'ആര്‍എസ്എസ് രാജ്യത്ത് എവിടെ ദുരന്തം ഉണ്ടായാലും ഓടിയെത്തുന്ന സംഘടന; ത്യാഗത്തിന്റെയും സേവനത്തിന്റെയും യാത്രയാണ് സംഘത്തിന്റേത്; ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ; പ്രത്യേക നാണയവും തപാല്‍ സ്റ്റാമ്പും പുറത്തിറക്കി നരേന്ദ്ര മോദി
'ആര്‍എസ്എസ് രാജ്യത്ത് എവിടെ ദുരന്തം ഉണ്ടായാലും ഓടിയെത്തുന്ന സംഘടന
ന്യൂഡല്‍ഹി: രാജ്യത്ത് എവിടെ ദുരന്തം ഉണ്ടായാലും അവിടെ ഓടിയെത്തുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ സമയത്ത് ആദ്യം ഓടിയെത്തിയത് ആര്‍എസ്എസ് ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ദുരിതങ്ങളില്‍ താങ്ങായി ആര്‍എസ്എസ് നിലകൊണ്ടുവെന്നും മോദി അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസിന്റെ ശതാബ്ദിയുടെ ഭാഗമായി പ്രത്യേക നാണയവും തപാല്‍ സ്റ്റാമ്പും പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. ഭഗവദ്ധ്വജമേന്തിയ ഭാരതാംബയുടെ മുദ്രയോട് കൂടിയ 100 രൂപയുടെ നാണയമാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. ഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് സര്‍ക്കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, കേന്ദ്രമന്ദ്രിമാര്‍ എന്നിവര്‍ പങ്കെടുത്തു.
നവരാത്രി ആശംസകള്‍ പറഞ്ഞാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം തുടങ്ങിയത്. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷം കാണാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് മോദി പറഞ്ഞു. ആര്‍എസ്എസിന്റേത് പ്രചോദനാത്മകമായ യാത്രയാണ്. രാജ്യസേവനത്തിന്റെ പ്രതീകമാണ് ആര്‍എസ്എസ്. നൂറ് കണക്കിന് പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ആര്‍എസ്എസ് സമൂഹത്തിലെ എല്ലാ ജനങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചുവെന്നും മോദി പറഞ്ഞു.
ആര്‍എസ്എസിനെ ഇല്ലാതാക്കാനുള്ള വലിയ ശ്രമങ്ങള്‍ സ്വാതന്ത്ര്യത്തിന് ശേഷം ഉണ്ടായി. ഗോള്‍വാള്‍ക്കറെ കള്ളക്കേസുകളില്‍ കുടുക്കി ആര്‍എസ്എസിനെ തകര്‍ക്കാന്‍ ശ്രമിച്ചവരോട് ഒരു പ്രതികാരവും ആര്‍എസ്എസ് കാട്ടിയില്ലെന്നും മോദി പറഞ്ഞു. സംഘത്തിന്റെ ശതാബ്ദി വര്‍ഷത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞ കാര്യകര്‍ത്താക്കള്‍ പുണ്യം ചെയ്തവരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ' നാളെ വിജയദശമിയാണ്. തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തിന്റെയും, അനീതിക്കെതിരായ നീതിയുടെ വിജയത്തിന്റെയും, അസത്യങ്ങള്‍ക്കെതിരായ സത്യത്തിന്റെ വിജയത്തിന്റെയും, ഇരുട്ടിനെതിരായ വെളിച്ചത്തിന്റെ വിജയത്തിന്റെയും പ്രതീകമായ ഒരു ഉത്സവമാണിത്.
100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മഹത്തായ ദിനത്തില്‍ ആര്‍എസ്എസ് സ്ഥാപിതമായത് വെറും യാദൃശ്ചികമല്ല'' . ആയിരക്കണക്കിന് വര്‍ഷങ്ങളായി തുടരുന്ന ഒരു പാരമ്പര്യത്തിന്റെ പുനരുത്ഥാനമായിരുന്നു അത്'', എന്ന് അദ്ദേഹം പറഞ്ഞു. കൊളോണിയല്‍ ഭരണത്തിന്‍ കീഴില്‍ ഭാരതം സ്വത്വ പ്രതിസന്ധിയെ അഭിമുഖീകരിച്ച സമയത്ത്, പൗരന്മാര്‍ക്ക് ആത്മവിശ്വാസവും ആത്മാഭിമാനവും പകരനാണ് സംഘം സ്ഥാപിതമായതെന്ന് അദ്ദേഹം അനുസ്മരിച്ചു. ത്യാഗത്തിന്റെയും സേവനത്തിന്റെയും യാത്രയാണ് സംഘത്തിന്റേത്, സാധാരണക്കാര്‍ ഒരുമിച്ച് ചേര്‍ന്ന് അസാധാരണ കാര്യങ്ങള്‍ രാജ്യത്തിനുവേണ്ടി ചെയ്തു. അച്ചടക്കം, ദേശസ്നേഹം, ധൈര്യം, സമഗ്ര വികസനം എന്നിവ രൂപപ്പെടുത്തുന്നതിന് പ്രസ്ഥാനം പ്രവര്‍ത്തിച്ചു.
'ഏക ഇന്ത്യ, ശ്രേഷ്ഠ ഇന്ത്യ' എന്ന ആശയത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സമൂഹത്തിലെ എല്ലാം വിഭാഗങ്ങളിലും ഒരു പോലെ സംഘം പ്രവര്‍ത്തിക്കുന്നു. എന്നാല്‍ അവര്‍ക്കിടയില്‍ ഒരിക്കലും വേര്‍തിരിവുകളില്ല. കാരണം സംഘം രാഷ്ട്രം ആദ്യം എന്ന തത്വത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു. പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.