'ഇത് അതിശയമുള്ള കാര്യമല്ല, ഞാന്‍ സംസാരിച്ചത് ഭാരതീയനായി, ഈ വിഷയത്തെ രാഷ്ട്രീയമായി കാണുന്നില്ല; യുക്രൈന്‍-റഷ്യ സമാധാന ദൗത്യത്തിലെ ഇന്ത്യയുടെ പങ്കാണ് പറഞ്ഞത്'; മോദി പ്രശംസയില്‍ പറഞ്ഞതില്‍ ഉറച്ചു ശശി തരൂര്‍; പുതിയ തലവേദനയില്‍ അഭിപ്രായം പറയാതെ കേരളാ നേതാക്കള്‍; ഹൈക്കമാന്‍ഡ് വിലയിരുത്തട്ടെയെന്ന് അഭിപ്രായം
'ഇത് അതിശയമുള്ള കാര്യമല്ല, ഞാന്‍ സംസാരിച്ചത് ഭാരതീയനായി,
ന്യൂഡല്‍ഹി: യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നിലപാടില്‍ ഉറച്ചു തന്നെ. ഇത് അതിശയമുള്ള കാര്യമല്ലെന്ന് തരൂര്‍ പറഞ്ഞു. ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞതെല്ലാം റെക്കോര്‍ഡഡാണ്. പാര്‍ലമെന്റില്‍ പ്രസംഗിച്ചത് ആയാലും ആ വേദിയില്‍ പറഞ്ഞതായാലും. വിഷയത്തില്‍ രേഖപ്പെടുത്തിയത് രാഷ്ട്രീയ അഭിപ്രായമല്ലെന്ന് തരൂര്‍ പറഞ്ഞു.
ഈ വിഷയത്തില്‍ താന്‍ സംസാരിച്ചത് ഭാരതീയനായാണ്, രാഷ്ട്രീയമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈന്‍, റഷ്യ രാഷ്യങ്ങളുമായി ഇന്ത്യക്ക് നല്ല ബന്ധമുണ്ട്. അതുകൊണ്ട് സമാധാന ദൗത്യത്തില്‍ റോള്‍ വഹിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് പറഞ്ഞത്. മുമ്പ് താന്‍ റഷ്യക്കെതിരായ നിലപാടാണ് സ്വീകിച്ചത്. ഇതാണ് തിരുത്തിയത്. ഇപ്പോള്‍ ഇന്ത്യയ്ക്ക് രണ്ട് രാജ്യങ്ങളുമായി ചര്‍ച്ച ചെയ്യാനുള്ള അവസരം വന്നു. ഇതാണ് പറഞ്ഞതെന്നും തരൂര്‍ വ്യക്തമാക്കി.
അതേസമയം തരൂര്‍ വിഷയത്തില്‍ കാര്യമായ പ്രതികരണം നടത്താന്‍ കേരളാ നേതാക്കള്‍ തയ്യാറായിട്ടില്ല. താന്‍ തരൂര്‍ പറഞ്ഞത് കേട്ടില്ലെന്നും പാര്‍ട്ടി അത് കേട്ട് അഭിപായം പറയട്ടെ എന്നുമാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്. സമാനമായി അഭിപ്രായമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രേഖപ്പെടുത്തിയത്. വിഷയത്തില്‍ പ്രതികരിക്കാന്‍ കെ സി വേണുഗോപാലും തയ്യാറായില്ല.
അതേസമയം തരൂരിനെ വിമര്‍ശിച്ചു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തുവന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരങ്ങള്‍ക്ക് എതിരായി ഏത് ഉന്നതന്‍ പറഞ്ഞാലും അച്ചടക്ക ലംഘനമാണ്. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ നില്‍ക്കുന്നവരെ കോണ്‍ഗ്രസില്‍ വച്ച് പൊറുപ്പിക്കില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. ബിജെപിയാണ് കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി. അവര്‍ക്ക് ശക്തിപകരുന് നിലപാടുകള്‍ സ്വീകരിക്കുന്നത് ശരിയല്ലെന്നും ഉണ്ണിത്തന്‍ പ്രതികരിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയെ അഭിനന്ദിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുമേറ്റ വിമര്‍ശനത്തിന്റെ കനല്‍ കെട്ടടങ്ങും മുന്‍പ് വീണ്ടും നരേന്ദ്രമോദിയെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് ശശി തരൂര്‍ രംഗത്തുവന്നത്. റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ നരേന്ദ്രമോദി സ്വീകരിച്ച നയം ശരിയെന്ന് പറഞ്ഞ ശശി തരൂര്‍, ഇതുമായി ബന്ധപ്പെട്ട് താന്‍ മുന്‍പ് എതിര്‍പ്പ് ഉന്നയിച്ചത് അബദ്ധമായി പോയെന്ന് ഏറ്റുപറയുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നയതന്ത്രവിദഗ്ധര്‍ പങ്കെടുക്കുന്ന, ഡല്‍ഹിയില്‍ വച്ച് നടന്ന റായ്സിന ഡയലോഗില്‍ ആണ് ശശി തരൂര്‍ മോദിയെ പുകഴ്ത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് റഷ്യ-യുക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ഘട്ടത്തില്‍ ഇന്ത്യയുടെ നിലപാടിനെ ശശി തരൂര്‍ എതിര്‍ത്തിരുന്നു. ഇത് അബദ്ധമായി പോയെന്ന് തന്റെ മുഖത്ത് ചീമുട്ട വീണെന്ന് പരിഹാസരൂപേണ പറഞ്ഞ് കൊണ്ടാണ് റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ നരേന്ദ്രമോദി സ്വീകരിച്ച നയത്തെ ശശി തരൂര്‍ അനുമോദിച്ചത്. റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ മോദി സ്വീകരിച്ച നയം കാരണം ശാശ്വത സമാധാനം കൊണ്ടുവരുന്നതില്‍ രാജ്യത്തിന് മാറ്റം വരുത്താന്‍ കഴിയുന്ന അവസ്ഥയുണ്ടായെന്നും ശശി തരൂര്‍ പറഞ്ഞു.
റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ തുടക്കകാലത്ത് ഇന്ത്യയുടെ നിലപാടിനെ തരൂര്‍ വിമര്‍ശിക്കുകയും ആക്രമണത്തെ അപലപിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇത് അബദ്ധമായി പോയെന്ന് പറഞ്ഞ് കൊണ്ടാണ് മോദിയെ വീണ്ടും അഭിനന്ദിച്ചത്. 'കാരണം 2022 ഫെബ്രുവരിയില്‍ പാര്‍ലമെന്ററി ചര്‍ച്ചയില്‍ ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിച്ച ഒരാളാണ് ഞാന്‍. യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനം നടന്നു, അതിര്‍ത്തി വ്യവസ്ഥകളില്‍ ലംഘനം നടന്നു, യുക്രൈന്‍ എന്ന രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനം നടന്നു, അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ബലപ്രയോഗം അംഗീകരിക്കാനാവില്ല എന്നതാണ് ഞങ്ങളുടെ നിലപാട് എന്നിങ്ങനെയാണ് പറഞ്ഞത്'- തിരുവനന്തപുരം എംപി പറഞ്ഞു.
'എന്നാല്‍ ഇപ്പോള്‍ അത് അബദ്ധമായി പോയെന്ന് ഞാന്‍ കരുതുന്നു. കാരണം രണ്ടാഴ്ച ഇടവേളയില്‍ യുക്രൈന്‍ പ്രസിഡന്റിനെയും റഷ്യന്‍ പ്രസിഡന്റിനെയും കെട്ടിപ്പിടിക്കാനും രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്താനും മോദിക്ക് കഴിഞ്ഞു.രണ്ടിടത്തും അംഗീകരിക്കപ്പെടാന്‍ കഴിയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടെന്ന് വ്യക്തമാണ്. ശാശ്വത സമാധാനം കൊണ്ടുവരാന്‍ കഴിയുന്ന ചുരുക്കം ചില രാജ്യങ്ങളുടെ സ്ഥാനത്തേയ്ക്ക് ഇന്ത്യ വളര്‍ന്നു'- ശശി തരൂര്‍ പറഞ്ഞു.
നേരത്തെ തരൂരിന്റെ മോദി പ്രശംസ വിവാദമായപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി പാര്‍ട്ടിക്ക് വിരുദ്ധമായി സംസാരിക്കരുതെന്ന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അത് മുഖവിലയ്ക്കെടുക്കാതെയാണ് വീണ്ടും മോദിയെ പുകഴ്ത്തി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത് എന്നാണ് കോണ്‍ഗ്രസിനുള്ളില്‍ ഉയരുന്ന വികാരം.
രാജ്യസഭയിലും ലോക്സഭയിലുമടക്കം കോണ്‍ഗ്രസ് നേതാക്കള്‍ മോദിക്കും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ വലിയ വിമര്‍ശനവുമായി മുന്നോട്ടുപോവുമ്പോള്‍ അതിനു വിരുദ്ധമായി മോദി സ്തുതി നടത്തുന്ന തരൂരിന്റെ നിലപാട് പാര്‍ട്ടിക്ക് വലിയ തലവേദനയായിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ ഒരു മുതിര്‍ന്ന നേതാവ് തന്നെ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതിലൂടെ പാര്‍ട്ടി കടുത്ത പ്രതിരോധത്തിലാവുമെന്ന് വിവിധ നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് പറയുന്നതെന്നായിരുന്നു മുന്‍ വിവാദ നിലപാടുകളില്‍ തരൂരിന്റെ വിശദീകരണം. അതേസമയം, തരൂരിന്റെ പുതിയ മോദി വാഴ്ത്തലില്‍ ഇതുവരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രതികരിച്ചിട്ടില്ല.