ജഗ്ദീപ് ധന്‍കര്‍ രാജി പ്രഖ്യാപിക്കും മുമ്പ് അണിയറയില്‍ നടന്നത് രാഷ്ട്രീയ ചെസ് ബോര്‍ഡിലെ കരുനീക്കങ്ങള്‍; ധന്‍കര്‍ പരിധി വിട്ടെന്ന് രാജ്യസഭാ എംപിമാരുടെ അടിയന്തര യോഗം വിളിച്ച് അറിയിച്ച് ബിജെപി നേതൃത്വം; സുപ്രധാന പ്രമേയത്തിലും ഒപ്പു വപ്പിച്ചു; ഒടുവില്‍ ജയ്പൂരിന് പോകാനിരുന്ന ധന്‍കറിന്റെ ഞെട്ടിക്കുന്ന രാജിയും; നിതീഷ് കുമാറിനെ ഉപരാഷ്ട്രപതിയാക്കാന്‍ ചരടുവലികള്‍
ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിത രാജി പ്രഖ്യാപിക്കും മുമ്പ് അണിയറയില്‍ നടന്നത് രാഷ്ട്രീയ ചെസ് ബോര്‍ഡിലെ കനുനീക്കങ്ങള്‍
ന്യൂഡല്‍ഹി: ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്ന് ഉപരാഷ്ട്രപതി പദവിയിലേക്ക് ബിഹാര്‍ മുഖ്യമന്ത്രിയും, ജെഡിയു നേതാവുമായ നിതീഷ് കുമാറിനെ ഉയര്‍ത്തിക്കാട്ടി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍.
നിതീഷ് കുമാര്‍ ഉപരാഷ്ട്രപതിയായാല്‍ അത് ബിഹാറിന് അഭിമാനമാകുമെന്ന് ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ ഠാക്കൂറും ബിജെപി മന്ത്രി നീരജ് കുമാര്‍ സിങ് ബബ്ലുവും അഭിപ്രായപ്പെട്ടു. പദവിയിലേക്ക് യോഗ്യനായ സ്ഥാനാര്‍ഥിയാണ് നിതീഷെന്ന് വര്‍ഷകാല സമ്മേളനത്തിന് എത്തിയ ബിജെപി എംഎല്‍എമാര്‍ പറഞ്ഞു. നിതീഷിന് ദീര്‍ഘനാളത്തെ ഭരണപരിചയമുണ്ടെന്നും അദ്ദേഹം ഉന്നത പദവിയില്‍ എത്തിയാല്‍ അത് സൗഭാഗ്യമായിരിക്കുമെന്നും ഠാക്കൂര്‍ പറഞ്ഞു. ബിഹാറില്‍ നിന്നാരെങ്കിലും ഉപരാഷ്ട്രപതിയായാല്‍ വളരെ സന്തോഷമെന്ന് ബിഹാര്‍ മന്ത്രി പ്രേം കുമാര്‍ പറഞ്ഞു.
നിതീഷ് കുമാര്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എന്‍ഡിഎയിലേക്ക് മടങ്ങി എത്തിയപ്പോള്‍ മുതല്‍, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചാല്‍ നിതീഷിനെ മുഖ്യമന്ത്രിയായി തുടരാന്‍ ബിജെപി അനുവദിച്ചേക്കില്ലെന്ന് ഊഹാപോഹം ഉണ്ടായിരുന്നു. എന്നാല്‍, നിതീഷിന്റെ നേതൃത്വത്തിലായിരിക്കും തിരഞ്ഞെടുപ്പിനെ നേരിടുക എന്ന് അമിത്ഷാ പലവട്ടം പറഞ്ഞിട്ടുണ്ട്.
ഊഹാപോഹങ്ങള്‍ എന്തായാലും നിതീഷ് മുഖ്യമന്ത്രിയായി തന്നെ തുടരുമെന്നാണ് ജെ ഡി യു നേതാക്കള്‍ ഉറപ്പിച്ച് പറയുന്നത്. ബിജെപി നേതാക്കള്‍ പറയുന്നത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും ബിഹാറിലെ ജനങ്ങള്‍ക്ക് അത്തരം താല്‍പര്യങ്ങള്‍ ഇല്ലെന്നും ജെഡിയു നേതാവും മന്ത്രിയുമായ ശ്രാവണ്‍ കുമാര്‍ പറഞ്ഞു. 2025 ലും നിതീഷായിരിക്കും മുഖ്യമന്ത്രി എന്ന് ഉമേഷ് കുശ്വാഹ പ്രതികരിച്ചു.
