'ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി എന്ന് അവകാശവാദം; അവര്‍ക്ക് സ്വന്തം ദേശീയ അധ്യക്ഷനെപ്പോലും തീരുമാനിക്കാന്‍ കഴിയുന്നില്ല'; ലോക്‌സഭയില്‍ ബിജെപിയെ പരിഹസിച്ച് അഖിലേഷ് യാദവ്; 'നിങ്ങള്‍ അഞ്ച് കുടുംബാംഗങ്ങളില്‍ നിന്നാണ് ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്' ബിജെപി അങ്ങനെയല്ലെന്ന് തിരിച്ചടിച്ച് അമിത് ഷാ; വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ വാക്‌പോര്

ബിജെപിയെ പരിഹസിച്ച് അഖിലേഷ്; തിരിച്ചടിച്ച് അമിത് ഷാ

Update: 2025-04-02 11:23 GMT

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ വഖഫ് ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ വാക്‌പോരുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടിക്ക് ഇപ്പോഴും സ്വന്തം ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു ബിജെപി അധ്യക്ഷ തിരഞ്ഞെടുപ്പിനെ പരിഹസിച്ച് അഖിലേഷ് യാദവ് പരിഹസിച്ചത്.

തൊട്ടുപിന്നാലെ അഖിലേഷിനു മറുപടിയുമായി അമിത് ഷാ എത്തി. ''അഖിലേഷ് ജി ഒരു പുഞ്ചിരിയോടെയാണ് തന്റെ പരാമര്‍ശം നടത്തിയത്. അതിനാല്‍ ഞാനും അതേ രീതിയില്‍ പ്രതികരിക്കും. ഈ സഭയില്‍ നമ്മുടെ എതിര്‍വശത്തുള്ള പാര്‍ട്ടികളെല്ലാം അഞ്ച് കുടുംബാംഗങ്ങളില്‍ നിന്നാണ് ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ഒട്ടും കാലതാമസമുണ്ടാകില്ല. എന്നാല്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍, 12-13 കോടി അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു പ്രക്രിയ നടത്തേണ്ടതുണ്ട്. അതിനാല്‍ സ്വാഭാവികമായും, ഇതിന് സമയമെടുക്കും'' എന്നായിരുന്നു അമിത് ഷായുടെ മറുപടി.

2019ലാണ് ബിജെപിയുടെ വര്‍ക്കിങ് പ്രസിഡന്റായി നിലവിലെ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ചുമതലയേറ്റെടുത്തത്. 2020 ജനുവരിയോടെ അമിത് ഷായുടെ പിന്‍ഗാമിയായി പാര്‍ട്ടി അധ്യക്ഷനായി. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നഡ്ഡയുടെ കാലാവധി 2024 ജൂണ്‍ വരെ നീട്ടിയിരുന്നു. ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പുതിയ അധ്യക്ഷന്മാര്‍ ചുമതലയേറ്റിട്ടുണ്ട്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബിജെപി പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനിരിക്കെയാണ് വിഷയം ലോക്‌സഭയിലും ചര്‍ച്ചയായത്.

'ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടിയുണ്ട്. അവര്‍ക്ക് സ്വന്തം ദേശീയ അധ്യക്ഷനെപ്പോലും തീരുമാനിക്കാന്‍ കഴിയുന്നില്ല', എന്നായിരുന്നു അഖിലേഷിന്റെ പരാമര്‍ശം. ഈ പരാമര്‍ശത്തിന് പിന്നാലെ അമിത് ഷാ മറുപടി പറയാന്‍ എഴുന്നേറ്റു.

ലോക്സഭയിലെ മറ്റ് പാര്‍ട്ടികളുടെ ദേശീയ അധ്യക്ഷന്മാരെ ഒരു കുടുംബത്തില്‍നിന്നാണ് തിരഞ്ഞെടുക്കുന്നത് എന്നായിരുന്നു അമിത് ഷായുടെ മറുപടി. 'എന്റെ മുന്നിലിരിക്കുന്ന എല്ലാ പാര്‍ട്ടികളും അവരുടെ ദേശീയ അധ്യക്ഷനെ ഏതാനും കുടുംബങ്ങളില്‍നിന്നാണ് തിരഞ്ഞെടുക്കുന്നത്. ഞങ്ങള്‍ക്ക് നടപടിക്രമങ്ങളിലൂടെ 12-13 കോടി പേരില്‍നിന്നാണ് അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടത്. അതിന് കുറച്ച് സമയം എടുക്കും. നിങ്ങളുടെ കാര്യത്തില്‍ പക്ഷേ അത്രസമയം വേണ്ടിവരില്ല. അടുത്ത 25 വര്‍ഷവും നിങ്ങള്‍തന്നെ അധ്യക്ഷനായി തുടരുമെന്നാണ് എനിക്ക് പറയാനുള്ളത്', എന്നായിരുന്നു ഷായുടെ മറുപടി.

ബില്ലിനെതിരെ രൂക്ഷവിമര്‍ശനമാണ് അഖിലേഷ് യാദവ് ഉയര്‍ത്തിയത്. ഭരണപരാജയം മറച്ചുവെക്കാനാണ് ഓരോ തവണയും ബിജെപി പുതിയ ബില്ലുമായി വരുന്നതെന്ന് അഖിലേഷ് കുറ്റപ്പെടുത്തി. ആര്‍ക്കുവേണ്ടിയാണ് ബില്‍ അവതരിപ്പിക്കുന്നത്, അവരുടെ വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കാത്തതിനേക്കാള്‍ വലിയ അനീതി വേറെയില്ല. വഖഫ് ഭൂമികള്‍ ഏറ്റെടുത്ത് വില്‍ക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് ബില്ലെന്നും അഖിലേഷ് ആരോപിച്ചു.

രാഷ്ട്രീയം തനിക്ക് മുഴുവന്‍ സമയജോലിയല്ലെന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും അഖിലേഷ് പരിഹസിച്ചു. ഞങ്ങളുടെ മുഖ്യമന്ത്രി പറയുന്നത്, രാഷ്ട്രീയം അദ്ദേഹത്തിന് പാര്‍ട്ട് ടൈം ജോലിയാണെന്നാണ്. കേന്ദ്രനേതൃത്വമെന്താണ് അത്തരം പാര്‍ട്ട് ടൈം ജോലിക്കാരെ സ്ഥാനത്തുനിന്ന് മാറ്റാത്തത്. രാഷ്ട്രീയത്തെ പാര്‍ട്ട് ടൈം ജോലിയായി കണക്കാക്കുന്നവര്‍ ഈ പണിക്കിറങ്ങരുത്. ശരിയായ രാഷ്ട്രീയം സേവനമാണ്. അവര്‍ക്ക് 24 മണിക്കൂറും ഒരു ജീവിതകാലം മുഴുവനും തികയാതെവരുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയം തനിക്ക് മുഴുവന്‍ സമയ ജോലിയല്ലെന്നും ആത്യന്തികമായി താന്‍ ഒരു സന്യാസിയാണെന്നും കഴിഞ്ഞ ദിവസം ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

Tags:    

Similar News