍ എണ്ണ വാങ്ങുന്നതാണ് അതിന്റെ കാരണം. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ ഗണ്യമായി കുറച്ചിരിക്കുകയാണ്. അതുകൊണ്ട് ഇന്ത്യക്കെതിരായ താരിഫ് വെട്ടിക്കുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ട്രംപ് 50 ശതമാനം നികുതി ചുമത്തിയിരുന്നു. ഇതോടെ യു.എസ് ഏറ്റവും കൂടുതല്‍ നികുതി ചുമത്തിയ രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിരുന്നു.

അതേസമയം, വ്യാപാര കരാറിനു വേണ്ടി യു.എസുമായി കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. ഇന്ത്യയും യു.എസും സമഗ്രവും ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങള്‍ അനുസരിച്ചുമുള്ള വ്യാപാര കരാറിനെക്കുറിച്ചാണ് ചര്‍ച്ച നടത്തിയത്. കാര്‍ഷികോത്പന്നങ്ങള്‍ അടക്കം പ്രധാനപ്പെട്ട മേഖലകളെ സംരക്ഷിച്ചുകൊണ്ടാണ് കരാറിലേര്‍പ്പെടുക. ഇന്ത്യ സമര്‍പ്പിച്ച കരാര്‍ നിര്‍ദേശത്തില്‍ യു.എസിന്റെ പ്രതികരണം കാത്തിരിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

ഫെബ്രുവരിയില്‍ യു.എസുമായി വ്യാപാര കരാര്‍ ചര്‍ച്ചക്ക് തുടക്കം കുറിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനത്തിനുശേഷമായിരുന്നു ചര്‍ച്ച. കാര്‍ഷികോല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്യാത്തതാണ് വ്യാപാര കരാര്‍ നീണ്ടുപോകുന്നതെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ന്യായവും നീതിയുക്തവുമായ വ്യാപാര കരാറിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.

അങ്ങനെയൊരു കരാറിന് വേണ്ടി സര്‍ക്കാര്‍ എല്ലാ ചര്‍ച്ചകളും തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ഏത് സമയവും കരാര്‍ യാഥാര്‍ഥ്യമാകും. കര്‍ഷകരുടെയും ക്ഷീരോല്‍പാദകരുടെയും തൊഴിലാളികളുടെയും താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. മാത്രമല്ല,യു.എസിലെ ഉയര്‍ന്ന താരിഫ് കാരണം കയറ്റുമതി പ്രതിസന്ധി നേരിടുന്ന മത്സ്യബന്ധന മേഖലക്ക് റഷ്യ അടക്കമുള്ള പുതിയ വിപണികള്‍ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുമായുള്ള വ്യാപാര ബന്ധം വഷളായതിന് പിന്നാലെയാണ് മേഖലയിലെ സുപ്രധാന സഖ്യകക്ഷിയായ ഇന്ത്യയുമായി യു.എസ് ചര്‍ച്ചകള്‍ക്ക് താല്‍പര്യം കാണിച്ചത്. അതേസമയം, യു.കെക്കും ജപ്പാനും പോലെ നികുതി 15 ശതമാനമായി കുറച്ചാല്‍ മാത്രമേ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ചൈനയുമായി യു.എസ് വിപണിയില്‍ മത്സരിക്കാന്‍ കഴിയുവെന്നാണ് വ്യാപാര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 20 ശതമാനം നികുതിയാണെങ്കില്‍ പോലും വില കുറഞ്ഞ ചൈനീസ് ഉല്‍പന്നങ്ങള്‍ വിപണി കീഴടക്കും. വിയറ്റ്‌നാമിന് 20 ശതമാനവും മലേഷ്യ, കംബോഡിയ തുടങ്ങിയ ആസിയാന്‍ രാജ്യങ്ങള്‍ക്ക് 19 ശതമാനവും നികുതിയാണ് യു.എസ് ചുമത്തിയിരിക്കുന്നത്.

ചൈനക്ക് പകരം മറ്റൊരു രാജ്യമെന്ന നയതന്ത്രത്തില്‍ (ചൈന പ്ലസ് വണ്‍) ആസിയാനൊപ്പം യു.എസ് പരിഗണിക്കുന്നത് ഇന്ത്യയെയാണ്. അതുകൊണ്ട് 15 ശതമാനം താരിഫ് നിരക്കാണ് ഇന്ത്യക്ക് അനുയോജ്യമാകുക. അതേസമയം, ചെറിയ രാജ്യമായിരുന്നിട്ടും യു.എസിലേക്ക് കയറ്റുമതി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന വിയറ്റ്‌നാം ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാണ്. യു.എസില്‍നിന്ന് ഇന്ധന ഇറക്കുമതി ശക്തമാക്കുന്നത് ഇന്ത്യക്കുമേല്‍ ചുമത്തിയ നികുതി 15-20 ശതമാനമായി കുറക്കാന്‍ സഹായിച്ചേക്കുമെന്നും സൂചനയുണ്ട്.

Tags:    

Similar News