ഡല്‍ഹി വാപസി! ബിജെപിയുടെ മടങ്ങി വരവ് പ്രവചിച്ച് മൂന്ന് എക്‌സിറ്റ് പോളുകള്‍ കൂടി; ടുഡേയ്‌സ് ചാണക്യയും ആക്‌സിസ് മൈ ഇന്ത്യയും, സിഎന്‍എക്‌സും ബിജെപിക്ക് നല്‍കുന്നത് 50 ലേറെ സീറ്റുകള്‍; പ്രവചനങ്ങള്‍ തളളി എഎപിയും കോണ്‍ഗ്രസും
ബിജെപിയുടെ മടങ്ങി വരവ് പ്രവചിച്ച് മൂന്ന് എക്‌സിറ്റ് പോളുകള്‍ കൂടി
ന്യൂഡല്‍ഹി:ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത് ബിജെപിയുടെ മടങ്ങി വരവ്. ബി.ജെ.പിക്ക് വന്‍വിജയം പ്രവചിക്കുന്നത് ആക്സിസ് മൈ ഇന്ത്യ, സി.എന്‍.എക്‌സ്, ടുഡേയ്‌സ് ചാണക്യ പോളുകളാണ്. 45 മുതല്‍ 55 സീറ്റുകള്‍ വരെ നേടി ബി ജെ പി അധികാരത്തിലെത്തുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളടക്കം ആക്‌സിസ് മൈ ഇന്ത്യ ക്യത്യമായി പ്രവചിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിക്ക് 15 മുതല്‍ 25 സീറ്റുകളില്‍ മാത്രമേ ജയിക്കാന്‍ സാധിക്കുകയുള്ളൂ. കോണ്‍ഗ്രസ് പൂജ്യം മുതല്‍ ഒരു സീറ്റില്‍ വരെ ജയിക്കാമെന്നും ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.
ബി.ജെ.പി. 48% വോട്ടുനേടുമെന്നാണ് പ്രവചനം. എ.എ.പിക്ക് 42 ശതമാനവും കോണ്‍ഗ്രസിന് ഏഴുശതമാനവും മറ്റുള്ളവര്‍ക്ക് മൂന്നുശതമാനവും വോട്ടുലഭിക്കുമെന്നും സര്‍വേ പറയുന്നു.
ബി.ജെ.പി. ഡല്‍ഹിയില്‍ വന്‍വിജയം നേടുമെന്നാണ് സി.എന്‍.എക്സിന്റെ എക്സിറ്റ് പോളും പ്രവചിക്കുന്നത്. 49 മുതല്‍ 61 സീറ്റുവരെയാണ് സി.എന്‍.എക്സ് ബി.ജെ.പിക്ക് പ്രവചിക്കുന്നത്. എ.എ.പി. 10 മുതല്‍ 19 സീറ്റുവരെ നേടുമെന്നും കോണ്‍ഗ്രസ് പരമാവധി ഒരുസീറ്റ് നേടുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
പുരുഷന്മാരില്‍ 50 ശതമാനത്തോളവും സ്ത്രീകളില്‍ 46 ശതമാനവും ബി.ജെ.പിയെ പിന്തുണയ്ക്കുന്നുവെന്ന് ആക്സിസ് മൈ ഇന്ത്യ സര്‍വേ പറയുന്നു. എ.എ.പിക്ക് യഥാക്രമം 40, 44 ശതമാനമാണ് പിന്തുണ. ഇരുവിഭാഗത്തിലും കോണ്‍ഗ്രസിന് ഏഴുശതമാനം പിന്തുണയും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
ടുഡേയ്‌സ് ചാണക്യ ബിജെപി 51 സീറ്റുകള്‍വരെ നേടുമെന്നാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് ഇക്കുറിയും തിരിച്ചുവരവ് ഉണ്ടാകില്ലെന്നാണ് പോളുകള്‍ പ്രവചിക്കുന്നത്. പരമാവധി 3 സീറ്റാണ് കോണ്‍ഗ്രസിന് കിട്ടാവുന്നത്.
എഎപിക്ക് സാധ്യത കല്‍പ്പിച്ചത് വീ പ്രിസൈഡ്, മൈന്‍ഡ് ബ്രിങ്ക് പോളുകള്‍ മാത്രമാണ്. വീ പ്രിസൈഡ് എഎപിക്ക് 46 നും 52 നും ഇടയിലും മൈന്‍ഡ് ബ്രിങ്ക് 44 നും 49 നും ഇടയിലും സീറ്റുകള്‍ പ്രവചിക്കുന്നു. മാട്രിക്‌സാകട്ടെ ബിജെപിക്കും എഎപിക്കും തുല്യസാധ്യതയാണ് കല്‍പ്പിക്കുന്നത്. ബുധനാഴ്ച രാത്രി പുറത്തുവന്ന 10 എക്‌സിറ്റ് പോളുകളില്‍ ഏഴും ബിജെപിക്ക് വന്‍ വിജയമാണ് പ്രവചിക്കുന്നത്. പീപ്പിള്‍സ് പള്‍സ്, പോള്‍ ഡയറി, പീപ്പിള്‍സ് ഇന്‍സൈറ്റ് എന്നിവയാണ് ഏറ്റവും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത്. എന്നാല്‍, എഎപി എക്‌സിറ്റ് പോളുകളെ തള്ളിക്കളഞ്ഞിരിക്കുകയാണ്.