60 ദിവസത്തിനകമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് നടത്തേണ്ടത്. 543 അംഗ ലോക്‌സഭയില്‍ ഒരു സീറ്റ് മാത്രമാണ് നിലവില്‍ ഒഴിവുള്ളത്. എന്‍ഡിഎക്ക് 293 അംഗങ്ങള്‍. 245 അംഗ രാജ്യസഭയില്‍ നിലവില്‍ 240 അംഗങ്ങള്‍. ഭരണകക്ഷിക്ക് 129 സീറ്റ്. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് വിജയിക്കണമെങ്കില്‍ 786 വോട്ടില്‍ 394 വോട്ടുകരസ്ഥമാക്കണം. 422 അംഗങ്ങളുള്ള എന്‍ഡിഎയ്ക്ക് നിഷ്പ്രയാസം ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാം.
ധന്‍കറിന്റെ രാജി നിതീഷ് കുമാറിനെ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷമായ ആര്‍ജെഡി ആരോപിച്ചു. എന്നാല്‍, ബിജെപി ഇത് നിഷേധിക്കുന്നു. എന്തായാലും ഇക്കാര്യത്തില്‍ ബിജെപി കേന്ദ്ര നേതൃത്വമാണ് അവസാന വാക്കുപറയേണ്ടത്.
രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിങ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആരോഗ്യ മന്ത്രി ജെ പി നഡ്ഡ, ശശി തരൂര്‍ എന്നിവരുടെ പേരുകളും കേള്‍ക്കുന്നു.
രാഷ്ട്രീയ ചെസ് ബോര്‍ഡിലെ കളികള്‍
ജഗ്ദീപ് ധന്‍കറിന്റെ രാജിക്ക് മുന്നോടിയായി പിന്നണിയില്‍ പല രാഷ്ട്രീയ കളികളും നടന്നതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ജുഡീഷ്യറിക്ക് നേരേയുള്ള ധന്‍കറിന്റെ കടുത്ത പരാമര്‍ശങ്ങള്‍ സര്‍ക്കാരിലെ പലരെയും ചൊടിപ്പിച്ചു. 2022 ല്‍ ഉപരാഷ്ട്രപതി ആയ ശേഷം ജുഡീഷ്യറി അധികാര പരിധി കടക്കുന്നുവെന്ന വിമര്‍ശനം ധന്‍കര്‍ ഉയര്‍ത്തിയിരുന്നു. വിശേഷിച്ചും, നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്ന്റ്മെന്റ്സ് കമ്മീഷന്‍ നിയമം റദ്ദാക്കിയതിന് സുപ്രീംകോടതിയെ അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ജസ്റ്റിസ് വര്‍മ്മയ്ക്കെതിരെ നടപടിയെടുക്കേണ്ടത് തങ്ങളുടെ അധികാര പരിധിയില്‍ പെട്ട കാര്യമെന്നാണ് ജുഡീഷ്യറി വിശ്വസിക്കുന്നത്. ജൂലൈ 21 ന് ജസ്റ്റിസ് വര്‍മ്മയുടെ കേസില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട് നടപടി സ്വീകരിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്. ജുഡീഷ്യറിയുമായി ഒരു ഏറ്റുമുട്ടലിന് തല്‍ക്കാലം കേന്ദ്രസര്‍ക്കാരിന് താല്‍പര്യവുമില്ല. ജഗ്ദീപ് ധന്‍കര്‍ എടുത്തുചാടി പ്രതിപക്ഷ പ്രമേയം അനുവദിച്ചത് സര്‍ക്കാരിനെ വിശ്വാസത്തില്‍ എടുക്കാതെയെന്നും സൂചനയുണ്ട്.
