ജയലളിതയുടെ മരണത്തിന് പിന്നാലെ കരുത്ത് ചോര്‍ന്ന് ദുര്‍ബലമായി; സ്റ്റാലിനോടും ഡിഎംകെയോടും മല്ലിട്ട് നില്‍ക്കാന്‍ വീണ്ടും ബിജെപിയുമായി കൈകോര്‍ത്ത് അണ്ണാ ഡിഎംകെ; തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചുമത്സരിക്കും; സംസ്ഥാനത്ത് എടപ്പാടി പളനിസാമി എന്‍ഡിഎയെ നയിക്കുമെന്ന് അമിത്ഷാ; സഖ്യത്തിന് കളമൊരുങ്ങിയത് അണ്ണാമലൈ മാറിയതോടെ
സ്റ്റാലിനോടും ഡിഎംകെയോടും മല്ലിട്ട് നില്‍ക്കാന്‍ വീണ്ടും ബിജെപിയുമായി കൈകോര്‍ത്ത് അണ്ണാ ഡിഎംകെ
ചെന്നൈ: 2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍, അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും ( എഐഎഡിഎംകെ) ബിജെപിയും ഒന്നിച്ചുമത്സരിക്കും. എടപ്പാടി കെ പളനിസാമി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ നയിക്കും. എടപ്പാടി പളനസാമി, നിലവിലെ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ എന്നിവരുടെ സാന്നിധ്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍, സഖ്യം പ്രഖ്യാപിച്ചത്.
ദേശീയ തലത്തില്‍ നരേന്ദ്രമോദിയുടെയും സംസ്ഥാനത്ത് പളനിസാമിയുടെയും നേതൃത്വത്തിലായിരിക്കും തിരഞ്ഞെടുപ്പിനെ നേരിടുക എന്ന് അമിത്ഷാ അറിയിച്ചു. സഖ്യം പുന: സ്ഥാപിക്കാന്‍ അണ്ണാ ഡിഎംകെ ഉപാധികള്‍ ഒന്നും മുന്നോട്ടുവച്ചിട്ടില്ലെന്ന് ഷാ പറഞ്ഞു. എഐഎഡിഎംകെ 1998 മുതല്‍ എന്‍ഡിഎയുടെ ഭാഗമായിരുന്നുവെന്നും മുന്‍ മേധാവി ജെ ജയലളിതയും നരേന്ദ്ര മോദിയും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സഖ്യം പുന: സ്ഥാപിക്കാന്‍ എന്തുകൊണ്ടാണ് ഇത്രയും സമയം എടുത്തത് എന്ന ചോദ്യത്തിന് ഇപ്പോള്‍ സഖ്യം സ്ഥിരമായത് കൊണ്ടാണ് സമയം എടുത്തത് എന്നായിരുന്നു ഷായുടെ മറുപടി.
കഴിഞ്ഞ മാസം അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2026 ലെ തിരഞ്ഞെടുപ്പ് ഡിഎംകെയെ പുത്താക്കാനുള്ള അവസരമെന്നാണ് നിലവിലെ ബിജെപി അദ്ധ്യക്ഷന്‍ അണ്ണാമലൈ വിശേഷിപ്പിച്ചത്. അഴിമതി ആരോപണങ്ങളും സംസ്ഥാനത്തെ തകരുന്ന ക്രമസമാധാന നിലയും ചൂണ്ടിക്കാണിച്ചാണ് ബിജെപിയുടെ പ്രചാരണം.
അണ്ണാമലൈയുമായി ഇടഞ്ഞാണ് അണ്ണാഡിഎംകെ നേരത്തേ എന്‍ഡിഎ വിട്ടത്. എടപ്പാടിയും അണ്ണാമലൈയും തുടര്‍ന്നും പല തവണ കൊമ്പുകോര്‍ത്തിരുന്നു. ഡിഎംകെയും ബിജെപിയും തമ്മിലാണു സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടമെന്ന് അണ്ണാമലൈ ആവര്‍ത്തിച്ചതും അണ്ണാഡിഎംകെയുമായുള്ള അകലം കൂട്ടിയിരുന്നു.
തമിഴ്‌നാട്ടില്‍ ബിജെപിക്ക് പുതിയ അദ്ധ്യക്ഷന്‍
ഇതിനിടെ, തമിഴ്‌നാട് ബിജെപിയുടെ പുതിയ അധ്യക്ഷനായി നിലവിലെ നിയമസഭാ കക്ഷി നേതാവു കൂടിയായ നൈനാര്‍ നാഗേന്ദ്രന്‍ എംഎല്‍എയെ എതിരില്ലാതെ തിരഞ്ഞെടുത്തു. നിലവിലെ അധ്യക്ഷന്‍ കെ.അണ്ണാമലൈയുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണിത്.ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് നൈനാര്‍ പത്രിക നല്‍കിയത്. ഇന്ന് വൈകുന്നേരം നാലുമണി വരെയായിരുന്നു ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം.
നൈനാര്‍ നാഗേന്ദ്രന്‍ മാത്രമാണ് സംസ്ഥാന ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. നാളെത്തന്നെ അദ്ദേഹത്തെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിക്കും. നൈനാറിനെ നിലവിലെ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയും വാനതി ശ്രീനിവാസനും എച്ച് രാജയും പൊന്‍രാധാകൃഷ്ണനും പിന്തുണച്ചു.
അധ്യക്ഷ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനത്തില്‍ കുറഞ്ഞതു 10 വര്‍ഷമെങ്കിലും ബിജെപി പ്രവര്‍ത്തകനായിരിക്കണമെന്ന നിബന്ധന ഉള്‍പ്പെടുത്തിയിരുന്നു. അതോടെ, 2017ല്‍ പാര്‍ട്ടിയിലെത്തി മത്സരരംഗത്തു സജീവമായ നൈനാര്‍ നാഗേന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെ പലരും അയോഗ്യരാകുമെന്നാണ് കരുതിയിരുന്നത്. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. എന്നാല്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ നൈനാറിന് ഇളവു നല്‍കുകയായിരുന്നു. തമിഴ്‌നാട്ടില്‍, ഡിഎംകെയെ താഴെയിറക്കാനായി പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കുന്നതായാണ് സൂചന. അതേസമയം, കേന്ദ്രസര്‍ക്കാരിനെ ശക്തമായി കടന്നാക്രമിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭ തിരഞ്ഞെടുപ്പിനായി കളമൊരുക്കല്‍ തുടങ്ങി കഴിഞ്ഞു. സ്റ്റാലിനോടും ഡിഎംകെയോടും മല്ലിട്ടുനില്‍ക്കാന്‍ ആവതില്ലാത്തത് കൊണ്ടാണ് ജയലളിതയുടെ മരണത്തിന് ശേഷം ദുര്‍ബലമായ അണ്ണാ ഡിഎംകെ വീണ്ടും എന്‍ഡിഎ സഖ്യത്തില്‍ എത്തുന്നത്.