'ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തെയാണ് എനിക്ക് ഓര്‍മ വരുന്നത്, അത് വിജയകരമായി അവസാനിച്ചു; സംഘര്‍ഷം തുടരുകയാണെങ്കില്‍ ഒരു വ്യാപാക കരാറിനുമില്ല'; തായ്ലന്‍ഡ് - കംബോഡിയ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ട്രംപ്; ഉദാഹരിച്ചത് ഇന്ത്യയെയും; സംഘര്‍ഷത്തെ തുടര്‍ന്ന് അഭയാര്‍ഥികളായത് 80,000 പേര്‍; മരണം 33 ആയി
'ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തെയാണ് എനിക്ക് ഓര്‍മ വരുന്നത്, അത് വിജയകരമായി അവസാനിച്ചു
വാഷിങ്ടന്‍: അയല്‍രാജ്യങ്ങളായ തായ്ലന്‍ഡും കംബോഡിയയും തമ്മിലുള്ള സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ട് ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി ഫോണില്‍ സംസാരിച്ചെന്ന് ട്രംപ് സാമൂഹ്യ മാധ്യമമായ സോഷ്യല്‍ ട്രൂത്തില്‍ കുറിച്ചു. സംഘര്‍ഷം തുടരുകയാണെങ്കില്‍ യുഎസ് ഈ രാജ്യങ്ങളുമായി ഒരു വ്യാപാര കരാറിനുമില്ലെന്ന് അറിയിച്ചെന്നും സങ്കീര്‍ണമായൊരവസ്ഥയെ ലളിതമാക്കിയെടുക്കാനാണ് തന്റെ ശ്രമമെന്നും ട്രംപ് വ്യക്തമാക്കി.
തായ്ലന്‍ഡും കംബോഡിയയും തമ്മിലുള്ള സംഘര്‍ഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ യുദ്ധത്തെ ഓര്‍മിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമാണെങ്കില്‍ യുഎസ് വ്യാപാരത്തിനില്ലെന്നു പറഞ്ഞാണ് ഇന്ത്യയെയും പാക്കിസ്ഥാനെയും സംഘര്‍ഷത്തില്‍നിന്നു പിന്തിരിപ്പിച്ചതെന്ന് ട്രംപ് നിരന്തരം അവകാശപ്പെടുന്നതാണ്.
''വളരെ സങ്കീര്‍ണമായ ഒരു അവസ്ഥയെ ഞാന്‍ ലളിതമാക്കാന്‍ ശ്രമിക്കുകയാണ്. യുദ്ധങ്ങളില്‍ ഒരുപാട് ആളുകള്‍ കൊല്ലപ്പെടുന്നുണ്ട്, ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷത്തെയാണ് എനിക്ക് ഓര്‍മ വരുന്നത്, അത് വിജയകരമായി അവസാനിച്ചു'', ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു.
തായ്ലന്‍ഡ് കംബോഡിയ സംഘര്‍ഷം കനത്തതോടെ മരണം 33 ആയി. കംബോഡിയയില്‍ നേരത്തേ ഒരു മരണം കൂടാതെ ഇന്നലെ 12 പേരും തായ്ലന്‍ഡില്‍ ഒരു സൈനികന്‍ ഉള്‍പ്പെടെ 20 പേരുമാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തിമേഖലകളിലുള്ള 1,68,000 പേര്‍ പലായനം ചെയ്തു.
സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു രാഷ്ട്രങ്ങളിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍നിന്ന് പതിനായിരങ്ങള്‍ വീടൊഴിഞ്ഞ് അഭയാര്‍ഥികളായി. തായ്‌ലന്‍ഡില്‍ 58000ത്തിലധികം പേര്‍ അഭയകേന്ദ്രങ്ങളിലെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 23000ത്തിലധികം പേരെ ഒഴിപ്പിച്ചതായാണ് കംബോഡിയയുടെ ഔദ്യോഗിക പ്രതികരണം.
മേയ് മാസത്തില്‍ വെടിവെപ്പില്‍ കംബോഡിയന്‍ സൈനികന്‍ കൊല്ലപ്പെട്ടതുമുതല്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. ബുധനാഴ്ച അഞ്ച് തായ് സൈനികര്‍ക്ക് അതിര്‍ത്തിയിലെ കുഴിബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റതാണ് ഇപ്പോഴത്തെ വ്യാപനത്തിലേക്ക് നയിച്ചത്. എതിര്‍പക്ഷമാണ് ആദ്യം വെടിയുതിര്‍ത്തതെന്ന് രണ്ട് രാജ്യങ്ങളും ആരോപിക്കുന്നു.
ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തി അടക്കുകയും നയതന്ത്ര ബന്ധം വിച്ഛേദിച്ച് സ്ഥാനപതികളെ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തിയിലെ വിവിധ ഭാഗങ്ങളിലായി ആറിടത്ത് മൂന്നുദിവസമായി വെടിവെപ്പ് നടക്കുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ 80 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. അതിനിടെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വെള്ളിയാഴ്ച രാത്രി ഐക്യരാഷ്ട്രസഭ രക്ഷാസമിതി ന്യൂയോര്‍ക്കില്‍ അടിയന്തര യോഗം ചേര്‍ന്നു. രണ്ടു രാജ്യങ്ങളും ഉള്‍പ്പെടുന്ന 10 രാഷ്ട്ര ആസിയാന്‍ കൂട്ടായ്മയുടെ അധ്യക്ഷതവഹിക്കുന്ന മലേഷ്യ മധ്യസ്ഥതവഹിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.