ആറു മാസം മുന്‍പ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷം തന്നെ അദ്ദേഹത്തിന് പിന്തുണയുമായി വന്നത് ബിജെപി നേതൃത്വത്തെ ഞെട്ടിപ്പിച്ചെന്നും എന്‍ഡി ടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെയാണ് ധന്‍കര്‍ 'പരിധി ലംഘിച്ചു' എന്ന് എംപിമാരെ ബിജെപി നേതൃത്വം അറിയിച്ചത്. പ്രതിപക്ഷത്തിന്റെ പ്രമേയം ധന്‍കര്‍ അംഗീകരിച്ചതിനുപിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടെ ഒരു യോഗം നടന്നു. തുടര്‍ന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ഓഫിസില്‍ മന്ത്രിമാര്‍ മറ്റൊരു യോഗം കൂടി. ഭരണകക്ഷിയിലെ എല്ലാ രാജ്യസഭാ എംപിമാരെയും അവിടെ വിളിച്ചു വരുത്താന്‍ ബിജെപിയുടെ ചീഫ് വിപ്പിനോട് രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. പത്ത് പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് ബിജെപി എംപിമാരെ രാജ്‌നാഥ് സിങിന്റെ ഓഫിസിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് ഒരു പ്രധാന പ്രമേയത്തില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നു. ബിജെപി എംപിമാര്‍ക്ക് പിന്നാലെ എന്‍ഡിഎ ഘടകക്ഷിയില്‍പ്പെട്ട രാജ്യസഭാ എംപിമാരെയും വിളിപ്പിച്ചു.
എല്ലാവരോടും പ്രമേയത്തെക്കുറിച്ച് പുറത്തുപറയാന്‍ പാടില്ലെന്നും അടുത്ത നാല് ദിവസം ഡല്‍ഹിയില്‍ തന്നെ തുടരാനും നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെ പ്രമേയത്തെക്കുറിച്ചും എംപിമാര്‍ അതില്‍ ഒപ്പുവച്ചുവെന്നും ഉള്ള വിവരം ധന്‍കറിനെ നേതൃത്വം അറിയിക്കുകയായിരുന്നു. ഇതിനുമുമ്പ് ധന്‍കര്‍ സര്‍ക്കാരിനെ വിമര്‍ശിച്ച സന്ദര്‍ഭങ്ങളും അദ്ദേഹം കാരണം നാണംകെടേണ്ടി വന്നതും എംപിമാരെ ധരിപ്പിച്ചു. അധികം എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ധന്‍കര്‍ രാജി വച്ചൊഴിഞ്ഞു.
ജൂലൈ 23ന് ജയ്പൂരില്‍ ഒരുദിവസത്തെ സന്ദര്‍ശനത്തിനായി പോകാനിരുന്ന ഉപരാഷ്ട്രപതി പൊടുന്നനെ രാജി പ്രഖ്യാപിച്ചത് കൊണ്ടു തന്നെ നേരത്തെ എടുത്ത തീരുമാനം അല്ലെന്ന് വ്യക്തമാകുന്നു. ' ഇന്നലെ ഒരുമണിക്കും നാലരയ്ക്കും ഇടയ്ക്ക് വളരെ ഗൗരവമായത് എന്തോ സംഭവിച്ചു. രണ്ടാമത്തെ ബിഎസി യോഗത്തില്‍ നഡ്ഡയുടെയും റിജിജുവിന്റെയും അസാന്നിധ്യം മന: പൂര്‍വമാണെന്ന് കരുതേണ്ടിയിരിക്കുന്നു'-ജയ്റാം രമേശിന്റെ പോസ്റ്റില്‍ പറയുന്നു. ആരോഗ്യ കാരണങ്ങള്‍ക്ക് അപ്പുറം ചിലത് ധന്‍കറിന്റെ രാജിക്ക് പിന്നിലുണ്ടെന്ന് പ്രതിപക്ഷം സംശയിക്കാനും കാരണം ഇതാണ്. എന്തായാലും തിങ്കളാഴ്ചത്തെ രാജ്യസഭാ നടപടികള്‍ അസാധാരണമായ ഒരു വൈകുന്നരത്തിലേക്കാണ് നയിച്ചത്.